അമിതവണ്ണം പല തരത്തിലുള്ള അസുഖങ്ങളിലേക്കും ആരോഗ്യപ്രശ്‌നങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കും. അതിനാല്‍ത്തന്നെ പലരും ഡയറ്റില്‍ കഴിയാവുന്ന ശ്രദ്ധ ചെലുത്താറുണ്ട്. പ്രധാനമായും വണ്ണത്തിലേക്ക് നയിക്കുന്നത് കാര്‍ബോഹൈഡ്രേറ്റാണ് എന്ന ധാരണയില്‍ പരമാവധി കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കുകയാണ് ഡയറ്റിന്റെ ഭാഗമായി മിക്കവരും ആദ്യം ചെയ്യുന്നത്. 

എന്നാല്‍ വണ്ണം വയ്ക്കാതിരിക്കാന്‍ കാര്‍ബോഹൈഡ്രേറ്റ് പൂര്‍ണ്ണമായി ഒരിക്കലും ഒഴിവാക്കരുതെന്നാണ് സെലിബ്രിറ്റി ഫിറ്റ്‌നസ് പരിശീലകയായ കെയ്‌ല ഇസ്റ്റിന്‍സ് പറയുന്നത്. അത്തരത്തില്‍ ഭക്ഷണത്തില്‍ നിന്ന് 'കാര്‍ബ്‌സ്' പൂര്‍ണ്ണമായി ഒഴിവാക്കുന്നത് മറ്റ് പല പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്നാണ് കെയ്‌ല ചൂണ്ടിക്കാട്ടുന്നത്. 

ഇതിന് സ്വന്തം അനുഭവം തന്നെയാണ് കെയ്‌ല ഉദാഹരണമായി വിശദീകരിക്കുന്നത്. 'കാര്‍ബ്‌സ്' ഒഴിവാക്കിക്കൊണ്ടുള്ള ഡയറ്റിലായപ്പോള്‍ മധുരത്തിനേടും ജങ്ക് ഫുഡിനോടും അമിതമായ ആകര്‍ഷണം തോന്നിയെന്നും, വലിയ തോതില്‍ 'മൂഡ് സ്വിംഗ്‌സ്' അനുഭവപ്പെട്ടുവെന്നും അതോടെ ആ ഡയറ്റ് ഉപേക്ഷിക്കുകയായിരുന്നുവെന്നും കെയ്‌ല പറയുന്നു. 

ഭക്ഷണരീതി നമ്മുടെ സംസ്‌കാരത്തിന്റേയും ജീവിതരീതികളുടേയും കൂടി ഭാഗമാണ്. ചോറും റൊട്ടിയുമെല്ലാം കഴിക്കുന്നത് ഇത്തരത്തിലൊരു ശീലമാണ്. അത് പരിചയിച്ച് വന്നവരെ സംബന്ധിച്ച് മിതമായ അളവില്‍ 'കാര്‍ബ്‌സ്' കഴിക്കുന്നത് കൊണ്ട് അമിതവണ്ണം വരുമെന്ന് പേടിക്കരുതെന്നും കെയ്‌ല പറയുന്നു. 

മറിച്ച് 'സ്റ്റാര്‍ച്ച്' നല്ല തോതിലടങ്ങിയ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ മിതമായി അളവില്‍ കഴിക്കുകയാണ് വേണ്ടതെന്നും അതോടൊപ്പം തന്നെ പ്രോട്ടീനുള്‍പ്പെടെയുള്ള ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഡയറ്റ് 'ബാലന്‍സ്' ചെയ്യണമെന്നും കെയ്‌ല പറയുന്നു.

Also Read:- ലോക്ഡൗണ്‍ 'അണ്‍ഹെല്‍ത്തി' അവസ്ഥയിലേക്ക് നമ്മെ നയിക്കുമോ?...