'എപ്പോഴും ക്ഷീണവും മടിയും തന്നെ, ഒന്നും ചെയ്യാന്‍ ഒരുത്സാഹമില്ല' എന്നെല്ലാം ചിലര്‍ പരാതിപ്പെടുന്നത് കേട്ടിട്ടില്ലേ. ഇത്തരത്തില്‍ ക്ഷീണവും മയക്കവും മടിയുമെല്ലാം അനുഭവപ്പെടുന്നത് പലപ്പോഴും ശാരീരികമായ ചില പ്രശ്‌നങ്ങളുടെ ഭാഗമായോ അതല്ലെങ്കില്‍ ഏതെങ്കിലും അസുഖങ്ങളുടെ ഭാഗമായോ ആകാം. എന്നാല്‍ ഇങ്ങനെയുള്ള തോന്നലുകളെ സാധാരണഗതിയില്‍ നമ്മള്‍ അവഗണിക്കാറാണ് പതിവ്. ഈ അശ്രദ്ധകള്‍ക്ക് പിന്നീട് വലിയ വില കൊടുക്കേണ്ടിയും വന്നേക്കാം. 

ആദ്യം സൂചിപ്പിച്ചത് പോലെ പല സാഹചര്യങ്ങളില്‍ ക്ഷീണവും ഊര്‍ജ്ജമില്ലായ്മയും തോന്നാം. എന്നാല്‍ വളരെ പൊതുവായി ഇതിന് കാണപ്പെടുന്ന ഒരു കാരണം വിളര്‍ച്ച അഥവാ അനീമിയ ആണ്. രക്തത്തില്‍ അയേണ്‍ കുറയുന്ന അവസ്ഥയാണിത്. നമ്മള്‍ നിസാരമായി കണക്കാക്കുന്നത് പോലെ അത്ര ചെറിയ ഒരു പ്രശ്‌നമല്ല ഇത്. പല ശാരീരിക- മാനസിക പ്രയാസങ്ങളിലേക്കും ഇത് നമ്മെ കൊണ്ടെത്തിക്കും. അനീമിയ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ് എന്ന് വെറുതെ ഒന്ന് അന്വേഷിച്ചുനോക്കിയാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. 

Also Read:- എല്ലുകളുടെ ബലം കൂട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം...

അങ്ങനെയെങ്കില്‍ ഈ പ്രശ്‌നത്തെ എങ്ങനെയാണ് പരിഹരിക്കേണ്ടത്? തീര്‍ച്ചയായും അയേണ്‍ കൂടുതലായി ലഭിക്കുന്ന ആഹാരം കഴിക്കുക എന്നത് തന്നെയാണ് ഇതിനെ ചെറുക്കാന്‍ ചെയ്യാവുന്ന പ്രധാന പരിഹാരം. അതിന് സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങളുടെ പട്ടിക ലോകാരോഗ്യ സംഘടന തയ്യാറാക്കിയത് നോക്കാം. 

 

 

ഒന്ന്...

അയേണ്‍ വളരെ എളുപ്പത്തില്‍ കിട്ടാവുന്നത് ഒന്നാമതായി മത്സ്യ-മാംസാഹാരത്തിലൂടെയാണ്. 

 

 

ചിക്കനും സാല്‍മണ്‍- ട്യൂണ പോലുള്ള മത്സ്യങ്ങളുമാണ് ഇതില്‍ പ്രധാനം.

രണ്ട്...

നിത്യേനയെന്നവണ്ണം നമ്മള്‍ കഴിക്കുന്ന ഒന്നാണ് ഈ പട്ടികയിലെ രണ്ടാമന്‍. മറ്റൊന്നുമല്ല മുട്ട. അയേണ്‍ മാത്രമല്ല, ധാരാളം വിറ്റാമിനുകളും പോഷകങ്ങളുമെല്ലാം മുട്ടയിലടങ്ങിയിട്ടുണ്ട്. 

മൂന്ന്...

മൂന്നാമതായി ഈ പട്ടികയില്‍ വരുന്നത് പയറുകളാണ്. ബീന്‍സ്, പരിപ്പ്, ഗ്രീന്‍പീസ് എന്നിവയെല്ലാം ഇതിലുള്‍പ്പെടും. പച്ചക്കറി മാത്രം കഴിക്കുന്നവര്‍ക്ക് അയേണിന് വേണ്ടിയും മറ്റ് പോഷകങ്ങള്‍ക്ക് വേണ്ടിയും പ്രധാനമായും ആശ്രയിക്കാവുന്നത് പയറുവര്‍ഗങ്ങളെത്തന്നെയാണ്. 

നാല്...

ഇലക്കറികളാണ് ഇനി ഇതിലുള്‍പ്പെടുന്ന മറ്റൊന്ന്. ചീര, ബ്രൊക്കോളി എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. 

അഞ്ച്...

നട്ട്‌സുകളും സീഡുകളുമാണ് അയേണിന് വേണ്ടി ആശ്രയിക്കാവുന്ന മറ്റൊരു വിഭാഗം. ദിവസവും എന്തെങ്കിലും നട്ട്‌സുകളോ സീഡുകളോ കഴിക്കുന്നത് വിളര്‍ച്ചയെ അകറ്റിനിര്‍ത്താന്‍ ഉപകരിക്കും. 

 

 

ഇതിനെല്ലാം പുറമെ 'സിട്രസ് ഫ്രൂട്ട്‌സ്' എന്നറിയപ്പെടുന്ന ഓറഞ്ച്, ചെറുനാരങ്ങ, മുന്തിരി, കിവി തുടങ്ങിയ പഴങ്ങളെല്ലാം കഴിക്കുന്നത് വിളര്‍ച്ചയെ ചെറുക്കാന്‍ സഹായിക്കും. ഇവയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി ഭക്ഷണങ്ങളില്‍ നിന്ന് അയേണിനെ വേര്‍തിരിച്ചെടുക്കാന്‍ ശരീരത്തെ സഹായിക്കും. 

Also Read:- ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട 5 പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ...

ഇന്ത്യയില്‍ സ്ത്രീകളിലും കുട്ടികളിലും വളരെ സാധാരണയായി കണ്ടുവരുന്ന അസുഖമാണ് വിളര്‍ച്ച. ആഗോളതലത്തിലും ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് വിളര്‍ച്ച. വിളര്‍ച്ച പരിഹരിച്ചെങ്കില്‍ മാത്രമേ ലോകത്തിന്റെ ആകെ ആരോഗ്യഘടന തന്നെ മാറ്റിയെഴുതാനാകൂ എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ വിളര്‍ച്ചയ്‌ക്കെതിരെ പോരാടാന്‍ ആളുകളെ ബോധവത്കരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് ലോകാരോഗ്യ സംഘടന.