മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്ന എത്രയോ പേര്‍ നമുക്കിടയിലുണ്ട്. ഓഫീസ് ജോലികളെല്ലാം തന്നെ ഇതേ സ്വഭാവത്തില്‍ വരുന്നതാണ്. ശാരീരികാധ്വാനം കുറഞ്ഞ ജോലിയായതിനാല്‍ ഓഫീസ് ജോലി പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. എന്നാല്‍ കായികമായ പങ്കാളിത്തം ഇല്ല എന്നതുകൊണ്ട് വലിയ വെല്ലുവിളികളാണ് ഇത്തരം ജോലികളിലേര്‍പ്പെടുന്നവര്‍ നേരിടുന്നത്. അത്തരത്തില്‍ ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ നേരിടുന്ന അഞ്ച് പ്രശ്‌നങ്ങളെ കുറിച്ച്...

ഒന്ന്...

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരെ പ്രത്യക്ഷമായി തന്നെ ബാധിക്കുന്ന ഒരു പ്രശ്‌നം ശരീരഭാരത്തില്‍ ഉണ്ടാകുന്ന വര്‍ധനവാണ്. ഒരുപാട് നേരം ഇരിക്കുമ്പോള്‍ അധികം കലോറികളെ എരിച്ചുകളയാന്‍ നമുക്കാകില്ല. ഭക്ഷണത്തിലൂടെ കലോറി നിയന്ത്രിക്കുക കൂടി ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും വളരെ എളുപ്പത്തില്‍ അനാരോഗ്യകരമായ തരത്തില്‍ വണ്ണം വയ്ക്കാന്‍ ഈ പതിവ് ഇടയാക്കും. ഇത്തരത്തിലുണ്ടാകുന്ന വണ്ണം, പല അസുഖങ്ങളിലേക്കും ക്രമേണ നയിക്കുമെന്നതാണ് ഇതിലെ മറ്റൊരു വെല്ലുവിളി.

രണ്ട്...

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നത് കാലുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കേട്ടിട്ടുണ്ടോ? ഇതിലെ യാഥാര്‍ത്ഥ്യമെന്തെന്ന് അന്വേഷിച്ചിട്ടുണ്ടോ? സത്യത്തില്‍ ഇത് വലിയ പ്രശ്‌നം തന്നെയാണ്.

 

 

അധികനക്കമില്ലാതെ ഏറെ നേരം കാലുകള്‍ വയ്ക്കുന്നതോടെ കാലിലെ പേശികളുടെ ആരോഗ്യത്തെ ഇത് മോശമായി ബാധിക്കുന്നു. അതുപോലെ ഇങ്ങനെയുള്ള ജോലി ചെയ്യുന്നവരില്‍ 'വെരിക്കോസ് വെയിന്‍' വരാനുള്ള സാധ്യതയും കൂടുതലാണ്. 

മൂന്ന്...

ശരീരത്തെ മാത്രമല്ല ഈ രീതി മോശമായി ബാധിക്കുന്നത്. മാനസികാരോഗ്യത്തേയും ഇത് തകര്‍ക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ കുറയുന്നതോടെ മനസിന്റെ ഉന്മേഷവും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. ഇത് വിഷാദം, ഉത്കണ്ഠ എന്നിവയിലേക്കെല്ലാം നയിച്ചേക്കാം. 

നാല്...

ദീര്‍ഘനേരം ഇരിക്കുന്നത് മൂലം നട്ടെല്ലിനും കഴുത്തിനുമെല്ലാം അമിതമായ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നുണ്ട്. ഏറെക്കാലം ഇങ്ങനെ മുന്നോട്ടുപോകുന്നത് ഡിസ്‌ക- സ്‌പൈന്‍ സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.

 

 

അസഹനീയമായ നടുവേദന, കഴുത്തുവേദന എന്നിവയെല്ലാം ഇതിന്റെ ലക്ഷണമാകാം. 

അഞ്ച്...

മണിക്കൂറുകള്‍ ഒരേ ഇരിപ്പ് ഇരിക്കുന്നത് ആകെ ആരോഗ്യത്തെ ദോഷകരമായേ ബാധിക്കൂവെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. പല തരത്തിലുള്ള അസുഖങ്ങള്‍ എളുപ്പത്തില്‍ പിടിപെടാന്‍ തക്കവണ്ണം ശരീരം ദുര്‍ബലമാകുന്ന അവസ്ഥ ഇതുമൂലമുണ്ടാകുന്നു. അതിനാല്‍ ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുകയോ, വ്യായാമം പതിവാക്കുകയോ, ഡയറ്റില്‍ ശ്രദ്ധ പുലര്‍ത്തുകയോ ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Also Read:- ദീർഘനേരം ഇരുന്ന് ജോലി ചെയ്താൽ ഈ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാം...