മൃദുലവും തിളങ്ങുന്നതും ആരോഗ്യമുള്ളതുമായ ചര്‍മ്മം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. അടുക്കളയിൽ കണ്ടുവരുന്നതും നാം ദിവസവും ഭക്ഷണത്തിൽ ഉപയോ​ഗിക്കുന്നതുമായ സുഗന്ധവ്യഞ്ജനങ്ങൾ പലതും നമ്മുടെ പ്രായാധിക്യ ലക്ഷണങ്ങളെ കുറയ്ക്കുന്നതിനായി സഹായിക്കുന്നു. ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധ നൽകിയാൽ സുന്ദരമായ ചർമ്മം സ്വന്തമാക്കാം. തിളക്കമുള്ള ചർമ്മത്തിനായി താഴേ പറയുന്ന ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കുന്നത് ശീലമാക്കൂ...

1. തക്കാളി...

വിറ്റാമിന്‍ സി, കെ തുടങ്ങിയവ തക്കാളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.  പല ചര്‍മ്മപ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരമാണ് തക്കാളി. തക്കാളി സൂപ്പായോ അല്ലാതെയോ കഴിക്കുന്നത് ചർമ്മത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും ഏറെ ​ഗുണം ചെയ്യും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തക്കാളി നീര് മുഖത്ത് പുരട്ടുന്നത് മുഖത്തെ കരുവാളിപ്പ് മാറാനും ചുളിവുകൾ അകറ്റാനും സഹായിക്കുന്നു.

 

 

2. ബീറ്റ് റൂട്ട്...

 ആന്റിഓക്‌സിഡന്റുകളായ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവ ബീറ്റ് റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തം ശുദ്ധീകരിക്കാൻ സഹായിക്കും. ബീറ്റ്‌റൂട്ട് നീര് ചുണ്ടില്‍ തേയ്‌ക്കുന്നത് ചുണ്ടിന്റെ ചുവപ്പ് നിറം വര്‍ദ്ധിപ്പിക്കും.

3. മുട്ടയുടെ വെള്ള...

മുട്ടയുടെ വെള്ളയിൽ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ഈർപ്പം നൽകുന്നു. മുട്ടയുടെ വെള്ളയിൽ സുഷിരങ്ങൾ ശക്തമാക്കുന്നതിനും അമിതമായ എണ്ണമയം നീക്കം ചെയ്യുന്നതിനും സഹായിക്കുന്ന പ്രോട്ടീനായ 'ആൽബുമിൻ' (Albumin ) മുട്ടയുടെ വെള്ളയിൽ അടങ്ങിയിട്ടുണ്ട്. 

 

 

​4. ഗ്രീൻ ടീ...

ആന്റി ഓക്സിഡന്റായ 'കാറ്റെച്ചിൻസ്' (catechins) ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ​ഗ്രീൻ ടീ കുടിക്കുന്നത് കേടായ ഡി‌എൻ‌എ വേഗത്തിൽ നന്നാക്കുന്നതിലൂടെ ചർമ്മ കാൻസറിനെ തടയാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ട‌ുണ്ട്. 

5. കാരറ്റ് ...

ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകുന്നത് തടയാന്‍ കാരറ്റിന് സാധിക്കും. കാരറ്റിലടങ്ങിയ വിറ്റാമിന്‍ ഇ,സി,കരോടോള്‍ എന്നിവ സൂര്യപ്രകാശത്തിന്റെ ദോഷങ്ങളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. 

ഈ രണ്ട് ഫേസ് പാക്കുകൾ ഉപയോ​ഗിച്ച് 'ബ്ലാക്ക്ഹെഡ്സ്' ഈസിയായി അകറ്റാം