മാതൃകാപരമായി ഉച്ചയ്ക്ക് നിങ്ങള്‍ക്കെല്ലാം ചെയ്യാവുന്ന കാര്യങ്ങള്‍ അറിയാം. സന്തോഷവും ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവുമെല്ലാം കൂടുതലുള്ള ആളുകളുടെ രാജ്യങ്ങളിലെ പതിവുകള്‍- അല്ലെങ്കില്‍ ശീലങ്ങളാണിത്.

ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കണമെന്നായിരിക്കും ഏവരുമാഗ്രഹിക്കുക. ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ നേരിടുന്നപക്ഷമാണ് ഇനിയും അധികകാലം ജീവിക്കാൻ വയ്യെന്ന പരിതാപം പലരും പറയുന്നത്. പക്ഷേ ആരോഗ്യത്തോടെയിരിക്കാൻ നിത്യജീവിതത്തില്‍ പല കാര്യങ്ങളും നാം ശ്രദ്ധിക്കേണ്ടതായി വരും. 

ഇത്തരത്തില്‍ ഒരു ദിവസത്തില്‍, പ്രത്യേകിച്ച് ഉച്ചയ്ക്ക് ശേഷം നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവുമധികം ആയുര്‍ദൈര്‍ഘ്യമുള്ള ജനതകളുള്ള രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി അമേരിക്കയിലെ കാംബെല്‍ യൂണിവേഴ്സ്റ്റിയില്‍ നിന്നുള്ള ഗവേഷൻ റോബര്‍ട്ട് അഗ്നെല്ലോ ആണ് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനും സഹായകമായ ഇക്കാര്യങ്ങള്‍ പങ്കിട്ടിരിക്കുന്നത്. 

പ്രഭാതങ്ങളിലോ അല്ലെങ്കില്‍ രാത്രികളിലോ നമ്മള്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം, എങ്ങനെ ആയിരിക്കണം നമ്മുടെ ശീലങ്ങള്‍ എന്നിവയെല്ലാം ധാരാളം ചര്‍ച്ച ചെയ്യപ്പെട്ട് കണ്ടിട്ടുള്ള കാര്യങ്ങളാണ്. അതേസമയം ദിവസത്തിലെ ആദ്യ പകുതിക്ക് ശേഷം, എന്നുവച്ചാല്‍ ഉച്ച കടന്ന്- വൈകുന്നേരത്തിന് മുമ്പുള്ള സമയത്തെ കുറിച്ച് അധികമാരും അങ്ങനെ സംസാരിച്ച് കേള്‍ക്കാറില്ല.

ജോലിയുള്ളവരെ സംബന്ധിച്ച് ഉച്ച കഴിയുന്ന സമയത്തും അവര്‍ ജോലിസ്ഥലങ്ങളില്‍ തന്നെയായിരിക്കും. വീട്ടില്‍ തുടരുന്നവരാണെങ്കില്‍ അധികപേരും ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ ഒന്ന് മയങ്ങാറാണ് പതിവ്. 

എന്തായാലും മാതൃകാപരമായി ഉച്ചയ്ക്ക് നിങ്ങള്‍ക്കെല്ലാം ചെയ്യാവുന്ന കാര്യങ്ങള്‍ അറിയാം. സന്തോഷവും ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവുമെല്ലാം കൂടുതലുള്ള ആളുകളുടെ രാജ്യങ്ങളിലെ പതിവുകള്‍- അല്ലെങ്കില്‍ ശീലങ്ങളാണിത്.

ലക്ഷ്യം...

ഉത്പാദനക്ഷമതയ്ക്ക് പകരം എന്തിനാണ് നാം ജോലികള്‍ ചെയ്യുന്നത് എന്ന ലക്ഷ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് തുടരുക. ദിവസം മുഴുവൻ ഇങ്ങനെയാണ് തുടരുക. ഇതുതന്നെ മധ്യാഹ്നത്തിന് ശേഷവും തുടരുന്നു. ജീവിതത്തിന് അര്‍ത്ഥമുണ്ടായിരിക്കണമെന്ന ദര്‍ശനമാണ് ഈ ചിന്തയ്ക്ക് പിന്നിലുള്ളത്. 

ദിവസത്തില്‍ ഓരോ കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കി, അതില്‍ തന്നെ വല്ലാതെ ചിന്തകളും പ്രവര്‍ത്തികളും കേന്ദ്രീകരിക്കുമ്പോള്‍ സ്ട്രെസ്, തളര്‍ച്ച, വിരക്തി എന്നിവയ്ക്കെല്ലാം സാധ്യത കൂടുതലാണ്. എന്നാല്‍ ആകെയൊരു ദിവസത്തിന്‍റെ ഫലം എന്താണെന്ന ചിന്ത മാത്രം നമ്മെ നയിക്കുന്നത് കൂടുതല്‍ സംതൃപ്തിയും സന്തോഷവും നല്‍കുന്നു. 

ഭക്ഷണം...

ഉച്ചഭക്ഷണം കഴിക്കുന്ന സമയത്തെ ആസ്വദിക്കണമെന്നതാണ് ഇവരുടെ നയം. മറ്റുള്ളവര്‍ക്കൊപ്പം അല്‍പം സമയമെടുത്ത്, സംസാരിച്ചും സന്തോഷത്തോടെയും കഴിക്കുക. ജോലിസ്ഥലത്താണെങ്കില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ കഴിക്കാം. ഇതെല്ലാം നമ്മുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.

നടത്തം...

ഉച്ചയ്ക്ക് ഭക്ഷണശേഷം നേരെ പോയി ഒരിടത്ത് ഇരിക്കുകയോ കിടക്കുകയോ ചെയ്യാതെ അല്‍പസമയം ഒന്ന് നടക്കാം. വളരെ വേഗതയിലോ സമ്മര്‍ദ്ദത്തിലോ ഒന്നുമല്ല ഇത് ചെയ്യേണ്ടത്. ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള രാജ്യങ്ങളിലുള്ളവര്‍ ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നത് പതിവല്ലത്രേ. പകരം നടത്തം പോലുള്ള നിത്യജീവിതത്തിന്‍റെ ഭാഗമായിത്തന്നെ വരുന്ന കായികാധ്വാനങ്ങളിലാണ് അധികവും ഏര്‍പ്പെടുന്നത്.

സോഷ്യല്‍ ആകാം...

തന്നിലേക്ക് തന്നെ ഉള്‍വലിഞ്ഞിരിക്കുന്ന സ്വഭാവം വ്യക്തികള്‍ക്ക് സ്വയം മെച്ചപ്പെടുന്നതിനുള്ള അവസരം നഷ്ടപ്പെടുത്താം. അതിനാല്‍ ദിവസത്തില്‍ അല്‍പസമയമെങ്കിലും മറ്റുള്ളവരുമായി സംസാരിക്കാനും ഇടപഴകാനും ചെലവിടുക. ഇതിന് അനുയോജ്യമായ സംയമ ഉച്ചയ്ക്ക് ശേഷമുള്ളതാണെന്നാണ് വിലയിരുത്തല്‍. 

മയക്കം...

അല്‍പസമയം മയങ്ങാനും മാറ്റിവയ്ക്കാം. ഇത് നമ്മുടെ ഉന്മേഷം കുറെക്കൂടി കൂട്ടാനേ ഉപകരിക്കൂ. തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ വേഗതയിലാകാനും ഉത്പാദനക്ഷമത കൂടുന്നതിനുമെല്ലാം ഈ മയക്കം സഹായിക്കുമെന്ന് പല പഠനങ്ങളും അടിവരയിട്ട് പറയുന്നു. 

Also Read:- മഴയുള്ളപ്പോള്‍ ഇലക്കറികള്‍ കഴിക്കാൻ പാടില്ലേ? ചീരയും മുരിങ്ങയുമൊക്കെ ഒഴിവാക്കണോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Kerala State Film Award 2023 | കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് |Asianet News Live |Kerala Live TV News