അഞ്ച് മണിക്കൂറിൽ കൂടുതൽ നേരം സ്മാർട്ട്‌ഫോൺ ഉപയോ​ഗിക്കുന്നത് പൊണ്ണത്തടിയ്ക്ക് കാരണമായേക്കാമെന്ന് പഠനം. കൊളംബിയയിലെ സൈമൺ ബൊളിവർ യൂണിവേഴ്സിറ്റിയിലെ ​​ഗവേഷകനായ മിറാരി മാന്റില്ല മോറോണിന്റെ നേത്യത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

സ്മാർട്ട്‌ഫോണിന്റെ അമിത ഉപയോ​ഗം പൊണ്ണത്തടി മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങളും മറ്റ് ജീവിതശെെലി രോ​ഗങ്ങൾക്കും കാരണമാകാമെന്നും ​ഗവേഷകൻ മിറാരി മാന്റില്ല പറയുന്നു. 1,060 വിദ്യാർത്ഥികളിൽ (700 പെൺകുട്ടികളും 360 ആൺകുട്ടികളും) പഠനം നടത്തുകയായിരുന്നു. അഞ്ചുമണിക്കൂറിൽ കൂടുതൽ നേരം സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരിൽ അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ 43 ശതമാനം കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി.

മധുര പാനീങ്ങൾ, ഫാസ്റ്റ് ഫുഡ്, എണ്ണ പലഹാരങ്ങൾ തുടങ്ങിയവ അമിതമായി കഴിക്കുമ്പോൾ വ്യായാമം ചെയ്യാനുള്ള താൽപര്യം കുറയുന്നതായാണ് കണ്ട് വരുന്നതെന്ന് മിറാരി പറയുന്നു. പഠനത്തിൽ 26 ശതമാനം വിദ്യാർത്ഥികളാണ് അമിതവണ്ണമുള്ളവരായി കണ്ടെത്താനായത്. 4.6 ശതമാനം വിദ്യാർത്ഥികൾ അഞ്ച് മണിക്കൂറിലധികം നേരം സ്മാർട്ട്ഫോൺ ഉപയോ​ഗിച്ച് വരുന്നതായി കണ്ടെത്തനായെന്നും ​ഗവേഷകൻ മിറാരി പറഞ്ഞു.

സ്മാർട്ട്‌ഫോണിന്റെ അമിത ഉപയോ​ഗം പ്രമേഹം, ഹൃദ്രോഗം, അകാല മരണം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും പഠനത്തിൽ പറയുന്നു. സ്മാർട്ട് ഫോൺ ഒരു ആവശ്യമായി മാറിയിരിക്കുന്നു. എന്നാൽ ഇത് വളരെക്കാലം ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യകരമായ ജീവിതത്തെ അപകടത്തിലാക്കാമെന്നാണ് നോയിഡയിലെ ജയ്പി ഹോസ്പിറ്റലിലെ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിയിലെ ഡോ. രാജേഷ് കപൂർ പറയുന്നത്.