കൊവിഡ് കാലമായതോടെ മിക്കവരും വീട്ടിലിരുന്ന് തന്നെയാണ് ജോലി. സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കുമെല്ലാം ഇതുതന്നെയാണ് മാതൃകാപരമായ രീതിയെങ്കില്‍ കൂടിയും ചില ദോഷവശങ്ങള്‍ 'വര്‍ക്ക് ഫ്രം ഹോം' രീതിക്കുണ്ട്. 

അവയില്‍ പ്രധാനപ്പെട്ട അഞ്ച് പ്രശ്‌നങ്ങളെ കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്. 

ഒന്ന്...

ജോലി വീട്ടില്‍ തന്നെ ആയതിനാല്‍ മിക്കവരും മടി പിടിച്ചുള്ള ജീവിതരീതികളിലേക്ക് കടന്നിട്ടുണ്ട്. പുറത്തുപോകേണ്ടതില്ലാത്തതിനാല്‍ ശരീരത്തിന് ഒട്ടും പ്രവര്‍ത്തിക്കേണ്ട സാഹചര്യവും വരുന്നില്ല. ഇത് തീര്‍ത്തും അനാരോഗ്യകരമായ പ്രവണതയാണ്. ദഹനപ്രശ്‌നം, അമിതവണ്ണം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ക്കൊപ്പം തന്നെ വിഷാദം പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കും ഈ രീതി വഴിയൊരുക്കും.

അതിനാല്‍ 'വര്‍ക്ക് ഫ്രം ഹോം' കാലത്ത് വ്യായാമം പതിവാക്കുക. വളരെ ലഘുവായ വ്യായാമമുറകള്‍ തന്നെ മതിയാകും ഇതിന്. അതല്ലെങ്കില്‍ എന്നും അല്‍പദൂരം നടക്കുകയെങ്കിലും ചെയ്യാം. 

രണ്ട്...

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ഓഫീസ് ചെയര്‍- ടേബിള്‍ എന്നിവ കൂടിയില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ് ഇരിപ്പിന്റെ രീതി. ശരിയായ തരത്തില്‍ ഇരുന്നില്ലെങ്കില്‍ അത് നടുവേദന, കഴുത്തുവേദന എന്നിവയ്ക്ക് കാരണമാകും. അതുപോലെ തന്നെ ദഹനപ്രശ്‌നങ്ങള്‍ക്കും, ഇടയ്ക്കിടെ തലവേദന വരുന്നതിനും ഇടയാക്കും. 

 

 

ഒന്നിച്ച് മണിക്കൂറുകളോളം ഇരിക്കാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. ഇടവേളകളെടുത്ത് ഒന്ന് നടക്കുകയോ, പടികള്‍ കയറിയിറങ്ങുകയോ ചെയ്യാം. ഇരിക്കുമ്പോള്‍ കുനിഞ്ഞോ, വളഞ്ഞോ ഇരിക്കാതിരിക്കുക. 

മൂന്ന്...

വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുമ്പോള്‍ മിക്കവര്‍ക്കും വളരെ എളുപ്പത്തില്‍ വിരസത തോന്നാം. ഇതിനെ മറികടക്കാന്‍ പലരും ഭക്ഷണത്തെയാണ് ആശ്രയിക്കുന്നത്. എപ്പോഴും എന്തെങ്കിലും 'സ്‌നാക്‌സ്' കഴിച്ചുകൊണ്ടേയിരിക്കും. ഇത് അത്ര ആരോഗ്യകരമായ ശീലമല്ലെന്ന് മനസിലാക്കുക. 

ശരീരം വേണ്ടത് പോലെ പ്രവര്‍ത്തിക്കുക കൂടി ചെയ്യാത്ത സാഹചര്യത്തില്‍ ധാരാളം ഭക്ഷണം അകത്തുചെല്ലുന്നത് നന്നല്ല. ഇടവിട്ട് അല്‍പാല്‍പമായി ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതാണ് 'വര്‍ക്ക് ഫ്രം ഹോം' കാലത്തിന് അനുയോജ്യം. 

നാല്...

ജോലി വീട്ടില്‍ തന്നെ ആയതോടെ മിക്കവരുടെയും ജീവിതരീതികളില്‍ മാറ്റം വന്നിട്ടുണ്ടെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ, ഇതില്‍ പ്രധാനമാണ് ഉറക്കം. പലരും ഉറക്കത്തിന്റെ സമയം മാറിമറിഞ്ഞതിനെ കുറിച്ച് പരാതിപ്പെടുന്നത് കാണാം. തീര്‍ച്ചയായും ഉറക്കത്തെ ക്രമീകരിച്ചേ പറ്റൂ. 

 

 

ഇല്ലെങ്കില്‍ ഒരുപക്ഷേ, ഇതിന്റെ പരിണിതഫലങ്ങള്‍ ഉടനെ അറിയാനാകില്ല. ഭാവിയില്‍ അത് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്‌തേക്കാം. 

അഞ്ച്...

മുഴുവന്‍ സമയവും വീട്ടില്‍ തന്നെയാകുമ്പോള്‍ നമ്മള്‍ അധികം ആളുകളെ കാണുന്നില്ല. സുഹൃത്തുക്കളേയോ പ്രിയപ്പെട്ടവരേയോ കാണുകയോ അവരോടൊപ്പം സമയം ചിലവിടുകയോ ചെയ്യുന്നില്ല. ഇത് ക്രമേണ മാനസിക സമ്മര്‍ദ്ദത്തിലേക്ക് നിങ്ങളെയെത്തിച്ചേക്കും.

അതിനാല്‍ ഒഴിവുസമയങ്ങളില്‍ ഇഷ്ടമുള്ളവരെയെല്ലാം ഓണ്‍ലൈനായി ബന്ധപ്പെടാന്‍ ശ്രമിക്കണം. ഫോണ്‍ ചെയ്ത് സംസാരിക്കാം, വീഡിയോ കോള്‍ ചെയ്യാം, മെയിലിലൂടെയോ ചാറ്റിലൂടെയോ ബന്ധപ്പെടാം. എപ്പോഴും പ്രിയപ്പെട്ടവരുമായി 'ടച്ച്' സൂക്ഷിക്കുക.

Also Read:- കഴുത്തുവേദന മുതല്‍ നടുവേദന വരെ; വർക്ക് ഫ്രം ഹോം ചെയ്യുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍...