കൊറോണ വൈറസിന്റെ വരവോടുകൂടി ആകെ ആരോഗ്യകാര്യങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഒന്ന് രോഗ പ്രതിരോധശേഷിയാണ്. രോഗങ്ങളെ സ്വാഭാവികമായി ചെറുത്തുനില്‍ക്കാനുള്ള ശരീരത്തിന്റെ കഴിവിനെയാണ് 'ഇമ്മ്യൂണിറ്റി' അഥവാ പ്രതിരോധശേഷി എന്ന് വിളിക്കുന്നത്. 

ഓരോരുത്തരുടേയും ആരോഗ്യാവസ്ഥയും പ്രായവുമെല്ലാം അനുസരിച്ച് പ്രതിരോധ ശക്തിയുടെ തോതും വ്യത്യാസപ്പെട്ടിരിക്കും. എങ്കില്‍ക്കൂടിയും നിത്യജീവിതത്തില്‍ ചില കാര്യങ്ങള്‍ അല്‍പം ശ്രദ്ധയോടെ കൊണ്ടുപോകാനായാല്‍ ഒരു പരിധി വരെ 'ഇമ്മ്യൂണിറ്റി സ്‌ട്രോംഗ്' ആക്കാന്‍ നമുക്കാകും. അത്തരത്തില്‍ കരുതലെടുക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

സമയത്തിന് ഭക്ഷണം കഴിക്കുന്നതിനൊപ്പം തന്നെ, കഴിക്കുന്ന ഭക്ഷണത്തിന്റെ ആരോഗ്യഗുണങ്ങള്‍ ഉറപ്പുവരുത്തുക. എന്തെങ്കിലും കഴിച്ച് വിശപ്പൊതുക്കാം എന്ന കാഴ്ചപ്പാട് ശരീരത്തിന് അത്ര ഗുണകരമാകില്ല.

 

 

ധാരാളം പച്ചക്കറികള്‍, പഴങ്ങള്‍, ഇലക്കറികള്‍, സ്‌പൈസസ്, നട്ട്‌സ്, സീഡ്‌സ് എന്നിവ നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തുക. ഇവ കൊഴുപ്പ്, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിങ്ങനെയുള്ള അവശ്യഘടകങ്ങള്‍ ശരീരത്തിന് ഉറപ്പ് വരുത്തുന്നു. ഈ ഭക്ഷണരീതി പ്രതിരോധ ശക്തിയേയും മെച്ചപ്പെടുത്തുന്നു. 

രണ്ട്...

പലവിധത്തിലുള്ള അസുഖങ്ങളിലേക്കും അവശതകളിലേക്കും നമ്മെ നയിക്കുന്നൊരു വില്ലനാണ് മാനസിക സമ്മര്‍ദ്ദം. അതിനാല്‍ ദൈനംദിന ജീവിതത്തില്‍ നിന്ന് 'സ്‌ട്രെസ്' അകറ്റിനിര്‍ത്താന്‍ പരമാവധി ശ്രമിക്കുക. നല്ല ഉറക്കം, യോഗ, വിനോദോപാധികള്‍ എന്നിവയെല്ലാം 'സ്‌ട്രെസ്' കുറയ്ക്കാന്‍ സഹായിക്കും. എപ്പോഴും ജീവിതത്തോട് ശുഭാപ്തിവിശ്വാസം പുലര്‍ത്താന്‍ പരിശീലിക്കുക. 

മൂന്ന്...

മിക്കപ്പോഴും പുതിയകാലത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ മിക്കവരും വിട്ടുപോകുന്ന ഒന്നാണ് വ്യായാമം. ഇത് സ്ത്രീ-പുരുഷ ഭേദമെന്യേ എല്ലാവരും ചെയ്യേണ്ട ഒന്നാണ്. ശാരീരികമായ അധ്വാനം നടക്കുന്നില്ലയെങ്കില്‍ തീര്‍ച്ചയായും വ്യായാമം നിര്‍ബന്ധമാണ്. 

 

 

അമിതവണ്ണം, ദഹനപ്രശ്‌നങ്ങള്‍, ടൈപ്പ്- 2 പ്രമേഹം എന്നിങ്ങനെയുള്ള ജീവിതശൈലീ രോഗങ്ങളെ അകറ്റിനിര്‍ത്താനും സന്തോഷം നിദാനം ചെയ്യുന്ന ഹോര്‍മോണ്‍ ഉത്പാദനം കൂട്ടുന്നതിലൂടെ 'സ്‌ട്രെസ്' ഒഴിവാക്കാനുമെല്ലാം വ്യായാമം സഹായിക്കുന്നു. സ്വാഭാവികമായും ഇതെല്ലാം പ്രതിരോധശേഷിയേയും അനുകൂലമായി തരത്തില്‍ സ്വാധീനിക്കുന്നു. 

നാല്...

മദ്യപാനം ശരീരത്തിന് എത്രമാത്രം ഹാനികരമാണെന്ന് നമ്മള്‍ എടുത്തുപറയേണ്ടതില്ല. അത്രമാത്രം പ്രശ്‌നങ്ങളാണ് ഈ ശീലം ഉണ്ടാക്കുക. എന്നാല്‍ ചിലര്‍ അമിതമായി മദ്യത്തെ ആശ്രയിക്കുന്ന സാഹചര്യമുണ്ട്. ഇത് മരണത്തെ വിളിച്ചുവരുത്തുന്നതിന് തുല്യമായ പ്രവണതയാണെന്ന് മനസിലാക്കുക. 

അതിനാല്‍ പൂര്‍ണ്ണമായും മദ്യപാനം ഒഴിവാക്കാന്‍ ആകുന്നില്ലെങ്കില്‍ പോലും പരമാവധി മദ്യത്തിന്റെ അളവ് കുറയ്ക്കുക. ഏറ്റവും മിതമായ അളവില്‍ മാത്രം മദ്യം ശീലിക്കുക. എത്ര ചെറിയ അളവും ശരീരത്തിന് നന്നല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ ഒരിക്കല്‍ കൂടി. 

അഞ്ച്...

പുകവലിക്കുന്ന പതിവുണ്ടെങ്കില്‍ അത് പരിപൂര്‍ണ്ണമായും ഉപേക്ഷിക്കുക. ഇതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യരുത്. 

 

 

സിഗരറ്റ് വലിക്കുന്നവരുടെ ശരീരത്തില്‍ 'കാര്‍ബണ്‍ മൊണോക്‌സൈഡ്', 'കാഡ്മിയം', 'നിക്കോട്ടിന്‍', 'നൈട്രജന്‍ ഓക്‌സൈഡ്' മുതലായ വിഷാംശങ്ങള്‍ കടന്നുകൂടുന്നുണ്ട്. ഇവ, രോഗ പ്രതിരോധത്തിന് സഹായിക്കുന്ന 'ഇമ്മ്യൂണ്‍' കോശങ്ങളായ 'ടി-സെല്‍സ്', 'ബി- സെല്‍സ്', 'സൈറ്റോകൈന്‍സ്' എന്നിവയുടെ വളര്‍ച്ചയേയും പ്രവര്‍ത്തനത്തേയും പ്രതികൂലമായി ബാധിക്കുന്നു. ഇതുമൂലം രോഗങ്ങള്‍ എളുപ്പത്തില്‍ പിടിപെടുന്ന സാഹചര്യമുണ്ടാകുന്നു. 

Also Read:- 'ഇമ്മ്യൂണിറ്റി'ക്ക് നല്ല കിടിലന്‍ ഷേക്ക്; തയ്യാറാക്കാന്‍ ആകെ വേണ്ടത് അഞ്ച് മിനുറ്റ്...