ഭക്ഷണത്തിലൂടെ മാത്രമാണ് പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കുക, അല്ലെങ്കില്‍ ഭക്ഷണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ പ്രമേഹം വരുതിയിലായി എന്ന് ചിന്തിക്കുന്നതും തെറ്റാണ്

പ്രമേഹം- അഥവാ രക്തത്തില്‍ ഷുഗര്‍നില ഉയരുന്ന അവസ്ഥ ആരോഗ്യത്തിന് എത്രമാത്രം ഭീഷണിയാകുന്നതാണെന്ന് മുൻകാലങ്ങളില്‍ നിന്ന് അപേക്ഷിച്ച് ഇപ്പോള്‍ മിക്കവരും മനസിലാക്കുന്നുണ്ട്. ഹൃദയം അടക്കം പല അവയവങ്ങളും പ്രമേഹം മൂലം ബാധിക്കപ്പെടാമെന്ന് ഇന്ന് ഏവരും മനസിലാക്കുന്നുണ്ട്. അതിനാല്‍ തന്നെ പ്രമേഹത്തെ വരുതിയില്‍ നിര്‍ത്തേണ്ടതിന്‍റെ പ്രധാന്യവും എല്ലാവരും മനസിലാക്കുന്നുണ്ട്. 

പ്രമേഹത്തെ നിയന്ത്രിക്കാൻ തീര്‍ച്ചയായും ഭക്ഷണത്തിലാണ് ശ്രദ്ധ കാര്യമായി നല്‍കേണ്ടത്. മധുര പലഹാരങ്ങള്‍ മാത്രമല്ല, മധുരം ഏതെല്ലാം രീതിയില്‍ നമ്മുടെ ശരീരത്തിലെത്താമോ- ആ മാര്‍ഗങ്ങളെല്ലാം തിരിച്ചറിഞ്ഞ് അടച്ചിരിക്കണം.

ഇനി, ഭക്ഷണത്തിലൂടെ മാത്രമാണ് പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കുക, അല്ലെങ്കില്‍ ഭക്ഷണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ പ്രമേഹം വരുതിയിലായി എന്ന് ചിന്തിക്കുന്നതും തെറ്റാണ്. മറ്റ് പല കാര്യങ്ങളിലും നമുക്ക് നിയന്ത്രണം ഇല്ലെങ്കില്‍ പ്രമേഹവും കുത്തനെ മുമ്പോട്ട് പോകാം. ഏതാനും ചില കാര്യങ്ങള്‍ മാത്രം ഇതിനായി ഉറപ്പിച്ചാല്‍ മതിയാകും. 

ഒന്ന്...

ഭക്ഷണം വെറുതെ നിയന്ത്രിക്കുന്നതിന് പകരം പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് മനസിലാക്കി അവ ഉപായപൂര്‍വം ക്രമീകരിച്ച് നല്ലൊരു ഡയറ്റ് പ്ലാനുണ്ടാക്കി അത് പിന്തുടരാം. ഇത് പ്രമേഹമുള്ളവരുടെ മാനസികമായ സന്തോഷത്തിനും ഉപകരിക്കും. ആരോഗ്യകരമായി എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുംവിധം ആകണം ഡയറ്റിന്‍റെ പ്ലാൻ.

രണ്ട്...

വ്യായാമം അല്ലെങ്കില്‍ കായികാധ്വാനം പ്രമേഹരോഗികള്‍ക്ക് നിര്‍ബന്ധമാണ്. അധികപേരും ഇത് ചെയ്യാറില്ലെന്നതാണ് സത്യം. പ്രായത്തിനും മറ്റ് ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ച് വ്യായാമത്തെ പ്രമേഹരോഗികള്‍ ക്രമീകരിക്കണം. ഇതിന് ഡോക്ടറുടെ നിര്‍ദേശം കൂടി തേടുന്നതാണ് ഉചിതം. ശരീരം അനങ്ങേണ്ടത് പ്രമേഹരോഗികള്‍ക്ക് നിര്‍ബന്ധമാണെന്ന് മനസിലാക്കുക. ഇത് ചെറിയ രീതിയിലായാലും മതി.

മൂന്ന്...

പ്രമേഹരോഗികള്‍ നിര്‍ബന്ധമായും കൃത്യമായ ഇടവേളകളില്‍ പ്രമേഹം ചെക്ക് ചെയ്ത് മനസിലാക്കിയിരിക്കണം. ഇത് നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ്. ഇന്ന് വീടുകളില്‍ തന്നെ ഷുഗര്‍നില പരിശോധിക്കുന്നതിനാവശ്യമായ സൗകര്യങ്ങളേര്‍പ്പെടുത്താൻ സാധിക്കും. ഇത് ഉപയോഗപ്പെടുത്താൻ സാധിക്കുമെങ്കില്‍ നല്ലത്. അല്ലെങ്കിലും ഷുഗര്‍ ഇടയ്ക്കിടെ പരിശോധിക്കണം. ഇതിന് അനുസരിച്ച് വേണം മറ്റ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാൻ.

നാല്...

പ്രമേഹമുള്ളവര്‍ ഉറക്കവും കൃത്യമായി ക്രമീകരിച്ചിരിക്കണം. ഉറക്കമില്ലാത്ത അവസ്ഥയും പ്രമേഹം അധികരിക്കാൻ ഇടയാക്കും. ഉറക്കമില്ലായ്മ നേരിടുന്നുവെങ്കില്‍ അതിനുള്ള കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. 

അഞ്ച്...

സ്ട്രെസും പ്രമേഹമുള്ളവര്‍ അകറ്റിനിര്‍ത്തേണ്ട കാര്യമാണ്. ജോലിയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ മറ്റേതെങ്കിലും സ്രോതസുകളില്‍ നിന്നോ ആവാം സ്ട്രെസ് വരുന്നത്. ഏതായാലും അവ തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രമേഹം ഉയരാം. 

Also Read:- മഞ്ഞുകാലത്ത് വൈറ്റമിൻ ഡി കുറവ് നിങ്ങളെ തളര്‍ത്താതിരിക്കാൻ ചെയ്യേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo