ഗൗരവമല്ലാത്ത രീതിയില്‍ രോഗം ബാധിച്ചവര്‍, ലക്ഷണങ്ങളില്ലാതെ രോഗം ബാധിച്ചവര്‍ എന്നിവരില്‍ പോലും പിന്നീട് രോഗം തീവ്രമാകുന്നതായും നാം കണ്ടു. യഥാര്‍ത്ഥത്തില്‍ രോഗം ബാധിച്ച് അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞ് പത്ത് ദിവസമെത്തും വരെയാണ് ഏറ്റവും പ്രധാനപ്പെട്ട സമയമെന്നാണ് വിദഗ്ധര്‍ അറിയിക്കുന്നത്

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിനാണ് നാമിപ്പോള്‍ സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് രണ്ടാം ഘട്ടത്തില്‍ രോഗലക്ഷണങ്ങളും രോഗത്തിന്റെ തീവ്രതയും രോഗവ്യാപന വേഗതയുമെല്ലാം കാണാനാകുന്നത്. 

ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസുകളാണ് വലിയൊരു പരിധി വരെ ഈ മാറ്റങ്ങള്‍ക്ക് കാരണമാകുന്നത്. അതിനാല്‍ തന്നെ രോഗത്തിന്റെ കാര്യത്തിലുള്ള ആശയക്കുഴപ്പങ്ങളും ആശങ്കകളും ഇപ്പോഴും വലിയ തോതിലാണുള്ളത്. 

ഇതിനിടെ ഗൗരവമല്ലാത്ത രീതിയില്‍ രോഗം ബാധിച്ചവര്‍, ലക്ഷണങ്ങളില്ലാതെ രോഗം ബാധിച്ചവര്‍ എന്നിവരില്‍ പോലും പിന്നീട് രോഗം തീവ്രമാകുന്നതായും നാം കണ്ടു. യഥാര്‍ത്ഥത്തില്‍ രോഗം ബാധിച്ച് അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞ് പത്ത് ദിവസമെത്തും വരെയാണ് ഏറ്റവും പ്രധാനപ്പെട്ട സമയമെന്നാണ് വിദഗ്ധര്‍ അറിയിക്കുന്നത്. 

ഇക്കാലയളവിലാണത്രേ രോഗം അതിന്റെ ശരിയായ മുഖം പുറത്തുകാണിക്കുന്നത്. ആദ്യ ദിവസങ്ങളില്‍ രോഗകാരിയായ വൈറസ് ശരീരത്തില്‍ പെരുകുന്നതിനാണ് സമയമെടുക്കുന്നത്. എന്നാല്‍ അഞ്ചാം ദിവസമാകുമ്പോഴേക്ക് രോഗകാരിയെ ശരീരം തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിച്ച് തുടങ്ങും.

ഈ ഘട്ടത്തില്‍ ചിലര്‍ക്ക് കാര്യമായ പ്രശ്‌നങ്ങള്‍ കൂടാതെ തന്നെ അതിജീവനം സാധ്യമാകും. എന്നാല്‍ മറ്റ് ചിലരില്‍, പ്രത്യേകിച്ച് നേരത്തേ രോഗലക്ഷണങ്ങള്‍ കാണിച്ചവരില്‍ അത് കൂടാനും അതോടൊപ്പം തന്നെ ശരീരം പ്രതിരോധം തുടങ്ങിയതിന്റെ ഭാഗമായുള്ള പ്രശ്‌നങ്ങളും വന്നേക്കാം. 

ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ രോഗം വന്നവര്‍ അഞ്ച് മുതല്‍ പത്ത് വരെയുള്ള ദിവസങ്ങളില്‍ സ്വന്തം ആരോഗ്യാവസ്ഥ കൃത്യമായും നിരീക്ഷിക്കേണ്ടതുണ്ട്. ഒപ്പം തന്നെ എപ്പോഴും ഡോക്ടറെ ബന്ധപ്പെടാനുള്ള മാര്‍ഗങ്ങളും മുന്നിലൊരുക്കി വയ്ക്കുക. വൈദ്യസഹായം തേടേണ്ട സാഹചര്യം വന്നാല്‍ അതിനുള്ള സംവിധാനമുണ്ടെന്നതും ഉറപ്പുവരുത്തേണ്ടതാണ്. 

ലക്ഷണങ്ങള്‍ കൂടാതെ രോഗം പിടിപെട്ടവര്‍, ചെറുപ്പക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍, നേരത്തേ മറ്റ് രോഗങ്ങളൊന്നുമില്ലാത്തവര്‍ എന്നീ വിഭാഗങ്ങളും ഐസൊലേഷന്‍ സമയത്ത് 5-10 ദിവസങ്ങള്‍ കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ആരില്‍ വേണമെങ്കിലും രോഗം തീവ്രമാകാം എന്നതാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

പനി കൂടുക, ശ്വാസതടസം, നെഞ്ച് വേദന, നെഞ്ചില്‍ അസ്വസ്ഥത, ഓക്‌സിജന്‍ നില താഴുക, തലച്ചോറിനെ ബാധിക്കുന്നതിനാല്‍ കാര്യങ്ങളില്‍ അവ്യക്തത തോന്നുക, സംസാരിക്കാനോ നടക്കാനോ സാധിക്കാതിരിക്കുക ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ അഞ്ച് മുതല്‍ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ കാണുകയാണെങ്കില്‍ പെട്ടെന്ന് തന്നെ വൈദ്യസഹായം തേടുക. 

Also Read:- കൊവിഡ് ലക്ഷണമായി നെഞ്ചുവേദന ; അറിയേണ്ട ചിലത്...

പ്രായമായവര്‍, പ്രമേഹം, കൊളസ്‌ട്രോള്‍, ഹൃദ്രോഗം, ക്യാന്‍സര്‍, അമിതവണ്ണമുള്ളവര്‍, പ്രതിരോധവ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങളുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്നവര്‍ ഈ ദിവസങ്ങളില്‍ അല്‍പം കൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. യുവാക്കളില്‍ ന്യുമോണിയ പോലുള്ള തീവ്രമായ സാഹചര്യങ്ങളിലേക്ക് കൊവിഡ് നയിക്കുന്നതായി ധാരാളം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. അതിനാല്‍ തീര്‍ച്ചയായും ഓരോ വ്യക്തിയും ഇക്കാര്യങ്ങള്‍ സൂക്ഷിക്കേണ്ടതുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona