Asianet News MalayalamAsianet News Malayalam

Fitness : 'സൂപ്പര്‍ ഹീറോ'കളോട് ആരാധനയുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

ഏറ്റവുമധികം ആരാധകരുള്ള ചില സൂപ്പര്‍ഹീറോകളെ പ്രത്യേകമായും ഗവേഷകര്‍ പഠനവിധേയമാക്കിയിട്ടുണ്ട്. ഇതിലെ കണ്ടെത്തലുകളും ഏറെ രസകരമാണ്

following superheros may help healthy ageing
Author
Australia, First Published Dec 15, 2021, 11:20 PM IST

കാണുന്ന സിനിമകളിലെയും ( Watching Movies ) വായിക്കുന്ന നോവലുകളിലെയോ കഥകളിലെയോ നായികാ-നായകന്മാരെ 'ഹീറോ' ആയി കരുതുകയും ആരാധിക്കുകയും ചെയ്യുന്ന എത്രയോ പേരുണ്ട് ( Superhero )  അധികവും കുട്ടികളും ചെറുപ്പക്കാരുമാണ് ഇത്തരത്തില്‍ സൂപ്പര്‍ ഹീറോകളെ ആരാധിക്കാറ്. 

ഇങ്ങനെയുള്ള ആളുകള്‍ക്ക് ജീവിതത്തില്‍ വലിയൊരു ഗുണം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുതിയൊരു പഠനം വാദിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് വ്യത്യസ്തമായ ഈ പഠനം നടത്തിയത്. പ്രമുഖ പ്രസിദ്ധീകരണമായ 'ബിഎംജെ'യിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 

'സൂപ്പര്‍ ഹീറോ'കളെ ആരാധിക്കുന്നവര്‍ക്ക് ഏറെക്കാലം ചെറുപ്പം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് പഠനത്തിന്റെ രത്‌നച്ചുരുക്കം. ആരോഗ്യകരമായ ജീവിതരീതികളായിരിക്കും ഇത്തരക്കാരുടെ പ്രത്യേകതയെന്നും വ്യായാമത്തോട് ജൈവികമായ താല്‍പര്യമുള്ളവരായിരിക്കും ഇവരെന്നും ഈ പ്രവണതകളെല്ലാം തന്നെ ചെറുപ്പം ദീര്‍ഘിപ്പിക്കാനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും സഹായിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

ഏറ്റവുമധികം ആരാധകരുള്ള ചില സൂപ്പര്‍ഹീറോകളെ പ്രത്യേകമായും ഗവേഷകര്‍ പഠനവിധേയമാക്കിയിട്ടുണ്ട്. ഇതിലെ കണ്ടെത്തലുകളും ഏറെ രസകരമാണ്. 

ഉദാഹരണത്തിന്, സ്‌പൈഡര്‍മാനെ ആരാധിക്കുന്നവരാണെങ്കില്‍ അവര്‍ ശരീരകാര്യങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധിക്കുന്നത് വഴക്കവും ശക്തിയുമായിരിക്കുമത്രേ. ഇത് വാര്‍ധക്യത്തെ നീട്ടിവയ്ക്കുന്നു. ബ്ലാക്ക് പാന്തറിനെയോ അയേണ്‍ മാനെയോ ആരാധിക്കുന്നവരാണെങ്കില്‍ അവര്‍ ശാരീരികാരോഗ്യത്തിനൊപ്പം തന്നെ ബുദ്ധിക്കും പ്രാധാന്യം നല്‍കുന്നവരായിരിക്കുമത്രേ. 'ഡിമെന്‍ഷ്യ' പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇക്കാര്യങ്ങള്‍ സഹായികമായിരിക്കുമെന്നും പഠനം പറയുന്നു. 

ഹള്‍ക്കിനെ ആരാധിക്കുന്നവരാണെങ്കില്‍ അവര്‍ ശരീരഭാരത്തിന് പ്രാധാന്യം നല്‍കുമെന്നും ഇതും ആരോഗ്യത്തിന് ഗുണകരമാകുമെന്നും പഠനം പറയുന്നു. 

എന്നാല്‍ ഇത്തരത്തില്‍ സൂപ്പര്‍ഹീറോകളെ ആരാധിക്കുകയും സ്വന്തം ജീവിതത്തിലേക്ക് അതിന്റെ സാധ്യതകളെ സമന്വയിപ്പിക്കുകയും ചെയ്യുന്നവരില്‍ ചില ന്യൂനതകളും ഉണ്ടായിരിക്കുമത്രേ. അതായത് സാഹസിക കാര്യങ്ങളില്‍ താല്‍പര്യമുള്ളവരായതിനാല്‍ അതുവഴി ഏതെങ്കിലും തരത്തിലുള്ള പരിക്കോ മറ്റോ സംഭിക്കാനുള്ള സാധ്യത. അതുപോലെ ശരീരഭാരം അധികമാകുന്നത് മൂലം പില്‍ക്കാലത്തുണ്ടാകാവുന്ന അസുഖങ്ങള്‍ എന്നിങ്ങനെ... 

എന്തായാലും രസകരമായ നിരീക്ഷണങ്ങള്‍ തന്നെയാണ് ഈ പഠനം പങ്കുവയ്ക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. സൂപ്പര്‍ ഹീറോകളെ ആരാധിക്കുന്നതിനൊപ്പം തന്നെ നമ്മുടെ ജീവിതപരിസരങ്ങള്‍ മനസിലാക്കി അതിന് കൂടി യോജിക്കും വിധം സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ടെന്ന കാര്യവും പഠനം ഓര്‍മ്മിപ്പിക്കുന്നു.

Also Read:-  പ്രസവത്തിന് ശേഷവും പഴയപടി 'ഫിറ്റ്' ആകാം; കരീനയുടെ വീഡിയോ നോക്കൂ...

Follow Us:
Download App:
  • android
  • ios