ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ഹൃദയാരോഗ്യത്തിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചില ഭക്ഷണങ്ങൾ രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയെ സ്വാധീനിക്കും. ഇവയെല്ലാം ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങളാണ്. നല്ല ഭക്ഷണശീലവും ശരിയായ വ്യായാമവും ശീലമാക്കിയാൽ ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കും. 

ഹൃദയത്തെ കാത്ത് സൂക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ....

ഇലക്കറികൾ...

ഹൃദ്രോഗത്തെ തടയാൻ ഇലക്കറികൾ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഫോളിക് ആസിഡ്, കാൽസ്യം, പൊട്ടാസ്യം എന്നിവയെല്ലാം ഇലകളിൽ ധാരാളമായി അ‌ങ്ങിയിരിക്കുന്നു. കൂടാതെ കൊഴുപ്പ് കുറവും നാരുകളാൽ സമൃദ്ധവുമാണിവ. ഇത് ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നതിനൊപ്പം ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. രക്തസമ്മർദ്ദം കുറയ്ക്കുകയും ധമനികളുടെ കാഠിന്യം കുറയ്ക്കുകയും രക്തക്കുഴലുകളുടെ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്ന നൈട്രേറ്റുകൾ ഇലക്കറികളുണ്ട്.

 

 

ധാന്യങ്ങൾ...

ഗോതമ്പ്, അരി, ബാർലി, ചോളം തുടങ്ങിയ ധാന്യങ്ങൾ ഉൾപ്പെടുത്തുക. ഇവയിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ നാരുകളും വിറ്റാമിനുകളും ഹൃദയത്തെ കാക്കുന്നതിനൊപ്പം രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

തക്കാളി...

തക്കാളിയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം ഹൃദ്രോഗങ്ങളിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

 

 

അവാക്കാഡോ...

ഹൃദയാരോഗ്യമുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ് അവോക്കാഡോ. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യത്തിന് അത്യാവശ്യമായ പൊട്ടാസ്യം അവാക്കാഡോയിൽ അടങ്ങിയിരിക്കുന്നു. ഒരു അവാക്കാഡോയിൽ 975 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. 

വാൾനട്ട്...

നാരുകളുടെയും മഗ്നീഷ്യം തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളുടെയും മികച്ച ഉറവിടമാണ് വാൾനട്ട്. വാൾനട്ട് കഴിക്കുന്നത് ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.