നെഞ്ചെരിച്ചിലുള്ളവര്‍ എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍ കഴിക്കുന്നതും ആഹാരം കഴിച്ചാലുടന്‍ മലര്‍ന്നു കിടക്കുന്നതും നന്നല്ല. എരിവും പുളിയും കൂടിയ ഭക്ഷണങ്ങള്‍, കാപ്പി, കോള, ചായ, മസാല ചേര്‍ന്ന ഭക്ഷണങ്ങള്‍, കൃത്രിമ നിറവും കൊഴുപ്പും ചേര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവ നെഞ്ചെരിച്ചിലുണ്ടാക്കാം.

‌ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് നെഞ്ചെരിച്ചിൽ. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമുണ്ടാകുന്ന നെഞ്ചെരിച്ചില്‍ പലരിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. പകുതി ദഹിച്ച ഭക്ഷണങ്ങളും തിരികെ തെറ്റായ ദിശയില്‍ ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്ക് കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക.

ഭക്ഷണം കഴിച്ച് അല്‍പനേരം കഴിയുമ്പോള്‍ പുകച്ചിലും എരിച്ചിലുമായാണ് തുടങ്ങുക.നെഞ്ചെരിച്ചിലിനോടനുബന്ധമായി പുളിച്ചുതികട്ടല്‍, വായില്‍ വെള്ളം നിറയുക, നെഞ്ചുവേദന, ഭക്ഷണം ഇറക്കാന്‍ പ്രയാസം, തൊണ്ടയ്ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, ശ്വാസംമുട്ടല്‍, വയറിന്റെ മേല്‍ഭാഗത്ത് അസ്വസ്ഥത തുടങ്ങി നിരവധി ലക്ഷണങ്ങള്‍ പ്രകടമാകാം. 

അസമയത്തും ആവശ്യത്തിലധികവുമായി കഴിക്കുന്ന ഭക്ഷണങ്ങളും നെഞ്ചെരിച്ചിലിന് വഴിയൊരുക്കാറുണ്ട്. 92 ശതമാനം പേരെയും ദഹന സംബന്ധമായ പ്രശ്നങ്ങൾ വല്ലാതെ അലട്ടുന്നുണ്ടെന്നാണ് നാഷണൽ ഹാർട്ട്ബേൺ അലയൻസ് (എൻ‌എച്ച്‌ബി‌എ) അടുത്തിടെ നടത്തിയ ഒരു സർവേയിൽ പറയുന്നത്.

ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ ഭക്ഷണങ്ങൾ...

 നെഞ്ചെരിച്ചിലുള്ളവര്‍ എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍ കഴിക്കുന്നതും ആഹാരം കഴിച്ചാലുടന്‍ മലര്‍ന്നു കിടക്കുന്നതും നന്നല്ല. പച്ചക്കറി സാലഡുകളും നാരുകളടങ്ങിയ വിഭവങ്ങളും ഭക്ഷണത്തില്‍ ധാരാളം ഉൾപ്പെടുത്തുക.

എരിവും പുളിയും കൂടിയ ഭക്ഷണങ്ങള്‍, കാപ്പി, കോള, ചായ, മസാല ചേര്‍ന്ന ഭക്ഷണങ്ങള്‍, കൃത്രിമ നിറവും കൊഴുപ്പും ചേര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവ നെഞ്ചെരിച്ചിലുണ്ടാക്കാം. പഴുത്ത മാങ്ങ, ക്യാരറ്റ്, മത്തങ്ങ, ബീറ്റ്റൂട്ട്, ഗ്രീന്‍പീസ്, വെള്ളരി, ഇഞ്ചി എന്നിവയും ഭക്ഷണത്തില്‍ നെഞ്ചെരിച്ചിൽ കുറയ്ക്കാൻ സഹായിക്കും.

നാരുകള്‍ ധാരാളമുള്ളതിനാല്‍ ഉരുളക്കിഴങ്ങ്, ബീന്‍സ്, ബാര്‍ലി, പടവലം, ചേന ഇവയും ഉര്‍പ്പെടുത്താം. ദിവസവും 10-12 ​ഗ്ലാസ് വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. എന്നാല്‍, ഭക്ഷണം കഴിക്കുമ്പോള്‍ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. കഴിക്കുന്നതിനിടയില്‍ പിരിമുറുക്കം കൂട്ടുന്ന ചിന്തകളും ഒഴിവാക്കണം.