‌ശരീരത്തിലെ രക്തം, ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളെയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്‌. കിഡ്നി പ്രവര്‍ത്തനരഹിതമായിരിക്കുന്ന അവസ്ഥയിലാണെങ്കില്‍ ശരീരം പല വിധത്തിലാണ് പ്രതികരിക്കുന്നത്. 

വൃക്കരോ​ഗമുള്ളവർ ക്യത്യമായ ഹെൽത്തി ഡയറ്റ് ഫോളോ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഒരു ദിവസം ഉപയോഗിക്കുന്ന സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും അളവ് 2000 മില്ലിഗ്രാമിലും കുറവായിരിക്കണം. ഫോസ്ഫറസിന്റെ അളവ് 1000 മില്ലിഗ്രാമിലും കുറവും ആയിരിക്കണം. വൃക്കരോഗമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ താഴേ ചേർക്കുന്നു...

 ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും...

ഉരുളക്കിഴങ്ങിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.  ഒരു ഉരുളക്കിഴങ്ങിൽ (156 ഗ്രാം) ഏതാണ്ട് 610 മില്ലിഗ്രാം ഉം ഒരു മധുരക്കിഴങ്ങിൽ (114 ഗ്രാം) 541 മില്ലിഗ്രാമും പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി മുറിച്ച് തിളച്ച വെള്ളത്തിൽ 10 മിനിറ്റ് ഇട്ടുവയ്ക്കുന്നത് പൊട്ടാസ്യത്തിന്റെ അളവ് 50 ശതമാനത്തോളം കുറയ്ക്കാൻ സഹായിക്കും. 

വേവിക്കുന്നതിന് നാലു മണിക്കൂർ മുമ്പേ വെള്ളത്തിലിട്ടു വച്ചിരുന്നാലും പൊട്ടാസ്യത്തിന്റെ അളവ് കുറയും. എങ്കിലും പൊട്ടാസ്യം പൂർണമായി നീക്കം ചെയ്യപ്പെടുന്നില്ല. അതുകൊണ്ട് വൃക്കരോഗികൾ ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും ഒഴിവാക്കുന്നതാണ് നല്ലത്.

കോള...

കോളകളിൽ കാലറിയും ഷുഗറും മാത്രമല്ല, ഫോസ്ഫറസ് അടങ്ങിയ അഡിറ്റീവ്സും ഉണ്ട്. നിറം മാറാതിരിക്കാനും ദീർഘകാലം കേടുകൂടാതിരിക്കാനും രുചി കൂട്ടാനും പ്രോസസിങ്ങ് സമയത്ത് ഈ പാനീയങ്ങളിൽ ഭക്ഷണനിർമാതാക്കള്‍ ഫോസ്ഫറസ് ചേർക്കും. ഈ ചേർക്കുന്ന ഫോസ്ഫറസ് നമ്മുടെ ശരീരം ആഗിരണം ചെയ്യും. 200 ml കോളയിൽ 50 മുതല്‍ 100 വരെ മില്ലിഗ്രാം അഡിറ്റീവ് ഫോസ്ഫറസ് ഉണ്ട്. അതുകൊണ്ട് വൃക്കരോഗികൾ കോള ഒഴിവാക്കുക.

വെണ്ണപ്പഴം (അവാക്കാഡോ)...

 പോഷക​ഗുണങ്ങൾ ധാരാളം അടങ്ങിയ വെണ്ണപ്പഴം ആന്റി ഓക്സിഡന്റുകളും ഫാറ്റും ഫൈബറും അടങ്ങിയതാണ്. എന്നാൽ വൃക്കരോഗികൾ ഇത് ഒഴിവാക്കുന്നതാണ് ഉത്തമം. കാരണം ഇതിൽ പൊട്ടാസ്യം ധാരാളം ഉണ്ട്. ഒരു കപ്പ് (150 ഗ്രാം) വെണ്ണപ്പഴത്തിൽ 727 മില്ലിഗ്രാം പൊട്ടാസ്യം ഉണ്ട്. ഒരു വാഴപ്പഴത്തിൽ ഉള്ളതിന്റെ ഇരട്ടിയാണിത്.

ഗോതമ്പ് ബ്രഡ്...

വൃക്ക​രോ​ഗികൾ ​ഗോതമ്പ് ബ്രഡ് ഒഴിവാക്കുന്നതാണ് നല്ലതാണ്. കാരണം ഫോസ്ഫറസും പൊട്ടാസ്യവും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. 30 ഗ്രാം ബ്രഡിൽ 57 മി.ഗ്രാം ഫോസ്ഫറസും 69 മി.ഗ്രാം പൊട്ടാസ്യവും ഉണ്ട്. എന്നാൽ വൈറ്റ് ബ്രഡിൽ ഇത് 28 മി.ഗ്രാം മാത്രമേ ഉള്ളൂ. ബ്രഡിൽ അത് വെളുത്തതോ തവിട്ടോ ആയാലും ഇവയിൽ സോഡിയത്തിന്റെ അളവ് കൂടുതലാണ്.

ബ്രൗൺ റൈസ്...

തവിടു കളയാത്ത അരിയിലും പൊട്ടാസ്യം, ഫോസ്ഫറസ് ഇവ ധാരാളമുള്ളതിനാൽ വൃക്കരോഗികൾ ഒഴിവാക്കണം. അഥവാ കഴിച്ചാൽ തന്നെ മറ്റ് ഭക്ഷണവുമായി ബാലൻസ് ചെയ്യുന്ന രീതിയിലാകണം. അല്ലെങ്കിൽ പൊട്ടാസ്യത്തിന്റെയും ഫോസ്ഫറസിന്റെയും അളവ് കൂടും.

 പാലുൽപ്പന്നങ്ങൾ...

പാലുൽപ്പന്നങ്ങളിൽ ഫോസ്ഫറസ്, പൊട്ടാസ്യം, പ്രോട്ടീൻ ഇവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് പാലിൽ 222 മി.ഗ്രാം ഫോസ്ഫറസും 349 മി.ഗ്രാം പൊട്ടാസ്യവും ഉണ്ട്. സാധാരണ എല്ലുകൾക്ക് ശക്തി നൽകുന്ന പാൽ, വൃക്കരോഗികളിലാകട്ടെ ദോഷകരമാകും. വൃക്ക തകരാറിലാകുമ്പോൾ ഫോസ്ഫറസിന്റെ അളവ് കൂടിയാൽ ഇത് രക്തത്തിൽ അടിഞ്ഞുകൂടും. ഇത് എല്ലുകളുടെ കനം കുറപ്പിക്കുകയും ശക്തി കുറയ്ക്കുകയും ചെയ്യും. എല്ലുകൾ പൊട്ടാനും ഒടിയാനും സാധ്യത കൂടും. പ്രോട്ടീനും ഇവയിൽ ധാരാളമുണ്ട്. ഒരു കപ്പ് പാലിൽ 8 ഗ്രാം പ്രോട്ടീനുണ്ട്.