തൈറോയ്‍ഡ് ഗ്രന്ഥിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ശരീരത്തിന്‍റെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണ്. ഈ ഹോര്‍മോണിന്‍റെ അളവില്‍ വ്യത്യാസം വന്നാല്‍ സ്വാഭാവികമായും അത് ശരീരത്തെ പല രീതിയില്‍ ബാധിക്കാം

ഇന്ന് മെയ് 25 ലോക തൈറോയ്ഡ് ദിനമാണ് ( World Thyroid Day ). തൈറോയ്ഡ് പ്രശ്നങ്ങളെ ( Hypothyroidism and Hyperthyroidsm ) കുറിച്ച് ആളുകളില്‍ വേണ്ടത്ര അവബോധമുണ്ടാക്കുന്നതിനാണ് ഈ ദിവസം തൈറോയ്ഡ് ദിനമായി ആചരിക്കുന്നത്. 

തൈറോയ്‍ഡ് ഗ്രന്ഥിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ശരീരത്തിന്‍റെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണ്. ഈ ഹോര്‍മോണിന്‍റെ അളവില്‍ വ്യത്യാസം വന്നാല്‍ സ്വാഭാവികമായും അത് ശരീരത്തെ പല രീതിയില്‍ ബാധിക്കാം. 

ഹോര്‍മോണ്‍ ഉത്പാദനം കൂടുന്ന അവസ്ഥയെ 'ഹൈപ്പര്‍ തൈറോയ്ഡിസം' എന്ന് വിളിക്കുന്നു. ഹോര്‍മോണ്‍ ഉത്പാദനം കൂടിയാല്‍ ശരീരം അതിന് ലഭിക്കുന്ന ഊര്‍ജ്ജം വളരെ പെട്ടെന്ന് തന്നെ വിനിയോഗിക്കും. ഇത് ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുകയും എപ്പോഴും അസ്വസ്ഥത തോന്നിപ്പിക്കുകയും ചെയ്യുന്നു. 

ഇനി ഹോര്‍മോണ്‍ ഉത്പാദനം കുറയുകയാണെങ്കില്‍ ആ അവസ്ഥയെ 'ഹൈപ്പോ തൈറോയ്ഡിസം' എന്നാണ് വിളിക്കുക. ഇതില്‍ തളര്‍ച്ച, ശരീരഭാരം കൂടുക, തണുപ്പ് സഹിക്കാന്‍ സാധിക്കാതിരിക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ഉണ്ടാകാം. ചികിത്സയ്ക്കൊപ്പം തന്നെ ഡയറ്റിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ 'ഹൈപ്പര്‍ തൈറോയ്ഡിസ'വും 'ഹൈപ്പോ തൈറോയ്ഡിസ'വും നിയന്ത്രിക്കാനാകും. 

ഹൈപ്പോതാറോയ്ഡിസത്തില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...

സോയ: ഹൈപ്പോ തൈറോയ്ഡിസം കൂട്ടാന്‍ ഇടയാക്കുന്ന ഭക്ഷണമാണ് സോയ. ഇതിലടങ്ങിയിരിക്കുന്ന 'ഫൈറ്റോഈസ്ട്രജന്‍' ആണ് പ്രശ്നമായി വരുന്നത്. 

ചിലയിനം പച്ചക്കറികള്‍: കാബേജ്, ചീര, സ്പ്രൗട്ട്സ്, ബ്രൊക്കോളി എന്നിങ്ങനെയുള്ള പച്ചക്കറികള്‍ കുറയ്ക്കുന്നതാണ് ഹൈപ്പോ തൈറോയ്ഡിസത്തിന് നല്ലത്. 

കൊഴുപ്പുള്ള ഭക്ഷണം: തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിലേക്ക് നയിക്കുന്ന ഭക്ഷണമാണ് കൊഴുപ്പ് അടങ്ങിയവ. അതിനാല്‍ തന്നെ ഇവ ഒഴിവാക്കുന്നതാണ് ഉചിതം. 

ഫൈബര്‍: അധികമായി ഫൈബര്‍ അടങ്ങിയ ഭക്ഷണവും ഒഴിവാക്കാം. ഇതും ഹൈപ്പോ തൈറോയ്ഡിസത്തില്‍ നല്ലതല്ല. 

മധുരം: മധുരം ക്രമേണ ഹൈപ്പോതൈറോയ്ഡിസത്തിന് അനുകൂലമായ സാഹചര്യമുണ്ടാക്കുന്ന ഘടകമാണ്. ഇത് ശരീരഭാരം കൂട്ടാന്‍ ഇടയാക്കുകയും ക്രമേണ ശരീരഭാരം കൂടുന്നത് ഹൈപ്പോ തൈറോയ്ഡിസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 

ഹൈപ്പര്‍ തൈറോയ്ഡിസത്തില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...

അയൊഡിന്‍ കൂടുതല്‍ അടങ്ങിയത് : അയൊഡിന്‍ കൂടുതലായി ചെല്ലുമ്പോള്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കൂടുതലാകുന്നു. അതിനാല്‍ തന്നെ അയൊഡിന്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കാം. 

കഫീന്‍ : കോഫി പോലെ കഫീന്‍ കാര്യമായി അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് ഉചിതം. 

മദ്യം : ഹൈപ്പര്‍ തൈറോയ്ഡിസത്തിന്‍റെ ഭാഗമായുണ്ടാകുന്ന ഉറക്കപ്രശ്നങ്ങള്‍ അടക്കമുള്ള വിമതകള്‍ വര്‍ധിപ്പിക്കാന്‍ മദ്യം ഇടയാക്കുന്നു. ഇത് കൂടാതെ ഹൈപ്പര്‍ തൈറോയ്ഡിസമുള്ളവരില്‍ എല്ല് തേയ്മാനം സൃഷ്ടിക്കാനും മദ്യം ഇടയാക്കുന്നു. 

ഫുള്‍ ഫാറ്റ് മില്‍ക്ക് : ഹൈപ്പര്‍ തൈറോയ്ഡിസമുള്ളവര്‍ ഫുള്‍ ഫാറ്റ് മില്‍ക്ക് കഴിക്കുന്നത് ഒഴിവാക്കണം. സ്കിംഡ് മില്‍ക്, അല്ലെങ്കില്‍ സാധാരണ പാല്‍ എന്നിവ പകരം ഉപയോഗിക്കാം. 

കൃത്രിമ മധുരം : പഞ്ചസാര, ഡെക്സ്ട്രോസ്, ഹൈ ഫ്രക്ടോസ് കോണ്‍ സിറപ്പ് തുടങ്ങിയ കൃത്രിമ മധുരങ്ങളെല്ലാം ഹൈപ്പര്‍ തൈറോയ്ഡിസത്തെ മോശമായി സ്വാധീനിക്കുന്നു. അതിനാല്‍ ഇവയെല്ലാം ഒഴിവാക്കുന്നതാണ് ഉചിതം. 

Also Read:- മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? എങ്കിൽ കാരണങ്ങൾ ഇതാകാം