എല്ലാ തരത്തിലുള്ള ശരീരവേദനകളും നമ്മുടെ ദൈനംദിന പ്രവര്‍ത്തികളെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല ഉണ്ടാകുന്നത്. ചില സന്ദര്‍ഭങ്ങളിലെങ്കിലും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതായ തരത്തിലുള്ള ശരീരവേദനകള്‍ ഉണ്ടാകാം.
നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതുണ്ട്. ശരീരവേദന ഇതിലൊന്നാണെന്ന് പറയാം. എന്നാല്‍ എല്ലാ തരത്തിലുള്ള ശരീരവേദനകളും നമ്മുടെ ദൈനംദിന പ്രവര്‍ത്തികളെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല ഉണ്ടാകുന്നത്. ചില സന്ദര്‍ഭങ്ങളിലെങ്കിലും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതായ തരത്തിലുള്ള ശരീരവേദനകള്‍ ഉണ്ടാകാം.
ഇത്തരത്തില്‍ നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുകയും ചികിത്സ തേടുകയുമെല്ലാം ചെയ്യേണ്ട- കാലുകളെ ബാധിക്കുന്ന ചില പ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്...
വേദന...
കാല്‍പാദങ്ങളില്‍ പെട്ടെന്ന്, തീവ്രമായ വേദന തോന്നാറുണ്ടെങ്കില്‍ ഇത് തീര്‍ച്ചയായും ശ്രദ്ധിക്കണം. കാരണം രക്തയോട്ടത്തില്‍ ബ്ലോക്ക് നേരിടുന്നതിന്‍റെ സൂചനയാകാം. പ്രത്യേകിച്ച് പ്രമേഹമുള്ളവര്‍, ബിപിയുള്ളവര്‍, കൊളസ്ട്രോളുള്ളവര്‍, പുകവലിക്കുന്നവര്‍ എല്ലാമാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്, എന്തെന്നാല്‍ ഇവരിലെല്ലാം ഇതിനുള്ള സാധ്യത കൂടുതലായിരിക്കും. പെട്ടെന്ന് വേദന വരുന്നതിനൊപ്പം തന്നെ കാലില്‍ നിറംമാറ്റമോ കാലില്‍ ചൂട് കുറയുകയോ എല്ലാം ചെയ്യുന്നുവെങ്കിലും ശ്രദ്ധിക്കണം. സാധ്യത കൂടുതലും ഈ പ്രശ്നത്തിനായിരിക്കും.
അള്‍സര്‍...
പ്രമേഹമുള്ളവരാണെങ്കില്‍ അവര്‍ കാലില്‍ ചെറിയ മുറിവ് വരുമ്പോള്‍ പോലും ശ്രദ്ധിക്കണം. കാരണം പ്രമേഹത്തോട് അനുബന്ധമായി കാലില്‍ പുണ്ണ്- അഥവാ അള്‍സറുണ്ടാകാം. ഇത് എല്ലാ പ്രമേഹരോഗികളും സംഭവിക്കാവുന്ന ഒന്നല്ല. എങ്കിലും കരുതലെടുക്കേണ്ടതാണ്. ഇങ്ങനെ മുറിവ് കാണുന്നപക്ഷം ആദ്യമേ തന്നെ ചികിത്സയെടുക്കുകയും വേണം.
വേദനയും നീരും..
കാല്‍ പാദത്തില്‍ തന്നെ വേദനയും നീരും ചുവന്ന നിറം കയറുകയും ചെയ്യുമ്പോഴും ആശുപത്രിയിലെത്തുന്നതാണ് നല്ലത്. ദീര്‍ഘനേരം നടക്കാതെയോ മറ്റ് അനക്കമില്ലാതെയോ തുടര്‍ന്നതിന് (യാത്ര പോലൊക്കെ) ശേഷമാണ് ഈ വേദനയെങ്കില്‍ അത് തീര്‍ച്ചയായും പെട്ടെന്ന് തന്നെ മെഡിക്കല്‍ സഹായം തേടേണ്ട സാഹചര്യമായി കണക്കാക്കണം. കാരണം കാലിലെവിടെയോ രക്തം കട്ട പിടിച്ച് കിടന്നിട്ടുണ്ട് എന്നതിന്‍റെ സൂചനയാകാം ഇത്.
വിരലുകളില്‍ നിറംമാറ്റം...
ചില ആരോഗ്യപ്രശ്നങ്ങളുള്ളവരിലും ചില ദുശ്ശീലങ്ങളുള്ളവരിലും കാലില്‍ ഇതിന്‍റെ ഭാഗമായി പുണ്ണ് ബാധിക്കാം. ഇത് പിന്നെ ഗുരുതരമായി മാറുകയും ചെയ്യാം. അതിനാല്‍ ചെറിയ വ്യത്യാസങ്ങള്‍ വരെ മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ കാല്‍ പാദത്തിലേ വിരലുകളിലോ കറുപ്പ് നിറം കയറുന്നത് പെട്ടെന്ന് തന്നെ മനസിലാക്കി പരിഹാരം തേടുക. പ്രമേഹമുള്ളവരാണ് കാര്യമായും ഇതിലും ശ്രദ്ധ നല്‍കേണ്ടത്.
തളര്‍ച്ച...
നടക്കാൻ ഇടയ്ക്കെല്ലാം പ്രയാസം തോന്നുക- കാര്യമായ തളര്‍ച്ച കാലുകളെ ബാധിക്കുന്നതായി തോന്നുകയാണെങ്കിലും ആശുപത്രിയിലെത്തി പരിശോധന നിര്‍ബന്ധമായും ചെയ്യണം. കാരണം ഇതും രക്തം കട്ട പിടിച്ച് കിടക്കുന്നതിന്‍റെ ഭാഗമായി സംഭവിക്കുന്നതായിരിക്കാം. ആദ്യമേ മെഡിക്കല്‍ സഹായം തേടാനായാല്‍ അത് പിന്നീട് സങ്കീര്‍ണതകള്‍ കുറയ്ക്കുമല്ലോ.
Also Read:- ആമാശയത്തിലെ ക്യാൻസറിലേക്ക് നയിക്കുന്ന ശീലങ്ങളും മറ്റ് ഘടകങ്ങളും...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
