തീര്‍ച്ചയായും ഭക്ഷണം തന്നെയാണ് കുഞ്ഞുങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ ഒന്നാമതായി നില്‍ക്കുന്നത്. മുതിര്‍ന്നവരുടെ ശരീരം ആവശ്യപ്പെടുന്നതല്ല കുഞ്ഞുങ്ങളുടെ കുഞ്ഞ് ശരീരത്തിന്റെ ആവശ്യം. നമ്മള്‍ താങ്ങുന്ന പലതും അവര്‍ക്ക് താങ്ങാനാകുന്നതല്ല. അത്തരം വിഷയങ്ങളെല്ലാം മനസില്‍ കരുതിവേണം അവരുടെ ഭക്ഷണകാര്യങ്ങള്‍ നോക്കാന്‍

കുഞ്ഞുങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധയും കരുതലും നല്‍കേണ്ടതായിട്ടുണ്ട്. പലപ്പോഴും വേണ്ടത്ര അറിവോ അവബോധമോ ഇല്ലാത്തത് മൂലം ധാരാളം പിഴവുകള്‍ ഇക്കാര്യത്തില്‍ ആളുകള്‍ക്ക് പറ്റാറുണ്ട്. ഈ പ്രശ്‌നം പുതിയ തലമുറയുടേത് മാത്രമാണെന്ന് കരുതിയെങ്കില്‍ തെറ്റി. പഴയകാലത്തെ ആളുകളും അശാസ്ത്രീയമായ പല അറിവുകളും കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കാര്യങ്ങളെ ചൊല്ലി പങ്കുവയ്ക്കുന്നത് കാണാറുണ്ട്.

തീര്‍ച്ചയായും ഭക്ഷണം തന്നെയാണ് കുഞ്ഞുങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ ഒന്നാമതായി നില്‍ക്കുന്നത്. മുതിര്‍ന്നവരുടെ ശരീരം ആവശ്യപ്പെടുന്നതല്ല കുഞ്ഞുങ്ങളുടെ കുഞ്ഞ് ശരീരത്തിന്റെ ആവശ്യം. നമ്മള്‍ താങ്ങുന്ന പലതും അവര്‍ക്ക് താങ്ങാനാകുന്നതല്ല. അത്തരം വിഷയങ്ങളെല്ലാം മനസില്‍ കരുതിവേണം അവരുടെ ഭക്ഷണകാര്യങ്ങള്‍ നോക്കാന്‍.

മേല്‍ സൂചിപ്പിച്ചത് പോലെ, ചില ഭക്ഷണങ്ങള്‍, ഭക്ഷണത്തിലെ തന്നെ ചില പ്രത്യേക ഘടകങ്ങള്‍ ഒന്നും കുഞ്ഞുങ്ങള്‍ക്ക് താങ്ങാനാകില്ല. അത്തരത്തില്‍ ഒരു വയസ് വരെ കുഞ്ഞുങ്ങള്‍ക്ക് നല്‍കിക്കൂടാത്ത നാല് പദാര്‍ത്ഥങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്...

പഞ്ചസാരയാണ് ഈ പട്ടികയില്‍ ഒന്നാമന്‍. നമ്മുടെ ശരീരം ആവശ്യപ്പെടുന്ന അത്രയും അളവ് പഞ്ചസാര ഒരിക്കലും കുഞ്ഞുങ്ങള്‍ക്ക് ആവശ്യമില്ല. അവരുടെ ശരീരം ആവശ്യപ്പെടുന്ന അളവിലുള്ള പഞ്ചസാരയാണെങ്കില്‍, പ്രകൃതിദത്തമായിത്തന്നെ അവര്‍ക്ക് കിട്ടുന്നുമുണ്ട്. ഉദാഹരണം, മുലപ്പാല്‍, അല്ലെങ്കില്‍ അവര്‍ കഴിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ കുറുക്ക് പോലുള്ള ഭക്ഷണം.

ഇതിന് പുറമെ അവര്‍ക്ക് നല്‍കുന്ന ഒരു ഭക്ഷണത്തിലും പഞ്ചസാര ചേര്‍ക്കരുത്. അത് അവരില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാന്‍ കാരണമാകും. പഞ്ചസാര മാത്രമല്ല, ചോക്ലേറ്റ്, മിഠായി, കോള, മറ്റ് പ്രോസസ്ഡ് ഭക്ഷണങ്ങള്‍ - ഇവയൊന്നും രുചി അറിയിക്കാന്‍ പോലും കുഞ്ഞുങ്ങള്‍ക്ക് നല്‍കരുത്.

രണ്ട്...

ഒരു വയസുവരെ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കരുതാത്ത രണ്ടാമത്തെ പദാര്‍ത്ഥം ഉപ്പ് ആണ്. കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ നിങ്ങള്‍ അതിശയിച്ചേക്കാം, ഉപ്പൊക്കെ കൊടുക്കുന്നത് കൊണ്ട് എന്താണ് പ്രശ്‌നം എന്ന് ചിന്തിക്കുകയും ചെയ്‌തേക്കാം. എന്നാല്‍ ആറ് മാസം തികയുന്നത് വരെ ഒരു തരി ഉപ്പ് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കരുത് എന്നാണ് ആരോഗ്യസംഘടനകള്‍ പറയുന്നത്.

അതിന് ശേഷം ഒരുവയസ് വരെ ഉപ്പ് കൊടുക്കുകയാണെങ്കില്‍ തന്നെ ദിവസത്തില്‍ ഒരു ഗ്രാമില്‍ കവിയാതെ ശ്രദ്ധിക്കണം. പഞ്ചസാരയുടെ കാര്യം പറഞ്ഞത് പോലെ തന്നെ, അവരുടെ ശരീരത്തിന് വേണ്ട ഉപ്പ് അഥവാ സോഡിയം അവര്‍ക്ക് മുലപ്പാലിലൂടെ തന്നെ കിട്ടുന്നുണ്ട്. അതില്‍ക്കവിഞ്ഞ് ഉപ്പ് ശരീരത്തിലെത്തിയാല്‍ അത് കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍, രക്തസമ്മര്‍ദ്ദം, എല്ല് രോഗങ്ങള്‍ എന്നിവയിലേക്ക് കുഞ്ഞിനെ ക്രമേണ നയിച്ചേക്കാം.

മൂന്ന്...

പല വീടുകളിലും പരമ്പരാഗതമായി പിന്തുടരുന്ന ഒരു പരിപാടിയാണ് കുഞ്ഞുങ്ങള്‍ക്ക് തേന്‍ നല്‍കുന്നത്. യഥാര്‍ത്ഥത്തില്‍ ഇതൊട്ടും ആരോഗ്യകരമല്ല. ഒരു വയസ് വരെ കര്‍ശനമായും തേന്‍ നല്‍കരുത് എന്നാണ് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

തേനില്‍ കാണപ്പെടാറുള്ള 'ക്ലോസ്ട്രിഡിയം ബോട്ടുലിനം' എന്ന ബാക്ടീരിയ കുഞ്ഞില്‍ 'ബോട്ടുലിസം' എന്ന അവസ്ഥ ഉണ്ടാക്കിയേക്കാം. വളരെ ഗുരുതരമായ അവസ്ഥയാണ് ബോട്ടുലിസം. ശരീരം തളര്‍ന്നുപോകുന്ന സാഹചര്യമാണ് ഇതുണ്ടാക്കുക.

നാല്...

പശുവിന്‍ പാല് ധാരാളം ആരോഗ്യഗുണങ്ങളുള്ള പാനീയം തന്നെയാണ്. അക്കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഒരു വയസ് വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല് നല്‍കരുത്. കുഞ്ഞുങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് പശുവിന്‍ പാലിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന പ്രോട്ടീന്‍ താങ്ങാനാകില്ലത്രേ.

അവയെ ദഹിപ്പിച്ചെടുക്കാന്‍ കുഞ്ഞുങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് കഴിയില്ല. അങ്ങനെ വരുമ്പോള്‍ അത് പല അസുഖത്തിലേക്കും കുഞ്ഞിനെ നയിക്കും. 'അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്' അവരുടെ ഒരു റിപ്പോര്‍ട്ടില്‍ കൃത്യമായി ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ ഡോക്ടര്‍മാരെല്ലാം എടുത്തുപറയുന്ന ഒരു ഘടകം കൂടിയാണിത്.