Asianet News MalayalamAsianet News Malayalam

Coronavirus: 'കൊറോണ വൈറസിന്‍റെ ഭാവി വകഭേദങ്ങള്‍ കൂടുതൽ അപകടകാരിയായേക്കാം'; ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ ഏറ്റവും മാരകമായ കൊവിഡ് തരംഗത്തിന് കാരണമായത് ഡെൽറ്റ വകഭേദമാണ്. ഇനിയും ഇത്തരത്തിലുള്ള മാരക വകഭേദങ്ങൾ കൊറോണ വൈറസിന് ഉണ്ടാകാമെന്നും ഡോ. മരിയ മുന്നറിയിപ്പ് നൽകുന്നു. 

Future Covid Variants Will Be More Transmissible says who
Author
Thiruvananthapuram, First Published Aug 24, 2022, 10:52 AM IST

കൊവിഡ് 19 രോഗവുമായുള്ള നമ്മുടെ പോരാട്ടം തുടങ്ങിയിട്ട് വര്‍ഷം മൂന്നായി. ഇതിനിടെ ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ പലതവണ ലോകരാജ്യങ്ങളെ കീഴ്പ്പെടുത്തി. ഇപ്പോഴിതാ കൊറോണ വൈറസിന്റെ ഭാവിയിൽ ഉണ്ടാകാനിടയുള്ള ജനിതക വകഭേദങ്ങൾ കൂടുതൽ വ്യാപനശേഷിയുള്ളതാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് ടെക്നിക്കൽ ലീഡ് ഡോ. മരിയ വാൻ കെർഖോവ്. പരിശോധനകളും ജനിതക സീക്വൻസിങ്ങും കുറഞ്ഞത് പുതിയ വകഭേദങ്ങളെ കണ്ടെത്താനുള്ള നമ്മുടെ ശേഷിയെ ബാധിച്ചിട്ടുണ്ടെന്നും ഡോ. മരിയ ട്വിറ്ററിൽ കുറിച്ചു.

ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, ഒമിക്രോൺ എന്നിങ്ങനെ ആശങ്ക പരത്തുന്ന നിരവധി വകഭേദങ്ങൾ കൊറോണ വൈറസിനുണ്ടായി. ഇതിൽ ഇന്ത്യയിൽ ഏറ്റവും മാരകമായ കൊവിഡ് തരംഗത്തിന് കാരണമായത് ഡെൽറ്റ വകഭേദമാണ്. ഇനിയും ഇത്തരത്തിലുള്ള മാരക വകഭേദങ്ങൾ കൊറോണ വൈറസിന് ഉണ്ടാകാമെന്നും ഡോ. മരിയ മുന്നറിയിപ്പ് നൽകുന്നു. 

ഇപ്പോള്‍ ഒമിക്രോൺ ആണ് കൊറോണ വൈറസിന്റെ പ്രബല വകഭേദം. ഇതിന് തന്നെ ബിഎ1, ബിഎ2, ബിഎ3, ബിഎ4, ബിഎ5 എന്നിങ്ങനെ പല വകഭേദങ്ങളുണ്ടായി. ബിഎ5 വകഭേദം 121 രാജ്യങ്ങളിലും ബിഎ4 വകഭേദം 103 രാജ്യങ്ങളിലും ഇപ്പോൾ പ്രബല കൊവിഡ് വകഭേദമാണ്. ഭാവി വകഭേദങ്ങൾക്ക് കൂടുതൽ വ്യാപനശേഷിയും മനുഷ്യരുടെ പ്രതിരോധ സംവിധാനത്തില്‍ നിന്നും രക്ഷപ്പെടാനുള്ള കഴിവും ഉണ്ടാകാമെന്നും ഡോ. മരിയ പറയുന്നു. 

 

 

 

പുതിയ വകഭേദങ്ങളെ കണ്ടെത്തുന്നതിൽ പരിശോധനയും സാംപിളുകളുടെ സീക്വൻസിങ്ങും നിർണായകമാണ്. കൊവിഡിന്‍റെ തീവ്രത കുറയ്ക്കുന്നതിൽ വാക്സിനുകള്‍ നിർണായക പങ്ക് വഹിച്ചതായും ഡോ. മരിയ കൂട്ടിച്ചേര്‍ത്തു. 

Also Read: കൊവിഡ് രോഗികളിൽ തീവ്രത കുറയ്ക്കാൻ പ്രമേഹ മരുന്ന് ഫലപ്രദം: പഠനം

Follow Us:
Download App:
  • android
  • ios