താരൻ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഉതിർന്നു പോകുന്ന അവസ്ഥ. ത്വക്കിൽ സ്ഥിതിചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികൾ അധികമായ തോതിൽ സേബം ഉത്പാദിപ്പിക്കുന്നതുമൂലം താരൻ ഉണ്ടാകുന്നു. ചിലതരം എണ്ണകളുടേയും സ്പ്രേകളുടേയും നിരന്തരമായ ഉപയോഗം താരനു കാരണമാകാറുണ്ട്. താരൻ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് മാർ​ഗങ്ങൾ...

ഒന്ന്...

ഉലുവയിൽ ധാരാളമായി അമിനോ ആസിഡുകളും പ്രോട്ടീനുകളുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചൊറിച്ചിൽ പ്രശ്നങ്ങളെ വേഗത്തിൽ ഇല്ലാതാക്കുകയും ചെയ്യും. രണ്ട് ടേബിൾ സ്പൂൺ ഉലുവ 1-2 കപ്പ് വെള്ളത്തിൽ ഒരു രാത്രി മുഴുവൻ മുക്കിവയ്ക്കുക. പിറ്റേന്ന് രാവിലെ, അവയെ നല്ല പേസ്റ്റാക്കി പൊടിച്ച് തലയോട്ടിയിൽ പുരട്ടുക. 30-45 മിനുട്ട് കാത്തിരിക്കുക. ശേഷം നേരിയ ഷാംപൂ ഉപയോഗിച്ച് കഴുകുക.

രണ്ട്...

ചെറുനാരങ്ങ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണം ചെയ്യുന്ന മോയ്സ്ചറൈസർ ആണ്. ബ്ലാക്ക് ഹെഡുകൾ നീക്കം ചെയ്യുന്നതു മുതൽ പല്ല് വെളുപ്പിക്കുന്നതുവരെ നാരങ്ങയുടെ ഗുണങ്ങൾ നീളുന്നു. താരൻ അകറ്റാനും നാരങ്ങ സഹായിക്കും. നാരങ്ങനീര് തലയോട്ടിയിൽ പുരട്ടി നന്നായി തടവുക എല്ലായിടത്തും ഇത് എത്തുന്നുണ്ടെന്ന് ഉറപ്പിക്കണം. ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ഒരു കപ്പു വെള്ളത്തിൽ ചേർത്ത് തലയിൽ തേച്ച് കഴുകുക. താരൻ പൂർണമായി മാറും വരെ ഇത് ദിവസവും ചെയ്യുക. 

മൂന്ന്...

 താരൻ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് കറ്റാർവാഴ.  15 മിനിറ്റ് കറ്റാർ വാഴ ജെൽ തലയോട്ടിയിൽ പുരട്ടുക. ശേഷം, മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. താരൻ കുറയുന്നത് വരെ ആഴ്ചയിൽ മൂന്ന് തവണ പുരട്ടുക.