പല കാരണങ്ങള്‍ കൊണ്ടുമാകാം ഒരാള്‍ക്ക് ക്ഷീണം തോന്നുന്നത്. വയറ് സംബന്ധമായ പ്രശ്‌നങ്ങള്‍, ഏതെങ്കിലും അസുഖത്തിന് മരുന്ന് കഴിക്കുന്നത്, മാനസിക സമ്മര്‍ദ്ദം, - ഇങ്ങനെ പലതാകാം കാരണങ്ങള്‍. ഇനി, ജലദോഷം പോലുള്ള ചെറിയ അണുബാധയില്‍ തുടങ്ങി ഗുരുതരമായ അസുഖങ്ങളുടെ ലക്ഷണമായും ക്ഷീണം അനുഭവപ്പെട്ടേക്കാം. അതിനാല്‍ എപ്പോഴും ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ ആദ്യം തന്നെ ഒരു ഡോക്ടറെ കണ്ട് ഇതിനുള്ള കാരണം അന്വേഷിക്കണം. 

ദഹനപ്രശ്‌നങ്ങള്‍, അനീമിയ, മാനസിക സമ്മര്‍ദ്ദം, മരുന്നിന്റെ സൈഡ് എഫക്ട് ഇങ്ങനെയെല്ലാം അപകടകരമായതല്ലാത്ത കാരണങ്ങള്‍ മൂലമാണ് നിങ്ങള്‍ക്ക് ക്ഷീണം തോന്നുന്നത് എന്ന് കണ്ടെത്തിയാല്‍, മിക്കവാറും ഡയറ്റിലൂടെയും ജീവിതശൈലിയിലൂടെയും തന്നെ ഇതിനെ മറികടക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുക. അത്തരം സാഹചര്യത്തില്‍ മാത്രം ക്ഷീണത്തെ മറികടക്കാന്‍ ചെയ്യാവുന്ന ഒരു പൊടിക്കൈ ആണ് പറയുന്നത്. 

എല്ലാ വീടുകളിലും എല്ലായ്‌പ്പോഴും സൂക്ഷിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി ഉപയോഗിച്ചാണ് നമ്മള്‍ ക്ഷീണത്തെ ചെറുക്കാന്‍ ശ്രമിക്കുന്നത്. ഒന്നാമത്, വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍- പ്രത്യേകിച്ച് ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് ഇഞ്ചി. അതിനാല്‍ വയറ്റിലെ അസ്വസ്ഥതകള്‍ മൂലമുണ്ടാകുന്ന ക്ഷീണത്തെ ഇഞ്ചി ഉപയോഗിച്ച് എളുപ്പത്തില്‍ പരിഹരിക്കാനുമാകും.

ഇത് കൂടാതെ, ഇഞ്ചിയിലടങ്ങിയിരിക്കുന്ന 'Shaogals' എന്ന പദാര്‍ത്ഥം ക്ഷീണത്തെ മറികടക്കാന്‍ സഹായിക്കും. അതുപോലെ രക്തസമ്മര്‍ദ്ദത്തെ സന്തുലിതപ്പെടുത്താന്‍ സഹായിക്കുന്ന ഹോര്‍മോണുകളുണ്ടാക്കുന്നതിന് ഇഞ്ചി ഏറെ ഉപകാരപ്പെടുന്നുവെന്നും പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. രക്തസമ്മര്‍ദ്ദം വരുതിയിലായി നില്‍ക്കുമ്പോഴും ക്ഷീണം അനുഭവപ്പെടില്ല. 

ഇനി, എങ്ങനെയെല്ലാമാണ് ഇഞ്ചി ഡയറ്റിലുള്‍പ്പെടുത്തേണ്ടതെന്ന് പറയാം. ദിവസത്തില്‍ നാല് ഗ്രാമോളം ഇഞ്ചിയാണ് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ളത്. രാവിലെ ഉണര്‍ന്നയുടന്‍ കഴിക്കുന്ന ചായയില്‍ ചേര്‍ത്ത് തന്നെ ഇത് കഴിച്ചുതുടങ്ങാം. ഇഞ്ചി ചതച്ചെടുത്ത നീരോ, അല്ലെങ്കില്‍ നന്നായി ചതച്ച ഇഞ്ചി തന്നെയോ ചായയില്‍ ചേര്‍ക്കാം. 'മോണിംഗ് സിക്ക്‌നെസ്' ഉള്ളവര്‍ക്ക് ഇത് മറികടക്കാനും ഇഞ്ചിച്ചായ ഏറെ സഹായകമാണ്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്ക്, ഇത് ഏറെ ഉപകാരപ്രദമാണ്. 

അധികം വേവിച്ച് കഴിഞ്ഞാല്‍ ഇഞ്ചിയുടെ ഗുണങ്ങള്‍ നഷ്ടപ്പെട്ട്‌പോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇഞ്ചിയെ അത്തരത്തില്‍ പാകം ചെയ്ത് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തുളസിയില അരച്ചെടുത്ത് അതിന്റെ കൂട്ടത്തില്‍ ഇഞ്ചിനീരും അല്‍പം തേനും ചേര്‍ത്ത് കഴിക്കുന്നതും വളരെ നല്ലതാണ്. അതുപോലെ ഇഞ്ചിനീരും നാരങ്ങാനീരും ചേര്‍ത്ത് കഴിക്കുന്നതും ഉത്തമം തന്നെ. 

എന്തായാലും ഇഞ്ചി കൊണ്ടുള്ള പൊടിക്കൈ എല്ലാവരിലും ഒരുപോലെ വിജയിക്കണമെന്നോ പരാജയപ്പെടണമെന്നോ ഇല്ല. ഓരോരുത്തരുടേയും ആരോഗ്യാവസ്ഥ, പ്രായം, അസുഖങ്ങള്‍, ഇങ്ങനെ പല ഘടകങ്ങളും ഇതില്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നിരിക്കിലും ഇഞ്ചി ചേര്‍ത്തുള്ള പാനീയങ്ങളോ, മറ്റ് കൂട്ടുകളോ കഴിക്കുന്നതിനാല്‍ പ്രത്യേകിച്ച് ഒരു മോശം ഫലവും ശരീരത്തിനുണ്ടാകില്ലെന്നതിനാല്‍ തന്നെ, ഇത് ആര്‍ക്കും ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതേയുള്ളൂ.