Asianet News MalayalamAsianet News Malayalam

പ്രമേഹമുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പത്ത് ഭക്ഷണങ്ങള്‍...

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്.

Guidelines To Take Care Of Diabetics
Author
Thiruvananthapuram, First Published Jan 7, 2020, 11:56 AM IST

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് എല്ലാവര്‍ക്കും അറിയാം.  പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

1. പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ശരീരത്തിനാവശ്യമായ ആന്‍റിഓക്സിഡന്‍റുകളും ധാതുക്കളും ഇതിലുണ്ട്. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ ദഹിക്കാനും എളുപ്പമാണ്. ഇതിലടങ്ങിയ ജീവകം ബിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. 

2. പാവയ്ക്ക കയ്പ്പാണെങ്കിലും ധാരാളം ​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച ഭക്ഷണമാണിത്. പാവയ്ക്കയിൽ, ഇൻസുലിനെ ഇമിറ്റേറ്റ് ചെയ്യുന്ന Poly peptide-P അഥവാ P- insulin എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്.

3. പലർക്കും അത്ര താൽപ്പര്യം ഇല്ലാത്ത പച്ചക്കറിയാണ് റാഡിഷ്. എന്നാൽ പ്രമേഹരോഗികൾക്ക് ഏറെ നല്ല ഭക്ഷണമാണിത്. നാരുകൾ ധാരാളം ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കറിവച്ചും സാലഡിൽ ചേർത്തും സൂപ്പ് ആക്കിയും റാഡിഷ് ഉപയോഗിക്കാം. 

4. പ്രമേഹരോ​ഗികൾ ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ബദാമില്‍ അടങ്ങിയിരിക്കുന്ന മാഗ്നീസാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. പ്രമേഹ രോഗികള്‍ സ്റ്റാര്‍ച്ച് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുന്‍പ് ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 30 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ജേണല്‍ മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. 

5.  അവക്കാഡോ പഴം കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. Molecular Nutrition and Food Research എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവക്കാഡോ പഴം നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം വരാതിരിക്കാന്‍ ഏറെ ഗുണം ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നത്. അവക്കാഡോയില്‍ കാണപ്പെടുന്ന ഒരു മൂലകം ഇന്‍സുലിനെ തടയുന്നത് നിയന്ത്രിക്കുമെന്നും പഠനം പറയുന്നു. മനുഷ്യരില്‍ ഈ പഠനം നടത്തിയതായാണ് ഗവേഷകര്‍ പറയുന്നത്. 

6. മുട്ട രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ സഹായിക്കുമെന്ന് യുകെയിലെ നാഷണൽ ഹെൽത്ത് സ്റ്റഡിയിൽ പറയുന്നു. പ്രോട്ടീൻ ഡയറ്റിന്റെ ഭാഗമായി ദിവസവും രണ്ടു മുട്ട കഴിച്ച പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെട്ടതായി കണ്ടു. മുട്ട, ടൈപ്പ് 2 പ്രമേഹത്തിന് ആരോഗ്യകരമായ സമീകൃതാഹാരത്തിന്റെ ഭാഗമാക്കണമെന്ന് പഠനം പറയുന്നു. 

7. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന പദാർഥങ്ങള്‍ മത്തങ്ങാക്കുരുവിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ടൈപ്പ് ടു പ്രമേഹത്തിന്‍റെ സാധ്യത ഇല്ലാതാക്കുന്ന ധാരാളം ഫൈബറുകളാല്‍ സമ്പുഷ്ടമാണ് മത്തങ്ങാക്കുരു.

8. ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹം തടയാൻ മാത്രമല്ല ഹൃദ്രോ​ഗങ്ങൾ അകറ്റാനും അമിതവണ്ണം കുറയ്ക്കാനും ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ വളരെ നല്ലതാണെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

9.  പ്രമേഹമുള്ളവർ ധാന്യങ്ങള്‍, ഓട്ട്‌സ്, ബാര്‍ലി തുടങ്ങിയവ കഴിക്കുന്നതില്‍ കുഴപ്പമില്ല. ദഹനേന്ദ്രിയത്തില്‍ നിന്നും കാര്‍ബോഹൈട്രേറ്റുകളെ വലിച്ചെടുക്കുന്ന പ്രക്രിയ സാവധാനത്തിലാക്കുന്ന നാരുകളുടെ സാന്നിധ്യമാണ് ഇത്തരം ഭക്ഷണങ്ങളെ ആശാസ്യമാക്കുന്നത്. അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് ഇന്‍സുലിന്‍ ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു.

10. ടൈപ്പ് 2 പ്രമേഹം തടയാൻ ഏറ്റവും നല്ലതാണ് നെല്ലിക്ക ജ്യൂസ്. പ്രമേഹമുള്ളവർ ദിവസവും ഒരു നെല്ലിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാം. നെല്ലിക്കയിലെ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. നെല്ലിക്കാ ജ്യൂസിൽ അൽപം മഞ്ഞൾ ചേർത്ത് കഴിക്കുന്നത് ടെെപ്പ് 2 പ്രമേഹം തടയാൻ സഹായിക്കും. 

Follow Us:
Download App:
  • android
  • ios