തൊലിപ്പുറത്ത് കാണുന്ന രോഗങ്ങള്‍ ആരോഗ്യപ്രശ്‌നം എന്നതിനൊപ്പം തന്നെ വലിയ രീതിയില്‍ മാനസികപ്രശ്‌നങ്ങള്‍ക്കും ഇടയാക്കാറുണ്ട്. 'എക്‌സീമ' അഥവാ വരട്ടുചൊറി പോലുള്ള ചര്‍മ്മരോഗങ്ങള്‍ പലപ്പോഴും മോശമായ തരത്തിലാണ് ആളുകള്‍ എടുക്കാറ്. ഇത്തരം സമീപനങ്ങള്‍ രോഗിയില്‍ മാനസികപ്രശ്‌നങ്ങളുണ്ടാക്കുന്നു. 

അതിനാല്‍ തന്നെ ചര്‍മ്മരോഗങ്ങളെ സാരമായ വിഷയമായിത്തന്നെയാണ് എല്ലാവരും കാണുന്നത്. പല കാരണങ്ങള്‍ മൂലമാകാം, തൊലിപ്പുറത്ത് അസ്വസ്ഥതകളോ മറ്റ് അസുഖങ്ങളോ ഉണ്ടാകുന്നത്. ഭക്ഷണം, ജീവിതശൈലി, മാനസികസമ്മര്‍ദ്ദം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ തൊട്ട് നമ്മളെ ബാധിച്ചിരിക്കുന്ന- എന്നാല്‍ ഇതുവരെ നാം തിരിച്ചറിഞ്ഞിട്ടില്ലാത്ത അസുഖങ്ങള്‍ വരെയാകാം ഇതിന് കാരണമാകുന്നത്.

ഇക്കൂട്ടത്തില്‍ നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള കാരണങ്ങള്‍ കൂടി ഉള്‍പ്പെട്ടേക്കാമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് പ്രമുഖ സ്‌കിന്‍ സ്‌പെഷ്യലിസ്റ്റായ ഡോ. നിധി സിംഗ് ടാന്‍ഡണ്‍. വയറിന്റെ ആരോഗ്യം അഥവാ ദഹനാവയവങ്ങളുടെ ആരോഗ്യം മോശമാകുന്നത് ചര്‍മ്മരോഗങ്ങളിലേക്ക് വഴിവയ്ക്കാറുണ്ടെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 

പലപ്പോഴും ചര്‍മ്മരോഗങ്ങളും വയറിന്റെ ആരോഗ്യവും തമ്മിലുള്ള 'കണക്ഷന്‍' കണ്ടെത്തപ്പെടാതെ പോകാറുണ്ടെന്നും ഇത് തികച്ചും സാധാരണയായി കാണപ്പെടുന്ന പ്രശ്‌നമാണെന്നും ഡോക്ടര്‍ പറയുന്നു. 

നമ്മുടെ ശരീരത്തിന്റെ സുഗമമായ പല പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് വയറിനകത്ത് കാണപ്പെടുന്ന 'മൈക്രോബയോംസ്' അഥവാ ബാക്ടീരിയകള്‍ പോലുള്ള സൂക്ഷ്മജീവികളാണ്. ഇവയുടെ സന്തുലിതാവസ്ഥ നശിച്ചുപോകുന്നത് നമ്മളെ പല തരത്തിലാണ് ബാധിക്കുക. 

നമ്മള്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ് വയറിന്റെ ആരോഗ്യത്തില്‍ വലിയ പങ്ക് വഹിക്കുന്നത്. ഡയറ്റ് മോശമാകുമ്പോള്‍ അത് ദഹനാവയവങ്ങളുടെ അവസ്ഥയേയും മോശമാക്കുന്നു. ഇത് പിന്നീട് ശരീരത്തിലെ ചില പ്രോട്ടീനുകളുടെ നിലനില്‍പിനെയും ബാധിക്കുന്നു. തന്മൂലമാണ് ചര്‍മ്മത്തില്‍ അസ്വസ്ഥതകളുണ്ടാകുന്നതെന്ന് ഡോക്ടര്‍ വിശദീകരിക്കുന്നു. 

Also Read:- ദഹന പ്രശ്നങ്ങൾ അകറ്റാം, രോ​ഗപ്രതിരോധ ശേഷി കൂട്ടാം; വീട്ടിലുണ്ട് അഞ്ച് പ്രതിവിധികൾ...

ഡയറ്റില്‍ സൂക്ഷ്മത പുലര്‍ത്തല്‍ തന്നെയാണ് ഈ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, നട്ട്‌സ്, സീഡ്‌സ്, ഫൈബറും ആന്റി ഓക്‌സിഡന്റുകളുമടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നതിലൂടെ വയറിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാമെന്നും അദ്ദേഹം പറയുന്നു.