Asianet News MalayalamAsianet News Malayalam

തക്കാളിപ്പനി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഡോക്ടർ പറയുന്നത്

ഈ മഴക്കാലത്ത്‌ പത്ത്‌ വയസ്സിൽ താഴെയുള്ള കുട്ടികളിലും അപൂർവ്വമായി മുതിർന്നവർക്കും തക്കാളിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്‌. പനി, ക്ഷീണം, കൈവെള്ളയിലും കാൽവെള്ളയിലും വായ്‌ക്കകത്തും ചന്തിയുടേയും കൈകാൽ മുട്ടുകളുടെയും ഭാഗത്തും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കൻപോക്‌സ് പോലെ പൊള്ളകളാവുന്നതാണ്‌ ലക്ഷണം. 

Hand Foot Mouth Disease symptoms and prevention
Author
Trivandrum, First Published Jul 30, 2019, 9:27 PM IST

തക്കാളിപ്പനിയെ കുറിച്ച് അധികം ആരും കേട്ടിട്ടുണ്ടാകില്ല. ഈ മഴക്കാലത്ത്‌ പത്ത്‌ വയസ്സിൽ താഴെയുള്ള കുട്ടികളിലും അപൂർവ്വമായി മുതിർന്നവർക്കും തക്കാളിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഡോ. ഷിംന അസീസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. 

പനി, ക്ഷീണം, കൈവെള്ളയിലും കാൽവെള്ളയിലും വായ്‌ക്കകത്തും ചന്തിയുടേയും കൈകാൽ മുട്ടുകളുടെയും ഭാഗത്തും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കൻപോക്‌സ് പോലെ പൊള്ളകളാവുന്നതാണ്‌ ഇതിന്റെ ലക്ഷണങ്ങൾ. കുട്ടികളിൽ തക്കാളിപ്പനി പിടിപ്പെട്ടാൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നതിനെ പറ്റി ഡോ. ഷിംന അസീസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. 

ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു...

നിർത്താത്ത കുഞ്ഞിക്കരച്ചിൽ കേട്ട്‌ സഹിക്കവയ്യാതെയാണ്‌ ആ അമ്മ ഇന്നലെ പാതിരാത്രി വിളിച്ചത്‌. "കുഞ്ഞിന്‌ തക്കാളിപ്പനിയാ ഡോക്‌ടറേ. കാലിന്റടിയിൽ ചൊറിഞ്ഞിട്ട്‌ അവനുറങ്ങുന്നില്ല. നിങ്ങളെ ശല്യപ്പെടുത്തണമെന്ന്‌ കരുതിയതല്ല. വെള്ളമിറക്കാൻ പോലുമാകുന്നില്ലവന്‌. തൊണ്ടയിൽ മുള്ളുണ്ടെന്ന്‌ പറഞ്ഞ്‌ കരച്ചിലോട്‌ കരച്ചിലാണ്‌. സഹായിക്കണം."

ഈ മഴക്കാലത്ത്‌ പത്ത്‌ വയസ്സിൽ താഴെയുള്ള ഒരുപാട്‌ കുഞ്ഞുങ്ങൾക്കും അപൂർവ്വമായി മുതിർന്നവർക്കും തക്കാളിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്‌. പല സ്‌കൂളുകളിലും ഡേ കെയറിലുമൊക്കെ ഒന്നടങ്കം ഈ രോഗം വരുന്നതായും കാണുന്നു. എന്താണ്‌ ഈ സംഗതി?

'തക്കാളിപ്പനി' കാലാകാലങ്ങളായി ഇവിടുള്ള HFMD അഥവാ Hand Foot Mouth Disease ആണ്‌. കോക്‌സാക്കി വൈറസ്‌ അല്ലെങ്കിൽ എന്ററോവൈറസ്‌ ഉണ്ടാക്കുന്ന ഈ എടങ്ങേറ്‌ പിടിച്ച സൂക്കേട്‌ അപകടകാരിയല്ലയെങ്കിലും മക്കൾക്ക്‌ വല്ലാത്ത അസ്വസ്‌ഥതയുണ്ടാക്കുന്നതാണ്‌.

പനി, ക്ഷീണം, കൈവെള്ളയിലും കാൽവെള്ളയിലും വായ്‌ക്കകത്തും ചന്തിയുടേയും കൈകാൽ മുട്ടുകളുടെയും ഭാഗത്തും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കൻപോക്‌സ് പോലെ പൊള്ളകളാവുന്നതാണ്‌ ലക്ഷണം. ചിക്കൻപോക്‌സ്‌ കൈവെള്ളയിലും കാൽവെള്ളയിലും പൊങ്ങാറില്ല. വായയുടെ അകത്ത്‌ പിറകുവശത്തായി വരുന്ന പൊള്ളകൾ കാരണം കുഞ്ഞിന്‌ മരുന്ന്‌ പോയിട്ട്‌ പച്ചവെള്ളം പോലും ഇറക്കാൻ പറ്റാത്ത സ്‌ഥിതി വരുന്നതാണ്‌ ഏറ്റവും വിഷമകരമായ പ്രായോഗിക ബുദ്ധിമുട്ട്.

രോഗമുള്ളവരിൽ നിന്നും നേരിട്ടാണിത്‌ പകരുന്നത്‌. രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്‌ത്രങ്ങളും മറ്റും തൊടുന്നത്‌ വഴി പോലും പകരാവുന്ന ഈ രോഗം നിയന്ത്രിക്കാൻ പാടാണ്‌. രോഗം വന്ന്‌ കഴിഞ്ഞാൽ കുഞ്ഞിന്റെ ലക്ഷണങ്ങൾക്കനുസരിച്ച്‌ ചികിത്സിക്കാം. പനി, വേദന തുടങ്ങിയവക്ക്‌ പാരസെറ്റമോളും കൂടാതെ ചൊറിച്ചിലിനുള്ള മരുന്നുകൾ, വായ്‌ക്കകത്ത്‌ പുണ്ണ്‌ പോലെ വരുന്നതിനുള്ള മരുന്ന്‌ തുടങ്ങിയവയാണ്‌ പതിവ്‌. രോഗം മാറി ആഴ്‌ചകൾക്ക്‌ ശേഷം ചിലപ്പോൾ കൈയിലെയോ കാലിലെയോ നഖം നഷ്‌ടപ്പെടുന്നത്‌ കണ്ടുവരാറുണ്ട്‌. ഇത്‌ കണ്ട്‌ ഭയക്കേണ്ടതില്ല. കുറച്ച്‌ വൈകിയാലും പുതിയ നഖം വരും. ഈ രോഗം മസ്‌തിഷ്‌കജ്വരത്തിനും കാരണമാകാമെങ്കിലും അത്ര സാധാരണമല്ല.

രോഗം വന്ന്‌ കഴിഞ്ഞാൽ കുഞ്ഞിനെ ദിവസവും കുളിപ്പിക്കുക. കുളിപ്പിക്കുമ്പോൾ തേച്ചുരച്ച്‌ പൊള്ള പൊട്ടിക്കരുത്‌. നന്നായി സോപ്പ്‌ തേച്ച്‌ വൃത്തിയായി കുളിപ്പിക്കുക. വാശി തികച്ചും സ്വാഭാവികമാണ്‌. അത്രയേറെ അസ്വസ്ഥത ഉള്ളത്‌ കൊണ്ട്‌ തന്നെയാണ്‌ കുഞ്ഞ്‌ വഴക്കുണ്ടാക്കുന്നത്‌. സാരമില്ല, ക്ഷമയോടെയിരിക്കുക. വായ്‌ക്കകത്തെ ബുദ്ധിമുട്ട് കുറയ്‌ക്കാൻ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുത്ത്‌ നോക്കാം. ബ്രഡ്‌ ആവി കയറ്റി വക്ക്‌ കളഞ്ഞ്‌ പാലൊഴിച്ചതോ ചെറിയ പഴം ഉടച്ചതോ ആപ്പിളോ സപ്പോട്ടയോ സ്‌പൂൺ കൊണ്ട്‌ ചുരണ്ടിയതോ വേവിച്ചുടച്ച കഞ്ഞിയോ ബിസ്‌ക്കറ്റോ അങ്ങനെ ഇറക്കാനും ദഹിക്കാനും എളുപ്പമുള്ള എന്തും കുഞ്ഞിന്‌ കൊടുക്കാം. തൽക്കാലം കുട്ടി വിശന്നിരിക്കരുത്‌ എന്നത്‌ മാത്രമാണ്‌ നമ്മുടെ വിഷയം. അതിലപ്പുറം ആ വാശിപ്പൈതലിനെയും കൊണ്ട്‌ നമുക്ക്‌ ഒന്നിനും സാധിച്ചേക്കില്ല. കിട്ടുന്ന നേരത്ത്‌ അമ്മയോ അച്‌ഛനോ കുഞ്ഞിനെ നോക്കുന്ന മറ്റാരുമോ ആവട്ടെ, വല്ലതും കഴിക്കാനും ഉറങ്ങാനും നോക്കുക. നിങ്ങൾ ഉണ്ണാതെയും ഉറങ്ങാതെയും തല കറങ്ങി വീണാൽ കുഞ്ഞിന്റെ കാര്യം കഷ്‌ടത്തിലാകും.

മുലയൂട്ടുന്ന കുഞ്ഞാണെങ്കിൽ, വലിച്ച്‌ കുടിക്കാൻ പറ്റാത്ത അവസ്‌ഥ കണ്ടുവരാറുണ്ട്‌. സ്‌റ്റീൽ പാത്രവും സ്‌പൂണും നന്നായി കഴുകിയ ശേഷം അഞ്ച്‌ മിനിറ്റ്‌ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ അണുനശീകരണം നടത്തുക. ആ പാത്രം പുറത്തെടുത്ത്‌ അതിലേക്ക്‌ മുലപ്പാൽ പിഴിഞ്ഞ്‌ കുഞ്ഞിന്‌ കോരിക്കൊടുക്കാം. പിഴിഞ്ഞ പാൽ ആവശ്യത്തിന്‌ മാത്രം മേൽപ്പറഞ്ഞ രീതിയിൽ ശുദ്ധീകരിച്ച പാത്രത്തിലേക്ക്‌ മാറ്റി അതിൽ നിന്ന്‌ കോരിക്കൊടുക്കുക. ബാക്കിയുള്ള പാൽ ആറ്‌ മണിക്കൂർ വരെ അന്തരീക്ഷതാപനിലയിലും 24 മണിക്കൂർ വരെ ഫ്രിഡ്‌ജിലും വെക്കാം. മുലപ്പാൽ ഇതിലധികം നേരവും ഫ്രിഡ്‌ജിൽ വെക്കാമെന്ന്‌ ഗൂഗിളിൽ വായിച്ചെന്നാണോ? അതിന്‌ ഉചിതമായ സാഹചര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്‌. വിശദമാക്കി പിന്നീടെഴുതാം. ഏതായാലും, ഈ പാൽ ഫ്രിഡ്ജിൽ നിന്ന്‌ പുറത്തെടുത്ത്‌ നോർമൽ താപനില എത്തിയ ശേഷം ഉപയോഗിക്കാം. ചൂടാക്കരുത്‌.

കുഞ്ഞിനെ തൊടുന്നതിന്‌ മുൻപും ശേഷവും കൈ സോപ്പിട്ട്‌ കഴുകുക. മലം, തുപ്പൽ, ഛർദ്ദിൽ തുടങ്ങിയവ വഴി രോഗം പടരാം. ഒരാഴ്‌ച മുതൽ പത്ത്‌ ദിവസം കൊണ്ട്‌ രോഗം പൂർണമായും മാറും. അത്‌ വരെ കുഞ്ഞിനെ സ്‌കൂളിൽ വിടരുത്‌. അവിടെയാകെ മൊത്തം രോഗം പടരാൻ നമ്മുടെ കുഞ്ഞ്‌ കാരണമാകും. ടെൻഷൻ ആവാൻ ഒന്നുമില്ല. എങ്കിലും, ഡോക്‌ടർ രോഗം നിർണയിച്ച്‌ വീട്ടിൽ പറഞ്ഞ്‌ വിട്ട ശേഷവും കുഞ്ഞ്‌ കടുത്ത അസ്വസ്ഥതകൾ കാണിക്കുന്നുവെങ്കിൽ ഡോക്‌ടറെ വീണ്ടും ചെന്ന്‌ കാണിക്കുക. ഒരിക്കൽ വന്നാൽ വീണ്ടും വരാൻ സാധ്യതയുള്ള രോഗവുമാണ്‌.

കുറച്ച്‌ വാശി സ്വാഭാവികമാണ്‌. രോഗം തനിയെ മാറുകയും ചെയ്യും. എന്നാലും ജാഗ്രതയോടെയിരിക്കുക. മക്കൾ കരയുന്നത്‌ കാണാൻ ഇഷ്‌ടപ്പെടുന്നവരല്ലല്ലോ നമ്മളാരും.

Follow Us:
Download App:
  • android
  • ios