ഭൂരിഭാഗം പേരും ചായ കുടിച്ചാണ് ദിവസം തുടങ്ങുന്നത്. രാവിലെയും വെെകുന്നേരവും ഒരു ചായ നിർബന്ധമാണല്ലോ. കടുത്ത ക്ഷീണമകറ്റാനും ഇടയ്ക്കൊന്ന് ഫ്രെഷാവാനും കാപ്പിയെക്കാളും ചായയാണ് ഇന്ന് അധികം പേരും കുടിക്കുന്നത്. ചായയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നവരുമുണ്ട്.

ദഹനം ശരിയാക്കാന്‍, തലവേദന ഒഴിവാക്കാന്‍, ടെന്‍ഷന്‍ കുറയ്ക്കാന്‍ എന്നിങ്ങനെ പല ഗുണങ്ങളും അവകാശപ്പെടുന്ന ചായ ഉല്‍പ്പന്നങ്ങള്‍ ഇന്ന് വിപണിയിലുണ്ട്. എന്നാല്‍ ചായയില്‍ ഒളിഞ്ഞിരിക്കുന്ന ചില അപകടവശങ്ങളുമുണ്ട്. ചായ വില്ലനാവുന്നത് എങ്ങനെയെന്ന് അറിയേണ്ടേ...

ഒന്ന്...

തേയില വളരെ ഫ്രഷാണ്. അതിൽ കീടനാശിനിയൊന്നുമില്ലെന്നാണ് പലരുടെയും ധാരണ. 'ഓര്‍ഗാനിക് ചായ ' എന്ന ലേബലില്‍ അല്ലാതെ വരുന്ന മിക്ക തേയിലപ്പൊടികളും കീടനാശിനി തെളിച്ച തേയിലയിലയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നതാണ്.  ഇത് ക്രമേണ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഇതുമൂലം സമ്മർദ്ദം, ഉത്കണ്ഠ, പ്രമേഹം, മുടികൊഴിച്ചില്‍, ക്യാൻസർ, വന്ധ്യത തുടങ്ങി പ്രശ്നങ്ങളുണ്ടാകാം.

രണ്ട്...

എല്ലാ ഭക്ഷണങ്ങളിലും ഫ്ലേവര്‍ ചേർക്കാറുണ്ട്. കൃത്രിമ ഫ്ലേവറുകള്‍ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കൃത്രിമ ഫ്ലേവറുകള്‍ ചേര്‍ത്ത ചായ ഇന്ന് സുലഭമാണ്. എന്നാല്‍ ഇത് പ്രകൃതിദത്തമല്ല. അതുകൊണ്ടുതന്നെ ഇവ ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്.

മൂന്ന്...

പേപ്പര്‍ ടീ ബാഗുകള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നണ് വിദഗ്ധര്‍ പറയുന്നത്. ടീ ബാഗില്‍ അടങ്ങിയിരിക്കുന്ന കെമിക്കല്‍ ഉയര്‍ന്ന ചൂടിനു വിധേയമാകുമ്പോള്‍ കാർസിനോജൻ എന്ന രാസവസ്​തു ശ്വാസകോശത്തിൽ അർബുദത്തിന് കാരണമാകുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.