ജനപ്രിയ ട്രോള്‍ കൂട്ടായ്മകളായ ഐസിയു, ട്രോള്‍ റിപ്പബ്ലിക്, ട്രോൾ മലയാളം, എസ് സി ടി (സ്‌കൂള്‍ കോളേജ് ട്രോള്‍സ്) എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് ട്രോള്‍ മത്സരം സംഘടിപ്പിക്കുന്നത്. ജനുവരി എട്ട് വരെയാണ് മത്സരത്തിന്റെ കാലാവധി

തിരുവനന്തപുരം: ആരോഗ്യവിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ആവശ്യമായ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ട്രോള്‍ മത്സരം സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. 'ആര്‍ദ്രം ജനകീയ ക്യാംപയിന്‍'ന്റെ ഭാഗമായാണ് പുതിയ രീതിയിലുള്ള ബോധവത്കരണവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. 

ജനപ്രിയ ട്രോള്‍ കൂട്ടായ്മകളായ ഐസിയു, ട്രോള്‍ റിപ്പബ്ലിക്, ട്രോൾ മലയാളം, എസ് സി ടി (സ്‌കൂള്‍ കോളേജ് ട്രോള്‍സ്) എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് ട്രോള്‍ മത്സരം സംഘടിപ്പിക്കുന്നത്. ജനുവരി എട്ട് വരെയാണ് മത്സരത്തിന്റെ കാലാവധി. 

ഈ കാലയളവില്‍ ആരോഗ്യസംബന്ധമായ വിഷയങ്ങളില്‍ ട്രോളുകള്‍ തയ്യാറാക്കി ക്യാംപയിന്‍ നടക്കുന്ന പേജുകളിലേക്ക് അയക്കുക. ലഹരിമരുന്നുകള്‍ക്കെതിരായ ബോധവത്കരണം, ജങ്ക് ഫുഡ് സംസ്‌കാരത്തില്‍ നിന്നുള്ള മോചനം, മാനസികാരോഗ്യം, വ്യായാമത്തിന്റെ പ്രാധാന്യം, ശരിയായ ആഹാരശീലം, വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ട്രോളുകള്‍ ചെയ്യേണ്ടത്. 

ഓരോ പേജിലും എത്തുന്ന മികച്ച പോസ്റ്റുകളില്‍ മൂന്നുപേര്‍ക്ക് ആരോഗ്യവകുപ്പിന്റെ ക്യാഷ്‌പ്രൈസും പ്രശസ്തി പത്രവും നല്‍കും. ഒന്നാമതെത്തുന്നയാള്‍ക്ക് 5000 രൂപ, രണ്ടാമതെത്തുന്നയാള്‍ക്ക് 3000 രൂപ, മൂന്നാമതെത്തുന്നയാള്‍ക്ക് 2000 രൂ എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ്. ജനുവരി 12ന് ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിലായിരിക്കും വിജയികള്‍ക്കുള്ള സമ്മാനവിതരണം.