Asianet News MalayalamAsianet News Malayalam

'കേരളത്തില്‍ ഒരു മന്ത്രിസഭ ഇല്ലെങ്കിലും ആരോഗ്യരംഗം പ്രവര്‍ത്തിക്കും'; വിമര്‍ശനവുമായി ഡോ. എസ് എസ് ലാല്‍

''സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ അധികാരി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആണ്. മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ ഒന്നുമല്ല. ആരോഗ്യവകുപ്പ് ഡയറക്ടര്‍ മുതല്‍ വകുപ്പിന്റെ ഏറ്റവും അറ്റത്തുള്ള പൊതുജനാരോഗ്യ ജീവനക്കാരും ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയ സന്നദ്ധ സേവകരും മെഡിക്കല്‍ കോളേജുകളും സ്വകാര്യാശുപത്രികളും ഒക്കെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ആരോഗ്യരംഗം ഇങ്ങനെ നിലനില്‍ക്കുന്നത്..''

health expert doctor s s lal criticizes kerala health minister
Author
Trivandrum, First Published Sep 6, 2021, 2:13 PM IST

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് ആരോഗ്യ വിദഗ്ധന്‍ ഡോ. എസ് എസ് ലാല്‍. രോഗികളെ നേരിട്ട് പോയിക്കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതില്ലെന്നും അത് കൂടുതല്‍ വിഷമതകളാണ് സൃഷ്ടിക്കുകയെന്നുമാണ് ഡോ. ലാല്‍ ചൂണ്ടിക്കാട്ടുന്നത്. 

കേരളത്തിലെ ആരോഗ്യമേഖ മുമ്പേ ലോകത്തിന് മാതൃകയായി മുന്നിട്ടുനിന്നതാണെന്നും ഇപ്പോഴും ഒരു മന്ത്രിസഭയില്ലെങ്കിലും ആരോഗ്യരംഗം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെ പങ്കുവച്ച ആരോഗ്യമന്ത്രിക്കുള്ള തുറന്ന കത്ത് എന്ന കുറിപ്പ് വലിയ തോതിലാണ് ശ്രദ്ധ നേടുന്നത്. 

കുറിപ്പ് പൂര്‍ണ്ണമായി വായിക്കൂ...

മന്ത്രി ചെയ്യേണ്ടത് മാത്രം മന്ത്രി ചെയ്യണം - ആരോഗ്യ മന്ത്രിക്ക് ഒരു തുറന്ന കത്ത്...

അപകട സാദ്ധ്യതയുള്ള സാംക്രമിക രോഗങ്ങള്‍ പടരുന്ന അവസ്ഥയില്‍ ആരോഗ്യമന്ത്രിമാര്‍ നേതൃത്വം ഏറ്റെടുക്കുന്നതും ചികിത്സകരുടെ മനസിനൊപ്പം നിന്ന് അവര്‍ക്ക് ആത്മധൈര്യം കൊടുക്കുന്നതും ഒക്കെ നല്ലതാണ്. രോഗബാധയുള്ള ജില്ലയുടെ ആസ്ഥാനത്ത് ചെന്ന് ആദ്യ ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രി സഹായിക്കുന്നതും നല്ല കാര്യമാണ്. ഈ രീതിയില്‍ മുന്‍ ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ നടത്തിയതും ഇപ്പോഴത്തെ ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോര്‍ജ് നടത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണ്. മുന്‍പുള്ള ആരോഗ്യ മന്ത്രിമാരും ഇതൊക്കെ ഇങ്ങനെ തന്നെ ചെയ്തിട്ടുണ്ട്. അവരും പ്രശംസ അര്‍ഹിക്കുന്നു.

ഇനി പറയാനുള്ളത് അതിലും പ്രധാനപ്പെട്ട കാര്യമാണ്. മന്ത്രി നേതൃത്വം കൊടുക്കുക എന്നു പറഞ്ഞാല്‍ രോഗിയെ ചികിത്സിക്കുന്ന ആശുപത്രിയുടെ ഐ.സി യൂണിറ്റില്‍ വരെ മന്ത്രി കയറിച്ചെല്ലണം എന്നല്ല. അവിടെയൊക്കെ പണിയറിയാവുന്നവര്‍ തന്നെയാണുള്ളത്. അതില്ലെങ്കില്‍ പരിഹരിക്കേണ്ടത് ഇങ്ങനത്തെ അടിയന്തിര ഘട്ടത്തിലുമല്ല. 

മന്ത്രിമാര്‍ മുന്നില്‍ നിന്ന് രോഗവുമായി യുദ്ധം ചെയ്യണമെന്ന കീഴ്വഴക്കം ഉണ്ടായത് തന്നെ തെറ്റാണ്. പലപ്പോഴും മന്ത്രിമാരുടെ സാന്നിദ്ധ്യം ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാണ്. ചികിത്സയിലെ ശ്രദ്ധമാറി മന്ത്രിയുടെ പ്രോട്ടോക്കോള്‍ വിഷയങ്ങളിലേയ്ക്ക് ചര്‍ച്ച മാറും. പെരുമണ്‍ ദുരന്തം ഉണ്ടായപ്പോഴും അതുപോലെ മറ്റു ചില അവസരങ്ങളിലും ഇത്തരം സാഹചര്യങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തന്നെ നേരിട്ട് കണ്ടിട്ടുണ്ട്. അത്യാഹിത വിഭാഗം സന്ദര്‍ശിച്ച മന്ത്രിമാരുടെ ചിത്രമെടുക്കാനുള്ള മാദ്ധ്യമത്തിരക്ക്. ആ ഫോട്ടയില്‍ കയറിക്കൂടാന്‍ ചില ആശുപത്രി അധികൃതരുടെ മത്സരം. അതിനിടയില്‍ രോഗികള്‍ വിസ്മരിക്കപ്പെട്ട സന്ദര്‍ഭങ്ങള്‍. ഒടുവില്‍ ചില പ്രമുഖരോട് തിരികെ വീട്ടില്‍ പോകാന്‍ അഭ്യര്‍ത്ഥിക്കേണ്ടി വന്നു. സൈ്വരമായി ചികിത്സ നല്‍കാന്‍.

സാംക്രമിക രോഗം പടര്‍ന്ന സ്ഥലത്തു തന്നെ മന്ത്രി എത്തുന്നത് അവിടെ വീണ്ടും ആള്‍ക്കൂട്ടമുണ്ടാകാന്‍ കാരണമാകും. രോഗവ്യാപനത്തിന് അതും കാരണമാകും. രോഗാണുക്കള്‍ക്ക് വി.ഐ.പി മാരെ തിരിച്ചറിയാനുള്ള മാര്‍ഗമില്ലാത്തതിനാല്‍ അവയ്ക്കു മുന്നില്‍ ചെന്നുപെടാതെ നോക്കണം. മന്ത്രിമാരുടെ ജീവനും പ്രധാനപ്പെട്ടതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവര്‍ പഠിച്ച സുരക്ഷാ മാര്‍ഗങ്ങള്‍  ഓര്‍മ്മയുണ്ടാകും. ഇത് പഠിച്ചിട്ടില്ലാത്ത മന്ത്രിമാരും ചുറ്റം കൂടുന്നവരും അവരുടെയും മറ്റുള്ളവരുടെയും ആരോഗ്യത്തിന് ഭീഷണിയുണ്ടാക്കും. ലാത്തിച്ചാര്‍ജിനും തീയണയ്ക്കാനും ഒക്കെ ആഭ്യന്തര മന്ത്രി നേരിട്ട് പോകാറില്ല എന്ന് ഓര്‍ത്താല്‍ മതി.

കേരളത്തില്‍ ഒരു മന്ത്രിസഭ ഇല്ലെങ്കിലും ആരോഗ്യ രംഗം പ്രവര്‍ത്തിക്കും. കാരണം അത്തരത്തില്‍ വിശാലവും വികേന്ദ്രീകൃതവുമാണ് ആരോഗ്യരംഗം. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ അധികാരി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആണ്. മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ ഒന്നുമല്ല. ആരോഗ്യവകുപ്പ് ഡയറക്ടര്‍ മുതല്‍ വകുപ്പിന്റെ ഏറ്റവും അറ്റത്തുള്ള പൊതുജനാരോഗ്യ ജീവനക്കാരും ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയ സന്നദ്ധ സേവകരും മെഡിക്കല്‍ കോളേജുകളും സ്വകാര്യാശുപത്രികളും ഒക്കെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ആരോഗ്യരംഗം ഇങ്ങനെ നിലനില്‍ക്കുന്നത്. രോഗങ്ങള്‍ കൃത്യമായി ചികിത്സിക്കപ്പെടുന്നത്. അല്ലാതെ മന്ത്രിമാരെ കണ്ടോ സര്‍ക്കാര്‍ ഉത്തരവുകളെ ഭയന്നോ രോഗാണുക്കള്‍ തിരിഞ്ഞോടുന്നതല്ല. സിനിമകളില്‍ മാത്രമാണ് അതൊക്കെ സംഭവിക്കുന്നത്. ആശുപതികളില്‍ അങ്ങനെയല്ല.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇപ്പോള്‍ ആര്‍ക്കും അറിയാത്ത ഏതോ മനുഷ്യനാണ്. കൊവിഡ് വന്നപ്പോള്‍ ഉണ്ടായ മറ്റൊരു നഷ്ടം ഇതാണ്. ആദ്യ ദിനങ്ങളില്‍ നേതൃത്വം കൊടുത്ത ആരോഗ്യ വകുപ്പ് ഡയറക്ടറില്‍ നിന്നും ആരോഗ്യ മന്ത്രി അത് തട്ടിയെടുത്തു. ആരോഗ്യ മന്ത്രിയില്‍ നിന്ന് അത് മുഖ്യമന്ത്രി തട്ടിയെടുത്തു. സമര്‍ത്ഥയായ ഒരു വനിത ഡോക്ടര്‍ ആയിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടര്‍.  കൊവിഡിനിടയില്‍ അവര്‍ ജോലി ഉപേക്ഷിച്ചു പോയി. ഇപ്പോള്‍ നിയന്ത്രണം ആരോഗ്യ സെക്രട്ടറിയുടെ കൈയില്‍ ആണത്രെ. വലിയ ദുരിതത്തിനിടയിലും ആരോഗ്യ വകുപ്പിനെ വീണ്ടും അടിമുടി ശക്തിപ്പെടുത്താനുള്ള അവസരമായിരുന്നു കൊവിഡ്. അതും നഷ്ടപ്പെടുത്തി. 

ജില്ലകളിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. പലയിടത്തും കൊവിഡിന്റെ ജില്ലാ അവലോകന യോഗങ്ങള്‍ നയിക്കുന്നത് പൊലീസ് സൂപ്രണ്ടുമാരാണ്. പൊതുജനാരോഗ്യ പ്രശ്‌നമായ കൊവിഡിനെ അങ്ങനെ ക്രമസമാധാന പ്രശ്‌നമാക്കി. പലയിടത്തും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ നോക്കുകുത്തികളായി മാറി. ആരോഗ്യ വകുപ്പിനെ വളരെ ആസൂത്രിതമായി തകര്‍ത്തതുപോലെയാണ് ഇപ്പോഴത്തെ കാര്യങ്ങള്‍. മുന്‍ ആരോഗ്യ മന്ത്രിയോടുള്ള എല്ലാ ബഹുമാനവും സൂക്ഷിച്ചു കൊണ്ട് തന്നെ പറയട്ടെ, ഈ തകര്‍ച്ചയ്ക്ക് അവര്‍ കൂടി ഉത്തരവാദിയാണ്. മുഖ്യമന്ത്രിയും. 

ലോകത്തെ മിക്ക മനുഷ്യര്‍ക്കും ഇഷ്ടമല്ലാത്ത അമേരിക്കന്‍  മുന്‍ പ്രസിഡന്റ് ട്രമ്പ് പോലും അദ്ദേഹത്തിനൊപ്പം ഡോക്ടര്‍ ഫൗച്ചി എന്ന വിദഗ്ദ്ധനെ കൂട്ടിയാണ് പത്ര സമ്മേളനങ്ങള്‍ നടത്തിയിരുന്നത്. ശാസ്ത്രത്തേയും ഫൗച്ചിയേയും വെറുത്തിരുന്ന ട്രമ്പ് പോലും ആ മഹാമനസ്‌കത കാണിച്ചു. എല്ലാ അധികാരവും ഉള്ള താന്‍ ഒരു ശാസ്ത്രജ്ഞനല്ല എന്ന കാര്യം ട്രമ്പ് പോലും തിരിച്ചറിഞ്ഞു. അതിനാല്‍ ഇക്കാര്യത്തില്‍ നമ്മുടെ ആരോഗ്യമന്ത്രി ട്രമ്പിനെയെങ്കിലും മാതൃകയാക്കണം. ഇന്നത്തെ പത്രസമ്മേളനത്തില്‍ മന്ത്രി ബുദ്ധിമുട്ടുന്നത് കണ്ടിട്ടാണ് ഇത് പറയുന്നത്. ഞാന്‍ കണ്ട വാര്‍ത്തയില്‍ മന്ത്രി മാത്രമാണ് സംസാരിച്ചത്. വിദഗ്ദ്ധര്‍ ഉളളതായി കണ്ടില്ല.

ആരോഗ്യ മന്ത്രിയായ ദിവസം തന്നെ ആരോഗ്യ വിഷയങ്ങളിലെല്ലാം വൈദഗ്ദ്ധ്യം ഉണ്ടാകില്ല. ആരും അത് താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നുമില്ല. സമയമെടുക്കും, അടിസ്ഥാന കാര്യങ്ങള്‍ പോലും മനസിലാകാന്‍. അതുവരെയും അതിന് ശേഷവും ആരോഗ്യ വകുപ്പ് ഡയറക്ടറെയോ അദ്ദേഹം നിയോഗിക്കുന്ന വിദദ്ധരെയോ ഒപ്പം കൂട്ടുക. ശാസ്ത്ര കാര്യങ്ങള്‍ വരുമ്പോള്‍ അവരെക്കൊണ്ട് പറയിക്കുക. അതിന് വിശ്വാസ്യത കൂടും. ജില്ലകളില്‍ അവിടത്തെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെ കൂട്ടുക. കഴിവില്ലാത്തവര്‍ ആ കസേരകളില്‍ ഉണ്ടാകാന്‍ വഴിയില്ല. അഥവാ ഉണ്ടെങ്കില്‍ അവരെ പരിശീലിപ്പിക്കുക. എന്നിട്ടും മെച്ചപ്പെടുന്നില്ലെങ്കില്‍ അവരെ മാറ്റുക. ഇത്തവണയും നിപ്പ കൃത്യ സമയത്ത് തന്നെ കണ്ടുപിടിക്കുന്നതില്‍ താമസമുണ്ടായെങ്കില്‍ അതന്വേഷിക്കണം. അക്കാര്യത്തില്‍ തങ്കളോടൊപ്പമാണ്. 

നിപ്പയുടെ പേരു പറഞ്ഞ് വീണ്ടും വലിയ ഭീതിയുണ്ടാക്കുന്നവരെ ഒഴിവാക്കുക. ആ അജണ്ട തെറ്റാണ്. വിദഗ്ദ്ധരെയാണ് അവിടെ ആവശ്യം. മന്ത്രിമാരെയും പാര്‍ട്ടിക്കാരെയുമല്ല. ആരോഗ്യ വകുപ്പിന്റെ ഉദ്യാഗസ്ഥന്മാരെ ശാക്തീകരിക്കാനായി ഓരോ അവസരവും ഉപയോഗിക്കുക. കാരണം അവരാണ് ഇവിടെ ബാക്കിയുണ്ടാകുക. മന്ത്രിസഭയും മന്ത്രിമാരും മാറി വരും. ഒരിക്കല്‍ ആരോഗ്യ മന്ത്രിയായ ആള്‍ പിന്നീട് ആരോഗ്യ മന്ത്രി പോയിട്ട് മന്ത്രി തന്നെ ആകണമെന്നില്ല. കൂടുതല്‍ വിശദമാക്കേണ്ടല്ലോ.

ആരോഗ്യ മന്ത്രി ഈ കുറിപ്പ് വായിക്കുമെന്ന പ്രതീക്ഷയിലാണ് ഇതെഴുതുന്നത്. എഴുതിയ ആള്‍ കോണ്‍ഗ്രസാണ് എന്നൊക്കെ ചില കുബുദ്ധി ഉപദേശകര്‍ പറഞ്ഞു തരും. മന്ത്രിയത് കാര്യമാക്കരുത്. ഈ ഉപദേശകരാണ് കൊവിഡില്‍ കേരളത്തെ ഇവിടംവരെ എത്തിച്ചത്. ഞാനൊരു വിദഗ്ദ്ധനാണെന്ന് സ്വയം അവകാശപ്പെടുന്നില്ല. എന്നാല്‍ ലോകത്ത് പലയിടത്തും പൊതുജനാരോഗ്യം പഠിപ്പിക്കുന്ന ഒരദ്ധ്യാപകനാണ്. അദ്ധ്യാപക ദിനമായ ഇന്ന് ഒരദ്ധ്യാപകന്‍ പറഞ്ഞ വരികളായി മാത്രം ഇതിനെ കരുതിയാല്‍ മതി. ഒരു കുഴപ്പവും ഉണ്ടാകില്ല.
ആരോഗ്യമന്ത്രിയെന്ന നിലയില്‍ തങ്കളുടെ ഓരോ ചുവടും ഭദ്രമാകേണ്ടത് ഞങ്ങള്‍ മുഴുവന്‍ പേരുടേയും ആവശ്യമാണ്. താങ്കള്‍ക്ക് പിഴച്ചാല്‍ അപകടപ്പെടുന്നത് ഈ നാട്ടിലെ സാധാരണ മനുഷ്യരാണ്. പാര്‍ട്ടി വ്യത്യാസമോ ജാതിമത വ്യത്യാസമോ ഇല്ലാതെ. അതിനാല്‍ താങ്കളുടെ വിജയം സംസ്ഥാനത്തിന്റെ വിജയമായിരിക്കും. അതിന് നാട്യങ്ങളോ സിനിമയെടുക്കലോ അവാര്‍ഡോ ഒന്നും വേണ്ട. ഇതൊന്നുമില്ലാതെയാണ് ആരോഗ്യ രംഗത്ത് കേരളം പണ്ടേ മുന്നിലായത്. ആ ചരിത്രം മാത്രം വായിച്ചു പഠിച്ചാല്‍ മതി. അതിന്റെ മുകളില്‍ ബാക്കി പണി ചെയ്താല്‍ മതി. തെറ്റുകൂടാതെ.

ചുവടുകള്‍ പിഴയ്ക്കുന്നതായി തോന്നിയാല്‍ ഇനിയും ചൂണ്ടിക്കാട്ടും. തിരുത്തിയില്ലെങ്കില്‍ ഇനിയും എതിര്‍ക്കും. മുഖം നോക്കാതെ. ശക്തമായി.
വ്യക്തിയെന്ന നിലയില്‍ താങ്കളോടുള്ള സകല ബഹുമാനത്തോടെയും.
ഡോ: എസ്.എസ്. ലാല്‍

 

Also Read:- നിപ വൈറസ് ബാധയെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങള്‍ വിശ്വസിക്കരുത്; ഡോക്ടർ പറയുന്നു...

Follow Us:
Download App:
  • android
  • ios