Asianet News MalayalamAsianet News Malayalam

കേരളീയം വേദിയിൽ ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം; 'ഹ്യൂമൻ മോണോക്ലോണൽ ആന്‍റിബോഡി കേരളം സ്വന്തമായി വികസിപ്പിക്കും'

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലൂടെയാണ് മോണോക്ലോണല്‍ ആന്റിബോഡി തദ്ദേശീയമായി വികസിപ്പിക്കുന്നത്

Health minister Veena George says Kerala will develop human monoclonal antibody asd
Author
First Published Nov 4, 2023, 4:13 PM IST | Last Updated Nov 4, 2023, 4:13 PM IST

തിരുവനന്തപുരം: ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലൂടെയാണ് മോണോക്ലോണല്‍ ആന്റിബോഡി തദ്ദേശീയമായി വികസിപ്പിക്കുന്നത്. നിപ പ്രതിരോധം, ചികിത്സ, ഗവേഷണം എന്നീ ലക്ഷ്യങ്ങളോടെ കോഴിക്കോട് ഏകാരോഗ്യത്തിന്റെ (വണ്‍ ഹെല്‍ത്ത്) ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ സ്ഥാപനതലത്തിലാക്കുന്നതിന് കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചു. സംസ്ഥാനത്ത് വാക്‌സിന്‍ പോളിസി നടപ്പിലാക്കും. ലാബ് നെറ്റുവര്‍ക്ക് സംവിധാനം 2024 ല്‍ യാഥാര്‍ത്ഥ്യമാക്കും. മുന്നിലുള്ള ലക്ഷ്യങ്ങള്‍ വളരെ വലുതാണ്. അതിന് ഈ സെമിനാര്‍ വളരെ ഫലപ്രദമാകുമെന്നും മന്ത്രി പറഞ്ഞു. 'മഹാമാരികളെ കേരളം നേരിട്ട വിധം' കേരളീയം സെമിനാര്‍ മസ്‌കറ്റ് ഹോട്ടലില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളവും തമിഴ്നാടും ബഹുദൂരം മുന്നിൽ; ഏത് കാര്യത്തിൽ, എന്തുകൊണ്ട്? കാര്യകാരണസഹിതം വിവരിച്ച് പെരുമാൾ മുരുകൻ

ആരോഗ്യമന്ത്രിയുടെ വാക്കുകൾ

മനുഷ്യന്റെ ചരിത്രം ഒട്ടനേകം മഹാമാരികളെ അതീജിവിച്ച് കടന്നുവന്നതാണ്. സമാനതകളില്ലാത്തവിധം എല്ലാ ഭൂഖണ്ഡങ്ങളേയും എല്ലാവരേയും ബാധിച്ച മഹാമാരിയാണ് കോവിഡ് 19. സാര്‍സ് 1, മേഴ്‌സ് തുടങ്ങിയ വൈറസുകളേക്കാള്‍ അത്യന്തം പ്രഹരശേഷിയുള്ള വൈറസായിരുന്നു കോവിഡ്. ഈ വൈറസിന്റെ പ്രഹരശേഷി കുറയ്ക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അതിനെ കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം അതിജീവിച്ചു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. ആശുപത്രി, മരുന്ന്, രോഗികള്‍ എന്നിവയ്‌ക്കൊപ്പം മറ്റനേകം കാര്യങ്ങള്‍ക്കും കേരളം വളരെ നേരത്തെ നല്‍കിയ പ്രാധാന്യമാണ് ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ചത്.

സമീപ കാലങ്ങളില്‍ കോവിഡ്, മങ്കിപോക്‌സ്, നിപ, തുടങ്ങിയ അനേകം വെല്ലുവിളികളെ കേരളത്തിന് നേരിടേണ്ടി വന്നു. രാജ്യത്തെ ആദ്യ മങ്കിപോക്‌സ് കണ്ടുപിടിച്ചത് കേരളത്തിലാണ്. ഉയര്‍ന്ന ജനസാന്ദ്രത, വയോജനങ്ങള്‍ കൂടുതല്‍, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയവയുണ്ടായിരുന്നതിനാല്‍ ഇവയെ അതിജീവിക്കുക വലിയ വെല്ലുവിളിയായിരുന്നു.

2019ല്‍ കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കേരളം മാതൃകയായ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി. മുഖ്യമന്ത്രിയുടേയും അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടേയും നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി. കോവിഡ് മഹാമാരിയെ നേരിടുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി പ്രവര്‍ത്തനങ്ങള്‍ നടത്തി.

3 ഘട്ടങ്ങളിലാണ് കോവിഡ് ബാധിച്ചത്. 3 തരംഗങ്ങളേയും കേരളം ഫലപ്രദമായി പ്രതിരോധിച്ചു. അതില്‍ ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികളും ഓക്‌സിജന്‍ ആവശ്യമായി വന്നതും രണ്ടാം തരംഗമായ ഡെല്‍റ്റയിലായിലായിരുന്നു. ആ സമയത്താണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഏറ്റവും കേസുകള്‍ ഉണ്ടായത് മൂന്നാംഘട്ടമായ ഒമിക്രോണ്‍ തരംഗത്തിലായിരുന്നു. അതിനെയെല്ലാം ഫലപ്രദമായി അതിജീവിക്കാന്‍ കേരളത്തിനായി. ഏത് അതിജീവനങ്ങളെ സംബന്ധിച്ചും വളരെ പ്രധാനമാണ് മരണങ്ങള്‍ കുറയ്ക്കുക എന്നത്. കോവിഡ് മരണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകേണ്ട സംസ്ഥാനമായി കേരളം മാറേണ്ടതായിരുന്നു. എന്നാല്‍ ആരോഗ്യ സംവിധാനങ്ങളെ കേസുകള്‍ മറികടക്കാന്‍ പാടില്ലായിരുന്നു എന്നായിരുന്നു നമ്മുടെ ലക്ഷ്യം. ആ ഘട്ടങ്ങളിലൊന്നും തന്നെ ഐസിയു, വെന്റിലേറ്റര്‍ എന്നിവയില്‍ ക്ഷാമം നേരിട്ടില്ല. അതനുസരിച്ച് ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങളൊരുക്കി. ഓക്‌സിജനില്‍ ആശുപത്രികളെ സ്വയംപര്യാപ്തതയിലെത്തിച്ചു.

കോവിഡിനെ അതിജീവിക്കാന്‍ സഹായിച്ച വാക്‌സിനേഷന്‍ വലിയ സാമൂഹിക ഉത്തരവാദിത്തമായിരുന്നു. എല്ലാ വകുപ്പുകളും ചേര്‍ന്നുള്ള വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. സൗജന്യമായി എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ആദ്യം തീരുമാനമെടുത്ത സംസ്ഥാനമാണ് കേരളം. രാജ്യത്ത് ആദ്യമായി കിടപ്പുരോഗികള്‍ക്ക് ഉള്‍പ്പെടെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് മുന്‍ഗണനാ ഗ്രൂപ്പ് നിശ്ചയിച്ച് വാക്‌സിന്‍ നല്‍കി. കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന് കൂടുതലായി പീഡിയാട്രിക് ഐസിയുകള്‍ സ്ഥാപിച്ചു. സംസ്ഥാനത്തെ കോവിഡ് നയം ഏകാരോഗ്യം സമീപനത്തിലൂന്നിയായിരുന്നു. 2022ല്‍ സംസ്ഥാനതലത്തില്‍ വണ്‍ ഹെല്‍ത്ത് ആവിഷ്‌ക്കരിച്ചു.

നിപ പ്രതിരോധത്തിലും കേരളം മികച്ച മാതൃകയാണ്. ആദ്യ നിപ കേസ് ഉണ്ടായത് കെ.കെ. ശൈലജ ടീച്ചറിന്റെ കാലത്താണ്. അതിനെ നേരിട്ടവിധം വളരെ പ്രശംസിക്കപ്പെട്ടു. 2023ല്‍ അടുത്തിടെ, കോഴിക്കോട് ഉണ്ടായ നിപയെ ആരംഭത്തില്‍ തന്നെ കണ്ടെത്തി ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. നിപ കണ്ടുപിടിക്കുന്നതിന് മുമ്പുള്ള 2 മരണങ്ങളെ മാറ്റിയാല്‍ മറ്റൊരു മരണവും ഉണ്ടായിട്ടില്ല എന്നത് എടുത്ത് പറയേണ്ടതാണ്. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന കുഞ്ഞിനെപ്പോലും രക്ഷിച്ചെടുക്കാനായി. ആഗോള തലത്തില്‍ത്തന്നെ 60 മുതല്‍ 90 ശതമാനം വരെയുണ്ടായിരുന്ന നിപ മരണ നിരക്ക് 33.33 ശതമാനത്തിലേക്ക് താഴ്ത്തിക്കൊണ്ട് വരാന്‍ നമുക്ക് കഴിഞ്ഞു.

സദാ ജാഗരൂകരായാല്‍ മാത്രമേ ഇതുപോലെയുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിച്ച് പ്രവര്‍ത്തിച്ചാല്‍ വലിയ മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും ടീച്ചര്‍ വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് വിഷയാവതരണം നടത്തി. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു മോഡറേറ്ററായി. മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എം.എല്‍.എ, ഗ്ലോബല്‍ ഹെല്‍ത്ത് വിദഗ്ധനായ ഡോ. റിച്ചാര്‍ഡ് എ. ക്യാഷ്, ലോകാരോഗ്യ സംഘടന മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍, സി.എം.സി. വെല്ലൂര്‍ ശിശുരോഗ വിദഗ്ധനും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. ജേക്കബ് ടി ജോണ്‍, സി.എം.സി. വെല്ലൂര്‍ വൈറോളജിസ്റ്റ് ആയ ഡോ. പ്രിയ ഏബ്രഹാം, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മുന്‍ അംഗമായ ഡോ. ബി. ഇക്ബാല്‍, ആരോഗ്യവകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യ വകുപ്പ് മുന്‍ സെക്രട്ടറിയും നിലവില്‍ വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ കൂടിയായ ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന എന്നിവര്‍ സംസാരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios