കൊവിഡ് 19 മഹാമാരിയുടെ വിവിധ ലക്ഷണങ്ങള്‍ നേരത്തേ ലോകാരോഗ്യ സംഘടനയടക്കമുള്ള കേന്ദ്രങ്ങള്‍ വ്യക്തമായും കൃത്യമായും പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. പനിയും തൊണ്ടവേദനയും ശ്വാസതടസവുമെല്ലാമാണ് കൊവിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നത്. 

എന്നാല്‍ ഇതിലുമധികം ലക്ഷണങ്ങള്‍ കൊവിഡിനുണ്ടാകാമെന്നും അവ പതിയെ മാത്രമേ കണ്ടെത്താനും സ്ഥിരീകരിക്കാനുമാകൂവെന്നും ഗവേഷകലോകവും ആരോഗ്യ വിദഗ്ധരും വിലയിരുത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ചര്‍ച്ചയായ ഒരു വിഷയമായിരുന്നു, പെടുന്നനേ രുചിയും ഗന്ധവും അനുഭവപ്പെടാത്ത അവസ്ഥ. 

ഇത് കൊവിഡ് 19 രോഗത്തിന്റെ ലക്ഷണമാണെന്ന് പല വിദഗ്ധരും വാദിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഇന്ത്യ പുറത്തിറക്കിയ ലക്ഷണങ്ങളുടെ പട്ടികയില്‍ ഇത് ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ ആരോഗ്യമന്ത്രാലയത്തിന്റെ കൊവിഡ് 19 ലക്ഷണങ്ങളുടെ പട്ടികയില്‍ ഇത് ഉള്‍പ്പെടുത്തിയിരിക്കുകയാണ്. 

 

 

ഇതോടെ ആകെ പത്ത് ലക്ഷണങ്ങളാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുള്ള പട്ടികയില്‍ പെടുന്നത്. പനി, തൊണ്ടവേദന, ചുമ, കഫക്കെട്ട്, മൂക്കടപ്പ്, ക്ഷീണം, ശ്വാസതടസം, പേശീവേദന, വയറിളക്കം എന്നിവയാണ് മറ്റ് ഒമ്പത് ലക്ഷണങ്ങള്‍. കൊവിഡുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങളിലെ ആകെയും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്ന, യുഎസിലെ 'ദ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോല്‍ ആന്റ് പ്രിവന്‍ഷന്‍' (സിഡിസി) നേരത്തേ തന്നെ മണവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥയെ രോഗലക്ഷണമായി പ്രഖ്യാപിച്ചിരുന്നു. 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങളെല്ലാം തന്നെ ഒരു കൊവിഡ് ബാധയുള്ള വ്യക്തിയില്‍ കാണണമെന്നില്ലെന്നും ഇതിലേതെങ്കിലും ഒരു ലക്ഷണം കാണിച്ചാല്‍ തന്നെ പരിശോധന ഉറപ്പുവരുത്തണമെന്നും സിഡിസി അറിയിച്ചിരുന്നു. ലക്ഷണങ്ങള്‍ പ്രകടമാക്കാതെ രോഗം ബാധിക്കപ്പെടുന്നവരുടെ എണ്ണവും കുറവല്ല. 'റാന്‍ഡം' പരിശോധന നടത്തിയാല്‍ മാത്രമേ ഇത്തരക്കാരെ കൂടുതലായി കണ്ടെത്താന്‍ കഴിയൂ. 

 

 

വായില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയാണ് പ്രധാനമായും കൊവിഡ് 19 മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. സംസാരിക്കുമ്പോഴോ, ചിരിക്കുമ്പോഴോ, ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ എല്ലാം രോഗകാരിയായ വൈറസ് കൈമാറ്റം ചെയ്യപ്പെട്ടേക്കാം. അതുപോലെ ഈ സ്രവങ്ങളുടെ നേര്‍ത്ത തുള്ളികള്‍ എവിടെയെല്ലാം വീഴുന്നുവോ, പ്രതലങ്ങളുടെ സ്വഭാവമനുസരിച്ച് അവിടെയെല്ലാം വൈറസ് നിലനിന്നേക്കാം. 

Also Read:- പെട്ടെന്ന് ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ 'കൊറോണ'യുടെ ലക്ഷണമോ?...