മഴ കഴിഞ്ഞ് വീട്ടിലേക്ക് എത്തുമ്പോൾ എന്ത് ചെയ്യണമെന്ന് പലർക്കും അറിയില്ല. വീടിന് അകത്തും പുറത്തും ചെളിയും വെള്ളവും കൊണ്ട് കെട്ടി നിൽക്കുന്ന അവസ്ഥയാകാം.

വെള്ളം കയറിയ വീടുകളിൽ വെള്ളത്തിലൂടെ ഒഴുകി ഇഴജന്തുക്കൾ എത്താനുള്ള സാധ്യത ഏറെയാണ്. വീട്ടിലെത്തി കഴിഞ്ഞാൽ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് നോക്കാം...

ഒന്ന്....

സാധിക്കുമെങ്കിൽ ഒരു ദിവസം മുൻപ് എത്തി വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടേണ്ടത് വളരെ അത്യാവശ്യമാണ്. വെള്ളത്തിലൂടെ ഒഴുകി വീടുകളിൽ എത്തിയ ഇഴജന്തുകൾക്ക് ഇറങ്ങി പോകുന്നതിന് വാതിലുകളും ജനലുകളും തുറന്നിടുന്നത് വളരെ സഹായകരമാകും. 

രണ്ട്...

വീട്ടിലേക്ക് കയറുന്നതിന് മുമ്പ് വാതിലുകളും ജനലുകളും നല്ല പോലെ തട്ടിയ ശേഷം മാത്രം അകത്ത് കയറുക. 

മൂന്ന്...

 ഒരു വടി ഉപയോ​ഗിച്ച് തട്ടി ശബ്ദമുണ്ടാക്കിയ ശേഷമായിരിക്കണം വീടിനുള്ളിൽ കയറാൻ.

നാല്...

വീട്ടിൽ ഇരുമ്പ് അലമാരകൾ ഉണ്ടാകുമല്ലോ. ഇരുമ്പ് അലമാരകൾ ചെരിച്ച് വച്ച് അതിന്റെ കാലിനടിയിൽ പാമ്പ് കയറിയിട്ടില്ലെന്ന് ഉറപ്പ് വരുത്തണം.

അഞ്ച്...

വീടിനുള്ളിൽ കയറുമ്പോൾ ചെരുപ്പ് ഇടാൻ മറക്കരുത്. വീടിനു പുറത്തേക്കുള്ള വാതിലിലും വാഷ് ബേസിൻ, സിങ്ക്, ശുചിമുറിയിൽ നിന്നു പുറത്തേക്കുള്ള കുഴലുകൾ എന്നിവയിൽ മണ്ണെണ്ണ കലർത്തിയ വെള്ളം ഒഴിക്കേണ്ടത് അത്യാവശ്യമാണ്.

വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാംപുകളിലും വെള്ളപ്പൊക്ക കെടുതികളും നേരിടുന്ന ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്...

പനിയെയാണ് പ്രധാനമായി സൂക്ഷിക്കേണ്ടത്. പനി വന്നാൽ എത്രയും വേഗം ഡോക്ടറെ കാണുക. ഏതു തരം പനിയായാലും ഡോക്ടറുടെ സഹായം തേടാൻ മറക്കരുത്. പ്രതിരോധ ശേഷി കുറവായതിനാൽ മറ്റുള്ളവർക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളേക്കാൾ പതിന്മടങ്ങാണ് ഗർഭിണികൾക്ക് ഉണ്ടാകുക. അതിനാൽ കൂടുതൽ ശ്രദ്ധ വേണം.

രണ്ട്...

ക്യാംപുകളിൽ കഴിയുന്ന ഗർഭിണികൾ പരമാവധി ദിവസങ്ങളിൽ രക്ത സമ്മർദം പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 

മൂന്ന്...

ഈ മഴക്കാലത്ത് ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത് എലിപ്പനിയാണ്. എലിപ്പനി രോഗമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ഗർഭിണികൾ ഇത്തരം സാഹചര്യങ്ങളിൽ നിന്ന് അകന്നു നിൽക്കണം.

നാല്...

​ഗർഭിണികൾ ഒരു കാരണവശാലും വിശന്നിരിക്കരുത്. കിട്ടുന്ന സമയങ്ങളിൽ ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.ചൂടുവെള്ളം മാത്രം കുടിക്കുക.

അഞ്ച്...

പ്രസവത്തിനായുള്ള തീയതി ആയില്ലെങ്കിലും വെള്ളപ്പൊക്ക മേഖലകളിലുള്ളവർ നേരത്തെ തന്നെ ആശുപത്രിയിൽ പ്രവേശിക്കുന്നതാണ് കൂടുതൽ നല്ലത്.