കുട്ടികളുടെ പല്ലിന്‍റെയും വായുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോ ഉറപ്പിക്കുന്നതിനോ സഹായിക്കുന്ന ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. തീര്‍ച്ചയായും മാതാപിതാക്കള്‍ക്ക് ഇത് വളരെയധികം സഹായകമാകാം. 

കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍ ഭദ്രമാക്കുകയെന്നത് എപ്പോഴും മാതാപിതാക്കളുടെ ബാധ്യതയാണ്. ഇത് ഒട്ടും നിസാരമായ കാര്യവുമല്ല. പ്രത്യേകിച്ച് സ്കൂളില്‍ പോകാൻ തുടങ്ങിയ കുട്ടികളുടേത്. പല കാര്യങ്ങളും ഒരേസമയം ശ്രദ്ധിച്ച് വേണ്ടത് ചെയ്ത് എത്തിക്കുകയെന്നത് പ്രയാസകരം തന്നെയാണല്ലോ. 

എന്തായാലും ഇത്തരത്തില്‍ കുട്ടികളുടെ പല്ലിന്‍റെയും വായുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോ ഉറപ്പിക്കുന്നതിനോ സഹായിക്കുന്ന ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. തീര്‍ച്ചയായും മാതാപിതാക്കള്‍ക്ക് ഇത് വളരെയധികം സഹായകമാകാം. 

ഒന്ന്...

പല്ല് തേക്കാൻ കുട്ടികള്‍ക്ക് സോഫ്റ്റ് ആയിട്ടുള്ള ബ്രഷ് നല്‍കണം. ഇത് ബ്രഷ് ചെയ്യുമ്പോള്‍ എല്ലായിടത്തെയും ഭക്ഷണാവശിഷ്ടവും മറ്റും ഇളക്കിക്കളയാൻ സഹായിക്കും. രാവിലെ എഴുന്നേറ്റയുടൻ തന്നെ കുട്ടികളെ ബ്രഷ് ചെയ്ത് ശീലിപ്പിക്കണം. ഇതിന് ശേഷം മാത്രം ചായയോ വെള്ളമോ കഴിച്ചാല്‍ മതിയാകും. 

രണ്ട്...

മധുരപലഹാരങ്ങള്‍, മധുരം അടങ്ങിയ പാനീയങ്ങള്‍ എന്നിവയാണ് കാര്യമായും കുട്ടികളുടെ പല്ലിനെ കേട് വരുത്തുന്നത്. അതിനാല്‍ ഇത്തരത്തിലുള്ള വിഭവങ്ങള്‍ കുട്ടികളെ അധികം ശീലിപ്പിക്കാതിരിക്കുക. ഇവയുടെ ദോഷവശങ്ങളെ കുറിച്ചും അവരെ ബോധവത്കരിക്കണം. മധുരത്തിനോട് കൊതി തോന്നുമ്പോള്‍ ഫ്രൂട്ട്സ് കഴിച്ച് ശീലിപ്പിക്കുന്നതും വളരെ നല്ലതാണ്. ശാരീരികമായി മധുരത്തോടുള്ള കൊതി തീരാൻ ഫ്രൂട്ട്സ് തന്നെ ധാരാളമാണ്. അതുപോലെ ഡേറ്റ്സും ഇതിനായി ഉപയോഗിക്കാം.

മൂന്ന്...

ദിവസവും രാവിലെയും രാത്രിയും ബ്രഷ് ചെയ്യുന്നത് നിര്‍ബന്ധമാക്കാം. ഇത് മിക്ക വീടുകളിലും എല്ലാവരും ചെയ്യുന്നത് തന്നെയാണ്. അല്ലെങ്കില്‍ നിര്‍ബന്ധമായും ചെയ്യേണ്ടതാണ്. ഇതിന് പുറമെ ദിവസവും ഫ്ളോസിംഗ് ചെയ്യുന്നതും നിര്‍ബന്ധമാണ്. ഇത് അധികപേരും ചെയ്യാറില്ലെന്നതാണ് സത്യം. ഫ്ളോസിംഗ് കുട്ടികളെയും ശീലിപ്പിക്കുക. 

നാല്...

കുട്ടികളായാലും മുതിര്‍ന്നവരായാലും കൃത്യമായ ഇടവേളകളില്‍ ഡെന്‍റല്‍ ചെക്കപ്പുകള്‍ ചെയ്യുന്നത് വളരെ നല്ലതാണ്. ഇത് ശീലമാക്കുക തന്നെ വേണം. പല്ലിന്‍റെയോ വായുടെയോ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളോ രോഗങ്ങളോ നേരത്തെ കണ്ടെത്തി പരിഹാരം തേടുന്നതിന് ഇത് സഹായിക്കും.

അഞ്ച്...

കുട്ടികളാകുമ്പോള്‍ വളര്‍ച്ചയുടെ ഘട്ടമാണ്. എല്ലുകളും പല്ലുകളുമെല്ലാം രൂപപ്പെട്ടുവരുന്ന സമയം. ഈ ഘട്ടത്തില്‍ ഇവയുടെയെല്ലാം വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ ഭക്ഷണത്തിലൂടെ കിട്ടുന്നുണ്ടെന്ന കാര്യവും മുതിര്‍ന്നവര്‍ ഉറപ്പിക്കണം. 

ആറ്...

പല്ലിന്‍റെ കാര്യത്തില്‍ മാത്രമല്ല- ആരോഗ്യകാര്യങ്ങളും ആകെ ജീവിതരീതികളിലും കുട്ടികളുടെ മാതൃക എപ്പോഴും വീട്ടിലെ മുതിര്‍ന്നവരാണ്. ഇത് മനസിലാക്കി ആരോഗ്യകരമായ ശീലങ്ങളിലൂടെ മുന്നോട്ടുപോവുക. ഇത് കുട്ടികളിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതായിരിക്കും. 

Also Read:- എല്ലുകളും പേശികളും 'സ്ട്രോംഗ്' ആക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo