രാവിലെ എഴുന്നേറ്റയുടന്‍ നമ്മളില്‍ മഹാഭൂരിപക്ഷം പേരും ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ ആണ് കഴിക്കാറ്, അല്ലേ? എന്നാല്‍ ഇതത്ര നല്ലതല്ല. കഴിയുമെങ്കില്‍ ഈ ശീലം പാടെ ഉപേക്ഷിക്കുക. പകരം, രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റില്‍ പ്രത്യേകമായി തയ്യാറാക്കുന്നൊരു പാനീയം കഴിച്ചുനോക്കാം

ആകെ ശരീരവണ്ണം കുറയ്ക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് പലപ്പോഴും വയറ് മാത്രമായി കുറയ്ക്കാന്‍. പ്രത്യേക വ്യായാമങ്ങളും ഡയറ്റുമെല്ലാം ഇതിനാവശ്യമാണ്. എന്നാല്‍ മിക്കവരും ഇതറിയാതെ വണ്ണം കുറയ്ക്കാൻ ചെയ്യുന്ന വ്യായാമവും ഡയറ്റുമെല്ലാം തന്നെ അലസമായി വയറ് കുറയ്ക്കാനും ചെയ്യും. ഇതിന് ഫലം കിട്ടുന്നില്ലെന്ന പരാതി ബാക്കിയാകുമെന്ന് മാത്രം. 

ഏതായാലും വയറ് കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് പ്രത്യേകമായി തന്നെ സഹായകരമായേക്കാവുന്നൊരു ഡയറ്റ് ടിപ്പിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

രാവിലെ എഴുന്നേറ്റയുടന്‍ നമ്മളില്‍ മഹാഭൂരിപക്ഷം പേരും ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ ആണ് കഴിക്കാറ്, അല്ലേ? എന്നാല്‍ ഇതത്ര നല്ലതല്ല. കഴിയുമെങ്കില്‍ ഈ ശീലം പാടെ ഉപേക്ഷിക്കുക. പകരം, രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റില്‍ പ്രത്യേകമായി തയ്യാറാക്കുന്നൊരു പാനീയം കഴിച്ചുനോക്കാം. ഇതെന്താണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും പറയാം. 

മിക്ക വീടുകളിലും സര്‍വസാധാരണമായി ഉണ്ടാകുന്ന ചേരുവകള്‍ മാത്രം മതി ഇത് തയ്യാറാക്കാന്‍. മറ്റൊന്നുമല്ല ജീരകം, ഇഞ്ചി, ചെറുനാരങ്ങ, തേന്‍ എന്നിവ. 

ജീരകം, വളരെ കലോറി കുറഞ്ഞ ഒന്നാണ്. അതുപോലെ തന്നെ ദഹനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ജീരകത്തിന് സവിശേഷമായ കഴിവുണ്ട്. ഒപ്പം തന്നെ കൊഴുപ്പ് എരിച്ചുകളയുന്നതിനും ഇത് സഹായിക്കുന്നു. ദഹനമില്ലായ്മ, ഗ്യാസ്, വയറ് വീര്‍ത്തുകെട്ടുന്നത് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ജീരകം ഉത്തമം തന്നെ. 

ഇഞ്ചിയാകട്ടെ, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് വളരെയധികം സഹായകമാകുന്ന ഒന്നാണ്. പ്രത്യേകിച്ച് ഈ കാലത്ത് 'ഇമ്മ്യൂണിറ്റി' വര്‍ധിപ്പിക്കുകയെന്നത് നമുക്ക് ഏറെ ആവശ്യമായി വരുന്ന സാഹചര്യമാണുള്ളത്. ഇഞ്ചിയിലടങ്ങിയിരിക്കുന്ന 'ആന്റിഓക്‌സിഡന്റു'കളാണ് പ്രധാനമായും വയറ് കുറയ്ക്കാന്‍ സഹായിക്കുന്നത്. 

ഇനി ഈ പാനീയം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം ആവശ്യത്തിന് വെള്ളം ഒരു പാത്രത്തിലെടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ജീരകവും ഒരു ടീസ്പൂണ്‍ ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ഇഞ്ചിയും ചേര്‍ത്ത്, നന്നായി തിളപ്പിക്കാം. തിളച്ച ശേഷം ഇത് അരിച്ച്, ചൂടാറാന്‍ വയ്ക്കാം. ചൂട് വിട്ട ശേഷം ഇതിലേക്ക് അരമുറി ചെറുനാരങ്ങാനീരും രണ്ട് സ്പൂണ്‍ തേനും ആവശ്യത്തിന് ബ്ലാക്ക് സാള്‍ട്ടും ചേര്‍ക്കാം. ആവശ്യമെങ്കില്‍ ഇതില്‍ ഗ്രീന്‍ ടീയും ചേര്‍ക്കാവുന്നതാണ്. ഇതും വയറ് കുറയ്ക്കാന്‍ ഏറെ സഹായകമാണ്. നിത്യവും രാവിലെ വെറും വയറ്റില്‍ ഇത് കുടിച്ചുനോക്കൂ. ഒപ്പം തന്നെ മറ്റ് ഡയറ്റും, വ്യായാമവും നിര്‍ബന്ധമാണ്. ഇവ കൂടാതെ വയര്‍ കുറയ്ക്കാൻ സാധിക്കുമെന്ന് ചിന്തിക്കരുത്. 

Also Read:- വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ആറ് പച്ചക്കറികള്‍