Asianet News MalayalamAsianet News Malayalam

Heart Attack : ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ രാവിലെ ഉണരുമ്പോള്‍ കാണാം; മൂന്ന് ലക്ഷണങ്ങള്‍...

പലപ്പോഴും കാര്യമായ ലക്ഷണങ്ങളില്ലാതെയോ, അല്ലെങ്കില്‍ നമ്മള്‍ നിസാരവത്കരിച്ചേക്കാവുന്ന ലക്ഷണങ്ങളോടെയോ ആയിരിക്കും ഹൃദയാഘാതം സംഭവിക്കുന്നത്. ഇതുകൊണ്ട് കൂടിയാണ് ഹൃദയാഘാതം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് പറയുന്നത്.

heart attack symptoms which can be seen in morning
Author
First Published Sep 21, 2022, 6:30 PM IST

ആഗോളതലത്തില്‍ തന്നെ രോഗം മൂലം മരിക്കുന്നവരില്‍ മഹാഭൂരിപക്ഷം പേരുടെയും ജീവനെടുക്കുന്നത് ഹൃദയാഘാതമാണ്. മറ്റ് രോഗങ്ങള്‍ മൂലം അവശതയിലായിട്ടുള്ളവരില്‍ പോലും അവസാനം ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായി ഹൃദയാഘാതം വരാറുണ്ട്. ഇത്തരത്തില്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടിട്ടുള്ളവരില്‍ ഹൃദയാഘാതം സംഭവിച്ചാലും പ്രാഥമിക ചികിത്സ ലഭിക്കാൻ എളുപ്പമാണ്.

എന്നാൽ മറ്റ് രോഗങ്ങളേതുമില്ലാത്ത ആളുകള്‍ക്ക് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുമ്പോഴാണ് സമയത്തിന് ചികിത്സ ലഭിക്കാതെയും മറ്റും മരണം സംഭവിക്കുന്നത്. ഇത് ഏറെ സങ്കടകരമായ അവസ്ഥ തന്നെയാണ്.

പലപ്പോഴും കാര്യമായ ലക്ഷണങ്ങളില്ലാതെയോ, അല്ലെങ്കില്‍ നമ്മള്‍ നിസാരവത്കരിച്ചേക്കാവുന്ന ലക്ഷണങ്ങളോടെയോ ആയിരിക്കും ഹൃദയാഘാതം സംഭവിക്കുന്നത്. ഇതുകൊണ്ട് കൂടിയാണ് ഹൃദയാഘാതം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് പറയുന്നത്. ഹൃദയാഘാതത്തിന്‍റെ പല ലക്ഷണങ്ങളും രോഗിയിൽ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കാണിച്ചേക്കാം. എന്നാല്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഇത് മിക്കവരും ശ്രദ്ധിക്കാതെ വിടുകയാണ് പതിവ്. 

അത്തരത്തില്‍ രാവിലെ ഉറക്കമുണരുമ്പോള്‍ കാണിക്കുന്ന മൂന്ന് ഹൃദയാഘാത ലക്ഷണങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

രക്തക്കുഴലുകളില്‍ ബ്ലോക്ക് വരുന്നതിന് പിന്നാലെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഹൃദയത്തിന് അധികമായി പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഈ സന്ദര്‍ഭത്തില്‍ ശരീരം അമിതമായി വിയര്‍ക്കാം. 

രാവിലെ ഉണരുമ്പോള്‍ പതിവില്ലാതെയും കാലാവസ്ഥയ്ക്ക് അനുസരിച്ചല്ലാതെയും ശരീരം വിയര്‍ത്തിരിക്കുന്നുവെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക. ഇത് ഹൃദയാഘാത ലക്ഷണമായി വരുന്നതാകാം. അങ്ങനെയെങ്കില്‍ ശരീരത്തില്‍ മറ്റ് ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോയെന്നും പരിശോധിക്കാം. 

രണ്ട്...

രാവിലെ ഉണരുമ്പോള്‍ ദഹനപ്രശ്നം ഉള്ളതായി തോന്നുകയും ഓക്കാനം വരികയും ചെയ്യുന്നതും ഹൃദയാഘാത ലക്ഷണമായി വരുന്നതാണ്. ഈ സമയത്ത് ഗ്യാസിനുള്ള ഗുളികകളൊന്നും കഴിക്കാതിരിക്കുന്നതാണ് നല്ലത്. അല്‍പനേരം സ്വയം നിരീക്ഷിച്ച് മറ്റ് ലക്ഷണങ്ങള്‍ കൂടി പരിശോധിച്ച് അസാധാരണമായ അവസ്ഥയാണെന്ന് കണ്ടാല്‍ ഉടൻ വൈദ്യസഹായം തേടുക. 

മൂന്ന്...

രാവിലെ ഉണരുമ്പോള്‍ ഓക്കാനം തോന്നാമെന്നത് പറഞ്ഞുവല്ലോ. ഇതിനൊപ്പം തന്നെ ചിലര്‍ ഛര്‍ദ്ദിക്കുകയും ചെയ്യാം. ഇതും ഹൃദയാഘാത ലക്ഷണമാകാം. 

ഇത്തരം പ്രശ്നങ്ങളെല്ലാം മറ്റ് പല ആരോഗ്യാവസ്ഥകളുടെയോ അസുഖങ്ങളുടെയോ ഭാഗമായും വരാമെന്നതിനാല്‍ ഇവ കാണുന്നപക്ഷം തന്നെ ഹൃദയാഘാതമാണെന്ന് ഉറപ്പിക്കേണ്ട. മറ്റ് ലക്ഷണങ്ങള്‍ കൂടി പരിശോധിക്കാം. 

നെഞ്ചില്‍ അസ്വസ്ഥത, വേദന, നെഞ്ചിനുള്ളില്‍ എന്തോ നിറഞ്ഞുവരുന്നതായ തോന്നല്‍, സമ്മര്‍ദ്ദം, ഇരുകൈകളിലേക്കും പരക്കുന്ന വേദന, കഴുത്തിലും കീഴ്ത്താടിയിലും വേദന, വയറുവേദന, നടുവേദന, ക്ഷീണം, തലകറക്കം, ശ്വാസതടസം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഹൃദയാഘാതത്തിന്‍റെ ഭാഗമായി നേരിടാം. ഓര്‍ക്കുക എല്ലാ ലക്ഷണങ്ങളും എല്ലാവരിലും കാണില്ല. അതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നപക്ഷം ഉടൻ തന്നെ എന്തെങ്കിലും ഗുളികകള്‍ കഴിക്കാതെ മറ്റ് കാര്യങ്ങള്‍ കൂടി നിരീക്ഷിച്ച ശേഷം ആവശ്യമെങ്കില്‍ ആശുപത്രിയില്‍ പോവുക. അഥവാ രോഗലക്ഷണങ്ങള്‍ കണ്ടാലും ടെൻഷൻ അടിക്കേണ്ടതില്ല. സംയമനപൂ‍വം ഉടനെ വൈദ്യസഹായം തേടുക. 

Also Read:- പതിവായി വ്യായാമം ചെയ്താൽ മാത്രം പോര 'ഹെൽത്ത്' സുരക്ഷിതമാകാൻ; പിന്നെയോ?

Follow Us:
Download App:
  • android
  • ios