യുവാക്കളിൽ വർധിക്കുന്ന ഹൃദയാഘാതവും അതിന്റെ കരണങ്ങളെക്കുറിച്ചും പ്രതിരോധിക്കേണ്ട രീതികളെക്കുറിച്ചും കാർഡിയോളജിസ്റ്റ് ഡോ. ജയസൂര്യ പി ജി എഴുതുന്നു.

കുറച്ചുനാൾ മുൻപ് വരെ ഹൃദയാഘാതം പ്രധാനമായും പ്രായമായവരുടെ രോഗമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ന് 30-40 വയസ്സിനിടയിലുള്ളവരിലും, ചെറുപ്പക്കാരിലും ഹൃദയാഘാതം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. വാർത്തകളിലും സാമൂഹ്യമാധ്യമങ്ങളിലുമൊക്കെ യുവാക്കൾ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ നമ്മൾ പതിവായി കാണുന്നുണ്ട്. എന്തുകൊണ്ട് യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നു? അതിനെ എങ്ങനെ പ്രതിരോധിക്കാം? എന്നത് സമൂഹം ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്താണ് ഹൃദയാഘാതം?

ഹൃദയത്തിന് രക്തം എത്തിക്കുന്ന രക്തക്കുഴലുകൾ അഥവാ കൊറോണറി ആർട്ടറികളിൽ പെട്ടെന്നുണ്ടാകുന്ന തടസ്സം മൂലം ഹൃദയപേശികൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. സമയോചിതമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഹൃദയപേശികൾക്ക് സ്ഥിരമായ കേടുപാടുകൾ സംഭവിക്കാനും അത് ജീവന് ഭീഷണിയാകാനും സാധ്യതയുണ്ട്.

യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നത് എന്തുകൊണ്ട്?

1. ജീവിതശൈലിയിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ

മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുക, ശാരീരിക അധ്വാനം കുറയുക, വാഹനങ്ങളെ അമിതമായി ആശ്രയിക്കുക എന്നിവ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.

2. പുകവലിയും പുകയില ഉപയോഗവും

യുവാക്കളിൽ ഹൃദയാഘാതം ഉണ്ടാവുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ് പുകവലി. സിഗററ്റ്, ബീഡി, ഇ-സിഗററ്റ്, പുകയില ഉൽപ്പന്നങ്ങൾ എന്നിവ രക്തക്കുഴലുകൾക്ക് കേടുവരുത്തുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

3. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും

മുമ്പ് മധ്യവയസ്സിലും വാർദ്ധക്യത്തിലും കൂടുതലായി കണ്ടിരുന്ന പ്രമേഹവും ഹൈപ്പർടെൻഷനും ഇന്ന് യുവാക്കളിലും സാധാരണമായി കണ്ടുവരുന്നു. ഇവ രണ്ടും ഹൃദ്രോഗം വരുന്നതിന്റെ പ്രധാന അപകടഘടകങ്ങളാണ്.

4. കൊളസ്ട്രോളിന്റെ വർധന

ഫാസ്റ്റ് ഫുഡ്, അമിത കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ, പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം വർധിച്ചതോടെ മോശം കൊളസ്ട്രോൾ (LDL) ഉയരുകയും ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്യുന്നു.

5. മാനസിക സമ്മർദ്ദം

തൊഴിൽ സമ്മർദ്ദം, സാമ്പത്തിക ബാധ്യതകൾ, കുടുംബപ്രശ്നങ്ങൾ, ഉറക്കക്കുറവ് തുടങ്ങിയവ യുവാക്കളിൽ വർധിച്ചുവരുന്നുണ്ട്. ദീർഘകാല മാനസിക സമ്മർദ്ദം ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.

6. അമിതവണ്ണം

വയറിനു ചുറ്റുമുള്ള കൊഴുപ്പ് (Central Obesity) ഹൃദ്രോഗ സാധ്യത ഗണ്യമായി വർധിപ്പിക്കുന്ന ഘടകമാണ്. അമിതവണ്ണം പ്രമേഹം, ഹൈപ്പർടെൻഷൻ, കൊളസ്ട്രോൾ വർധന എന്നിവയ്ക്കും കാരണമാകുന്നു.

7. കുടുംബ പാരമ്പര്യം

കുടുംബത്തിൽ ചെറുപ്പം മുതൽ ഹൃദയാഘാതം ഉണ്ടായവരുണ്ടെങ്കിൽ അടുത്ത തലമുറയ്ക്കും അപകടസാധ്യത കൂടുതലായിരിക്കും. അത്തരം ആളുകൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്.

ഹൃദയാഘാതത്തിന്റെ ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്

1) നെഞ്ചിന്റെ മധ്യഭാഗത്ത് അമർത്തിപ്പിടിക്കുന്നതുപോലുള്ള വേദന

2) വേദന ഇടത് കൈയിലേക്കോ താടിയിലേക്കോ പുറകിലേക്കോ വ്യാപിക്കുക

3) നടക്കുമ്പോൾ ഉള്ള കിതപ്പ്

4) ശ്വാസംമുട്ടൽ

5) അമിത വിയർപ്പ്

6) പെട്ടെന്നുള്ള ക്ഷീണം

7) തലകറക്കം

8) നെഞ്ചിടുപ്പ്

പ്രമേഹരോഗികളിൽ ചിലപ്പോൾ നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം സംഭവിക്കാം. പ്രതിരോധിക്കേണ്ടത് ഇങ്ങനെ.

1) പുകവലി പൂർണമായും ഉപേക്ഷിക്കുക

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് നിർബന്ധമായും ഒഴിവാക്കേണ്ട ശീലമാണിത്.

2) ദിവസവും വ്യായാമം ചെയ്യുക

ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ ശാരീരിക പ്രവർത്തനം ശുപാർശ ചെയ്യപ്പെടുന്നു.

3) ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുക

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മത്സ്യം എന്നിവ കൂടുതലായി ഉൾപ്പെടുത്തുകയും ഫാസ്റ്റ് ഫുഡും അമിത ഉപ്പും പഞ്ചസാരയും കുറയ്ക്കുകയും ചെയ്യുക.

4) ശരീരഭാരം നിയന്ത്രിക്കുക

അമിതവണ്ണം കുറയ്ക്കുന്നത് ഹൃദ്രോഗസാധ്യത ഗണ്യമായി കുറയ്ക്കും

5) പ്രമേഹവും ബിപിയും നിയന്ത്രണത്തിൽ വയ്ക്കുക

നിരന്തരം പരിശോധനകൾ നടത്തി ആവശ്യമായ ചികിത്സ സ്വീകരിക്കണം.

6) മതിയായ ഉറക്കം ഉറപ്പാക്കുക

ദിവസവും 7-8 മണിക്കൂർ ഉറക്കം ആരോഗ്യകരമായ ഹൃദയത്തിന് ആവശ്യമാണ്.

7) ആരോഗ്യ പരിശോധനകൾ നടത്തുക

30 വയസ്സിന് ശേഷം രക്തസമ്മർദ്ദം, ഷുഗർ, കൊളസ്ട്രോൾ എന്നിവ ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്.

ശ്രദ്ധിക്കാം

യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നത് ആശങ്കാജനകമായ കാര്യമാണ്. എന്നാൽ ഇതിൽ ഭൂരിഭാഗം അപകടഘടകങ്ങളും നിയന്ത്രിക്കാവുന്നതാണ്. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും അപകടഘടകങ്ങളെ നേരത്തെ തിരിച്ചറിയുകയും ചെയ്താൽ ഹൃദയാഘാതം വലിയൊരു പരിധിവരെ തടയാൻ കഴിയും. യുവത്വം എന്നത് ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷണം നൽകുന്ന ഒരു കവചമല്ല എന്ന തിരിച്ചറിവാണ് ഇന്ന് ഏറ്റവും പ്രധാനപ്പെട്ടത്. നമ്മുടെ ഹൃദയത്തെ സംരക്ഷിക്കുന്നത് നമ്മുടെ ജീവിതത്തെ സംരക്ഷിക്കുന്നതിനു തുല്യമാണ്. ആരോഗ്യപൂർണമായ ഒരു നല്ല നാളെക്കായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.

ഡോ. ജയസൂര്യ പി ജി 

കാർഡിയോളജിസ്റ്റ് 

അൽ അസ്ഹർ മെഡിക്കൽ കോളേജ്, തൊടുപുഴ