ശരീരത്തിന് അപകടകരമായ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുമെന്ന ആശങ്കയില്‍ പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് ഉപയോഗിക്കുന്ന എത്ര പേരാണ് നമുക്കിടയിലുള്ളത്. എന്നാല്‍ ഇത്തരത്തിലുള്ള 'ഹെര്‍ബല്‍' ഉത്പന്നങ്ങള്‍ക്കും ചില പ്രശ്‌നങ്ങളുണ്ടെന്നാണ് ഒരു പഠനം അവകാശപ്പെടുന്നത്. 

പല അസുഖങ്ങളും ഉള്ളതിനാല്‍ പുറത്തുനിന്ന് വാങ്ങുന്ന ഉത്പന്നങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ഡോക്ടര്‍ പറഞ്ഞതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ തയ്യാറാക്കുന്ന 'ഹെര്‍ബല്‍' ചായ കഴിച്ച വൃദ്ധന് സംഭവിച്ച അപകടമാണ് ഈ പഠനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്. ഇരട്ടിമധുരത്തിന്റെ വേര് ഉപയോഗിച്ചുണ്ടാക്കുന്ന ചായ സ്ഥിരമായി കഴിക്കുമായിരുന്നു ഇദ്ദേഹം. 

ഇടയ്ക്കിടെ തലവേദനയും, നെഞ്ചുവേദനയും, ക്ഷീണവുമെല്ലാം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും 84കാരനായ വൃദ്ധന്‍ കണക്കിലെടുത്തില്ല. എന്നാല്‍ ഒരു ദിവസം പെട്ടെന്ന് ആരോഗ്യനില മോശമായി. ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഗതി മനസിലായത്. 

രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതോടെയാണ് ആരോഗ്യനില വഷളായത്. നേരത്തേ രക്തസമ്മര്‍ദ്ദമുണ്ടായിരുന്നയാളാണ്. ഇതിനിടെ വീട്ടില്‍ തയ്യാറാക്കിയ 'ഹെര്‍ബല്‍' ചായ അളവിലധികം കഴിക്കുക കൂടി ചെയ്തതോടെ രക്തസമ്മര്‍ദ്ദം കുത്തനെ ഉയരുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തക്കസമയത്ത് ആശുപത്രിയിലെത്തിച്ചതിനാലാണ് ജീവന്‍ രക്ഷപ്പെടുത്താനായതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

ഇതിനെ തുടര്‍ന്നാണ് കാനഡയില്‍ നിന്ന് തന്നെയുള്ള ഒരുകൂട്ടം ഗവേഷകര്‍ ഈ വിഷയം സംബന്ധിച്ച് പഠനം നടത്തിയത്. പ്രകൃതിദത്തമാണ് എന്ന് വിചാരിച്ച് ഇത്തരം ഉത്പന്നങ്ങള്‍ അമിതമായി അകത്താക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് പല തരത്തിലുള്ള അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. 'കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍' ഇറക്കുന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. 

വിപണിയില്‍ നിന്ന് വാങ്ങുന്നതാണെങ്കിലും, വീട്ടില്‍ തയ്യാറാക്കുന്നതാണെങ്കിലും 'ഹെര്‍ബല്‍' ആണെന്ന് കരുതി ധാരാളമായി ഒന്നും ഉപയോഗിക്കരുത്. ഓരോരുത്തരുടേയും ആരോഗ്യാവസ്ഥയ്ക്കും, പ്രായത്തിനുമെല്ലാം അനുസരിച്ചാണ് ശരീരം ഇവയോടെല്ലാം പ്രതികരിക്കുക. എന്തെങ്കിലും അസുഖങ്ങളുള്ളവരാണെങ്കില്‍ തീര്‍ച്ചയായും സ്ഥിരമായി ഉപയോഗിക്കുന്ന ഇത്തരം ഉത്പന്നങ്ങളെ കുറിച്ച് ഡോക്ടറുമായി ചര്‍ച്ച ചെയ്യണം. തുടര്‍ന്ന് ഉപയോഗിക്കുന്നതിന്റെ അളവും കൃത്യമായി ധരിപ്പിക്കണം. സൈഡ് എഫക്ട് ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തില്‍ 'ഹെര്‍ബല്‍' ഉത്പന്നങ്ങള്‍ ആവേശത്തോടെ ഒരിക്കലും ഉപയോഗിക്കരുത്- പഠനം ഓര്‍മ്മിപ്പിക്കുന്നു.