നിയന്ത്രിക്കാൻ ശ്രമിച്ചാലും വണ്ണം കുറയാതെ തന്നെ ഇരിക്കാം. എന്തുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്? പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. അത്തരത്തില്‍ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വിലങ്ങായി വരുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അമിതവണ്ണമുള്ളവര്‍ക്ക്. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനാവശ്യമാണ്. ഇതൊന്നുമില്ലാതെ ചെറിയ നിയന്ത്രണങ്ങളിലൂടെ തന്നെ ചിലര്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കാറുണ്ട്. പ്രത്യേകിച്ച് അമിതവണ്ണമൊന്നുമില്ലാത്തവര്‍.

എന്നാല്‍ നിയന്ത്രിക്കാൻ ശ്രമിച്ചാലും വണ്ണം കുറയാതെ തന്നെ ഇരിക്കാം. എന്തുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്? പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. അത്തരത്തില്‍ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വിലങ്ങായി വരുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഡയറ്റാണ് ഇതില്‍ ഒന്നാമതായി വില്ലനായി വരാൻ സാധ്യതയുള്ളത്. കഴിക്കുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമാണ്, എത്ര അളവാണ്, അതില്‍ നിങ്ങള്‍ക്ക് യോജിക്കാത്തത് ഏതാണ് എന്നെല്ലാം കൃത്യമായി അറിയാൻ സാധിക്കണം. വിദഗ്ധരുടെ നിര്‍ദേശം തേടിയ ശേഷം ഡയറ്റിലേക്ക് കടക്കുന്നതാണ് എപ്പോഴും നല്ലത്. പ്രായം, ആരോഗ്യാവസ്ഥ, അസുഖങ്ങള്‍, കഴിക്കുന്ന മരുന്നുകള്‍ എല്ലാം കണക്കിലെടുത്താണ് ഡയറ്റ് നിശ്ചയിക്കേണ്ടത്. 

കലോറിയും കൊഴുപ്പും അധികം അടങ്ങിയ ഭക്ഷണങ്ങള്‍, മധുരം എല്ലാം പരമാവധി നിയന്ത്രിക്കണം. പ്രോസസ്ഡ് ഫുഡ്സ്- പാക്കറ്റ് ഫുഡ്സ് എല്ലാം ഒഴിവാക്കുക. പച്ചക്കറികളും ധാന്യങ്ങളും (പൊടിക്കാത്തത്) പഴങ്ങളും ലീൻ പ്രോട്ടീനും ആണ് പ്രധാനമായും ഡയറ്റിലുള്‍പ്പെടുത്തേണ്ടത്. സമഗ്രമായ ഡയറ്റ് എങ്ങനെയെന്നതിന് വിദഗ്ധരുടെ നിര്‍ദേശം തേടാം. ഡയറ്റീഷ്യനെയോ ന്യൂട്രീഷ്യനിസ്റ്റിനെയോ എല്ലാം ഇതിനായി സമീപിക്കാവുന്നതാണ്. 

രണ്ട്...

ആദ്യമേ സൂചിപ്പിച്ചത് പോലെ ഭക്ഷണത്തിനൊപ്പം തന്നെ കായികാധ്വാനവും വണ്ണം കുറയ്ക്കാൻ നിര്‍ബന്ധമാണ്. അതിനാല്‍ വ്യായാമം / വര്‍ക്കൗട്ട് ചെയ്തേ പറ്റൂ. ഇതില്ലാതെ പലരും ഡ‍യറ്റില്‍ മാത്രം പിടിക്കാൻ ശ്രമിക്കാറുണ്ട്. ഇതിന് ഫലം കാണണമെന്നില്ല. 

മൂന്ന്...

ചിലരുണ്ട്, വൈകാരികമായി പ്രശ്നത്തിലാകുമ്പോള്‍ അതിന് പരിഹാരം ഭക്ഷണത്തിലൂടെ കാണും. മറ്റൊന്നുമല്ല, സങ്കടമോ നിരാശയോ ഭക്ഷണം കഴിച്ചുതീര്‍ക്കുന്ന രീതി. ഇതും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും. വിഷാദം, ഉത്കണ്ഠ, സ്ട്രെസ് എന്നിങ്ങനെയുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്നുണ്ടെങ്കില്‍ അതിനെ മറികടക്കാനുള്ള ശ്രമങ്ങള്‍ ആണ് നിങ്ങള്‍ നടത്തേണ്ടത്. ഒരിക്കലും ഇതിനായി ഭക്ഷണത്തെ ആശ്രയിക്കാതിരിക്കുക. 

നാല്...

രാത്രിയില്‍ ആവശ്യത്തിന് ഉറക്കം കിട്ടുന്നില്ല എങ്കിലും ഉറക്കം സുഖകരമാകുന്നില്ല എങ്കിലും ഇതും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താം. അതിനാല്‍ ഉറക്കപ്രശ്നങ്ങളെ പെട്ടെന്ന് തന്നെ പരിഹരിക്കാൻ ശ്രമിക്കണം. 

അഞ്ച്...

ചിലരില്‍ ചില ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഇതുപോലെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുമ്പോള്‍ അതിന് വിലങ്ങുതടിയാകാറുണ്ട്. പിസിഒഎസ്, ഹൈപ്പോതൈറോയ്ഡിസം, പ്രമേഹം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഇത്തരത്തിലുള്ളതാണ്. അസുഖങ്ങളുള്ളവര്‍ വണ്ണം കുറയ്ക്കാൻ പോകുന്നതിന് മുമ്പായി അവരുടെ ഡോക്ടറുമായി വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കുന്നതാണ് നല്ലത്. ഇതിലൂടെയേ ഫലവും കിട്ടൂ. 

ആറ്...

നേരത്തെ സൂചിപ്പിച്ചത് പോലെ മധുരം പരമാവധി കുറച്ചെങ്കിലേ വണ്ണം കുറയ്ക്കാൻ സാധിക്കൂ. ബാക്കി ഭക്ഷണങ്ങളെല്ലാം നിയന്ത്രിച്ചിട്ടും മധുരം കുറയ്ക്കുന്നില്ലെങ്കില്‍ അത് ഫലം നല്‍കില്ല. പ്രത്യേകിച്ച് മധുര പലഹാരങ്ങള്‍, ബേക്കറി വിഭവങ്ങള്‍, ശീതളപാനീയങ്ങള്‍ എന്നിവ. 

ഏഴ്...

നമ്മുടെ മാനസികാവസ്ഥയും പലപ്പോഴും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താം. അതായത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വണ്ണം കുറയ്ക്കാം എന്ന് വിചാരിക്കുകയും അതനുസരിച്ച് മുന്നോട്ടുപോവുകയും ചെയ്ത ശേഷം ഓരോ ദിവസവും എത്ര വണ്ണം കുറഞ്ഞുവെന്ന് പരിശോധിക്കുന്നവരുണ്ട്. ദിവസങ്ങളോളം ശരീരഭാരത്തില്‍ മാറ്റമില്ലെങ്കില്‍ നിരാശ ബാധിക്കുന്നവര്‍. ഈയൊരു സമീപനവും നിങ്ങള്‍ക്ക് തിരിച്ചടിയാകാം. അതിനാല്‍ സമയം നല്‍കുക. സ്വസ്ഥമായും ശാന്തമായും കാര്യങ്ങള്‍ മുന്നോട്ടുനീക്കുക. 

Also Read:- കുട്ടികളില്‍ എങ്ങനെ പോഷകങ്ങള്‍ ഉറപ്പിക്കാം? അവരുടെ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo