Asianet News MalayalamAsianet News Malayalam

Mental Health : എന്തെങ്കിലും അസുഖം വന്നാല്‍ ഉടനെ ഗൂഗിളില്‍ അതെക്കുറിച്ച് തിരയാറുണ്ടോ?

ഇന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത ആളുകള്‍ അപൂര്‍വമാണെന്ന് പറയാം. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍ തന്നെ വലിയൊരു വിഭാഗം ദീര്‍ഘസമയം ഇതില്‍ ചിലവിടുന്നവരാണ്.

here are some signs which indicates your mental health is not good
Author
Trivandrum, First Published Aug 15, 2022, 11:47 PM IST

ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. രണ്ടും പരസ്പരം കൊണ്ടും കൊടുത്തും തുടരുന്നുവെന്ന് പറയാം. എന്നാല്‍ പലപ്പോഴും മാനസികാരോഗ്യത്തിന് കാര്യമായൊരു പരിഗണന നല്‍കാൻ നമ്മളില്‍ പലരും ശ്രമിക്കാറില്ലെന്നതാണ് സത്യം. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന വിഷാദരോഗികളുടെ എണ്ണവും വലിയൊരു പരിധി വരെ ഇതുതന്നെയാണ് വ്യക്തമാക്കുന്നത്. 

ചില കാര്യങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കുന്നത് മുഖാന്തരം നമുക്ക് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. അത്തരത്തില്‍ മനസിനെ നല്ലരീതിയില്‍ മുന്നോട്ടുനയിക്കാൻ സഹായിക്കുന്ന, തിരുത്തേണ്ട ചില പിഴവുകളെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്.

ഒന്ന്...

രാത്രിയിലെ ഉറക്കം ഉറപ്പിക്കുക. പകല്‍ എപ്പോഴെങ്കിലും ഉറങ്ങാമെന്ന് കരുതി രാത്രി ദീര്‍ഘനേരം ഉറങ്ങാതിരിക്കുന്നതും, ജോലി ചെയ്യുന്നതുമൊന്നും മനസിന് നല്ലതല്ല. 6-8 മണിക്കൂര്‍ ആഴത്തിലുള്ളതും സുഖകരമായതുമായ ഉറക്കമാണ് ഉറപ്പിക്കേണ്ടത്. 

രണ്ട്...

ഇന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത ആളുകള്‍ അപൂര്‍വമാണെന്ന് പറയാം. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍ തന്നെ വലിയൊരു വിഭാഗം ദീര്‍ഘസമയം ഇതില്‍ ചിലവിടുന്നവരാണ്. ആവശ്യത്തിനും അനാവശ്യത്തിനും ഫോണെടുത്ത് സോഷ്യല്‍ മീഡിയ പേജുകള്‍ വേഗതയില്‍ ദീര്‍ഘനേരം സ്ക്രോള്‍ ചെയ്യുന്ന ശീലമുണ്ടെങ്കില്‍ മനസിലാക്കുക, നിങ്ങളുടെ മാനസികാരോഗ്യം ദുര്‍ബലമായാണ് തുടരുന്നത്. കഴിയുന്നതും ഈ ശീലം പെട്ടെന്ന് തന്നെ ഉപേക്ഷിക്കാനുള്ള ശ്രമം നടത്തുക. 

മൂന്ന്...

ശാരീരികമായി എന്തെങ്കിലും അസ്വസ്ഥത തോന്നിയാല്‍, ശരീരത്തില്‍ പ്രത്യേകിച്ച് എന്തെങ്കിലും മാറ്റം കണ്ടാല്‍ ഉടൻ തന്നെ ഇതെക്കുറിച്ച് ഗൂഗിളില്‍ തിരയുന്ന ശീലമുള്ളവരാണോ നിങ്ങള്‍? ഇതും വളരെ വികലമായ മാനസികാവസ്ഥ തന്നെ. ആരോഗ്യപരമായി എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഒരു ഡോക്ടറെ കാണുന്നതാണ് ഉചിതം. പരിമിതമായ രീതിയില്‍ കാര്യങ്ങള്‍ മനസിലാക്കുന്നതിന് ഇന്‍റര്‍നെറ്റ് ഉപയോഗപ്പെടുത്താം. എന്നാല്‍ അമിതമായ ആശ്രയം നല്ലതല്ല. 

നാല്...

നമുക്ക് ചുറ്റമുള്ളവരുടെ പ്രശ്നങ്ങള്‍ എല്ലായ്പോഴും നമുക്ക് മനസിലാകണമെന്നോ അംഗീകരിക്കാൻ കഴിയണമെന്നോ ഇല്ല. എന്നാല്‍ അതുകൊണ്ട് അവര്‍ പ്രശ്നം നേരിടുന്നില്ലെന്ന് പറയാൻ സാധിക്കില്ല. അതിനാല്‍ മറ്റുള്ളവര്‍ അവരുടെ പ്രശ്നങ്ങളെ കുറിച്ച് പറയുമ്പോള്‍ അതിനെ നിരാകരിക്കാൻ ശ്രമിക്കരുത്. മറ്റുള്ളവരെ മാനസികമായി തളര്‍ത്തുന്നതും ആരോഗ്യകരമായ മനസിന്‍റെ ലക്ഷണമല്ല. 

അഞ്ച്..

അവരവര്‍ക്ക് സന്തോഷം നല്‍കുന്ന തരത്തിലുള്ള എന്തെങ്കിലും പ്രവര്‍ത്തികളിലോ വിനോദങ്ങളിലോ പങ്കാളിയാകാൻ ശ്രമം വേണം. ഇങ്ങനെ ചെയ്യുന്നില്ല എങ്കില്‍ അത് മനസ് നേരിടുന്ന വിഷമതയായി കാണേണ്ടിവരും. 

ആറ്...

ജോലിയും വ്യക്തിജീവിതവും തമ്മില്‍ കൃത്യമായ അതിര്‍വരമ്പ് വേണം. രണ്ടിനും ഒരുപോലെ പ്രാധാന്യം നല്‍കണം. ഇതിന് സാധിക്കാത്തപക്ഷം അത് മാനസികമായ ദുര്‍ബലതയായി കണക്കാക്കാം. 

Also Read:- നിങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന 'ഡിപ്രഷൻ' ലക്ഷണങ്ങള്‍...

Follow Us:
Download App:
  • android
  • ios