Asianet News MalayalamAsianet News Malayalam

കണ്ണില്‍ ചുവപ്പുനിറം പടരുന്നതിന് കാരണമാകുന്ന അഞ്ച് കാര്യങ്ങള്‍...

ചിലരുടെ കണ്ണുകളില്‍ ചുവപ്പുനിറം പടര്‍ന്നിരിക്കുന്നത് കണ്ടിട്ടില്ലേ? ഉറക്കം ശരിയാകാതിരുന്നാലും മദ്യമോ മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാലോ എല്ലാം ഇങ്ങനെ കണ്ണില്‍ ചുവപ്പുനിറം വരാം. ഇതൊന്നുമല്ലാതെ കണ്ണില്‍ ചുവന്ന നിറം പടരുന്നതിന് പിന്നിലെ അഞ്ച് കാരണങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

here are the five reasons of red eyes
Author
First Published Oct 3, 2022, 10:50 PM IST

നമ്മുടെ ശരീരത്തിലെ ഏത് അവയവമാണെങ്കിലും അതിന് എന്തുതരം പ്രശ്നം പറ്റിയാലും അത് പ്രധാനം തന്നെ. എങ്കിലും ചില അവയവങ്ങള്‍ നമ്മള്‍ കുറെക്കൂടി ശ്രദ്ധയോടെ പരിപാലിക്കാറില്ലേ? അങ്ങെനയൊരു അവയവമാണ് കണ്ണ്. 

മൃദുവായതും പരുക്കുകള്‍ സംഭവിച്ചാല്‍ പെട്ടെന്ന് ബാധിക്കപ്പെടുന്നതുമായ അവയവം ആണെന്നതിലാണ് കണ്ണുകള്‍ക്ക് ഇത്രയും പ്രാധാന്യം നല്‍കുന്നത്. ഇന്ന് ദിവസത്തിലെ മിക്ക സമയവും മൊബൈല്‍ ഫോണില്‍ ചെലവിടുന്ന നമുക്ക് കണ്ണിന്‍റെ ആരോഗ്യത്തെ കുറിച്ച് സത്യത്തില്‍ വലിയ ആശങ്കയില്ലെന്ന് വേണം മനസിലാക്കാൻ. എന്തായാലും കണ്ണിനെ ബാധിക്കുന്നൊരു പ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ചിലരുടെ കണ്ണുകളില്‍ ചുവപ്പുനിറം പടര്‍ന്നിരിക്കുന്നത് കണ്ടിട്ടില്ലേ? ഉറക്കം ശരിയാകാതിരുന്നാലും മദ്യമോ മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാലോ എല്ലാം ഇങ്ങനെ കണ്ണില്‍ ചുവപ്പുനിറം വരാം. ഇതൊന്നുമല്ലാതെ കണ്ണില്‍ ചുവന്ന നിറം പടരുന്നതിന് പിന്നിലെ അഞ്ച് കാരണങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ചെങ്കണ്ണ് അഥവാ കണ്‍ജംഗ്റ്റിവൈറ്റിസ് രോഗത്തെ കുറിച്ച് കേട്ടിട്ടില്ലേ? 'പിങ്ക് ഐ' എന്നും ഇതിനെ വിളിക്കാറുണ്ട്. കണ്ണിലെ കണ്‍ജംഗ്റ്റിവ എന്ന ഭാഗത്തിനെ (കണ്ണിനെ മൂടിക്കിടക്കുന്ന നേര്‍ത്ത ആവരണം) ബാധിക്കുന്ന അണുബാധയാണിത്. ഈ അണുബാധയുടെ ഭാഗമായി കണ്ണില്‍ ചുവപ്പുനിറം പടരാം. വേദന, കണ്ണില്‍ നിന്ന് നീരൊലിപ്പ്, എരിച്ചില്‍, കണ്ണിലെന്തോ തടയുന്നത് പോലുള്ള അനുഭവമെല്ലാം അണുബാധയുടെ ഭാഗമായി വരാം. 

രണ്ട്...

കൊവിഡ് 19 രോഗത്തിന്‍റെ ഭാഗമായും ചിലരില്‍ കണ്ണില്‍ ചുവപ്പുനിറം പടര്‍ന്നുകാണാം. ഇത് അത്ര സാധാരണയായി വരുന്നൊരു കൊവിഡ് ലക്ഷണമല്ല. എങ്കിലും ഒരു വിഭാഗം രോഗികളില്‍ ഇത് കാണാം.

മൂന്ന്...

അലര്‍ജിയടെ ഭാഗമായും കണ്ണില്‍ ചുവപ്പുനിറം വരാം. പൊടിയോടോ മറ്റ് കാലാവസ്ഥാ മാറ്റങ്ങളോടോ മൃഗരോമങ്ങളോടോ എല്ലാം വരുന്ന അലര്‍ജിയില്‍ ഇങ്ങനെ സംഭവിക്കാം. 

നാല്...

കോണ്ടാക്ട് ലെൻസ് ഉപയോഗിക്കുന്നവരാണെങ്കില്‍ ഇതിലൂടെ വരാവുന്ന അണുബാധയിലും കണ്ണില്‍ ചുവപ്പുനിറം വരാം. ലെൻസ് നേരാംവണ്ണം വൃത്തിയാക്കാത്തത് മൂലമാണ് ഇതിലൂടെ അണുബാധ പിടിപെടുന്നത്. 

അഞ്ച്...

'ഡ്രൈ ഐ സിൻഡ്രോം' എന്ന, കണ്ണിനെ ബാധിക്കുന്ന പ്രശ്നത്തിന്‍റെ ഭാഗമായും കണ്ണില്‍ ചുവപ്പ് പടരാം. ഇത് കണ്ണ് ഡ്രൈ ആയിപ്പോകുന്ന അവസ്ഥയിലാണ് പിടിപെടുന്നത്. ദീര്‍ഘനേരം ഫോണിലോ കംപ്യൂട്ടറിലോ നോക്കിയിരിക്കുന്നത് മൂലമാണ് പ്രധാനമായും 'ഡ്രൈ ഐ സിൻഡ്രോം' വരുന്നത്. കണ്ണ് ചിമ്മാതെ ഒരുപാട് നേരമിരിക്കുമ്പോള്‍ കണ്ണ് വരണ്ടുപോകുന്നതോടെയാണിത് സംഭവിക്കുന്നത്. 

Also Read:- കൊവിഡ് 19; ഒമിക്രോണ്‍ ലക്ഷണം കണ്ണിലും കാണാം, എങ്ങനെയെന്ന് അറിയൂ...

Follow Us:
Download App:
  • android
  • ios