Asianet News MalayalamAsianet News Malayalam

Covid 19 : കൊവിഡ് 19; ഒമിക്രോണ്‍ ലക്ഷണം കണ്ണിലും കാണാം, എങ്ങനെയെന്ന് അറിയൂ...

ഫോട്ടോഫോബിയ കൊവിഡിന്‍റെ ഭാഗമായി അല്ലാതെയും വരുന്ന പ്രശ്നം തന്നെയാണ്. ഇതിന് പുറമെ കണ്ണില്‍ നീറ്റല്‍/വേദന, കലക്കം, ചൊറിച്ചില്‍ എന്നീ പ്രശ്നങ്ങളും ഒമിക്രോണിന്‍റെ ഭാഗമായി വരാമത്രേ.

omicron covid symptoms can be spotted in eyes too
Author
First Published Sep 2, 2022, 6:28 PM IST

കൊവിഡ് 19മായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങളാണ് ഇപ്പോഴും വെല്ലുവിളികള്‍ സൃഷ്ടിക്കുന്നത്. ഇക്കൂട്ടത്തില്‍ ഒമിക്രോണ്‍- ഒമിക്രോണിന്‍റെ ഉപവകഭേദങ്ങള്‍ എന്നിവയാണ് നിലവില്‍ കൊവിഡ് കേസുകള്‍ സൃഷ്ടിക്കുന്നത്. 

ഓരോ വൈറസ് വകഭേദവും ഉണ്ടാക്കുന്ന കൊവിഡില്‍ ലക്ഷണങ്ങളുടെ കാര്യത്തില്‍ നേരിയ വ്യത്യാസങ്ങള്‍ കാണാറുണ്ട്. ഇത്തരത്തില്‍ ഒമിക്രോണിന്‍റേതായി കണ്ണുകളില്‍ കാണുന്ന ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

'ബിഎംജെ ഓപ്പണ്‍ ഒപ്താല്‍മോളജി' എന്ന ആരോഗ്യപ്രസിദ്ധീകരണത്തില്‍ വന്ന പഠനത്തിലാണ് ഇതിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. ഒമിക്രോണ്‍ മൂലം കൊവിഡ് ബാധിക്കപ്പെട്ടവരില്‍ 'ഫോട്ടോഫോബിയ' അഥവാ വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ടാണത്രേ കണ്ണുകളില്‍ ഏറ്റവുമധികം കാണുന്ന ലക്ഷണം.

ഫോട്ടോഫോബിയ കൊവിഡിന്‍റെ ഭാഗമായി അല്ലാതെയും വരുന്ന പ്രശ്നം തന്നെയാണ്. ഇതിന് പുറമെ കണ്ണില്‍ നീറ്റല്‍/വേദന, കലക്കം, ചൊറിച്ചില്‍ എന്നീ പ്രശ്നങ്ങളും ഒമിക്രോണിന്‍റെ ഭാഗമായി വരാമത്രേ. കണ്ണ് വേദനയും കൂടുതല്‍ രോഗികളില്‍ കാണുന്ന ലക്ഷണം തന്നെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒരുപക്ഷെ ഫോട്ടോഫോബിയയെക്കാള്‍ രോഗികള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന ലക്ഷണം ഇതാണ്. 

ചിലരില്‍ കണ്ണുകളില്‍ ചുവപ്പുനിറം പടരുന്നത്, കാഴ്ച മങ്ങല്‍ എന്നീ പ്രശ്നങ്ങളും ഒമിക്രോണ്‍ ഭാഗമായി വരാമെന്നും പഠനം പറയുന്നു. കൊവിഡിന്‍റെ ഭാഗമായി ചിലരില്‍ ചെങ്കണ്ണ് കാണുമെന്ന് നേരത്തെ തന്നെ പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഈ ലക്ഷണങ്ങളുടെ കാര്യത്തില്‍ സ്ത്രീ- പുരുഷവ്യത്യാസങ്ങളേതുമില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. തൊണ്ടവേദന, തലവേദന, ശരീരവേദന, മൂക്കൊലിപ്പ്, വിശപ്പില്ലായ്മ, ഉയര്‍ന്ന പനി, വയറിളക്കം, തുടര്‍ച്ചയായ ചുമ, ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ, ശ്വാസതടസം എന്നിവയെല്ലാമാണ് ഒമിക്രോണില്‍ കാണുന്ന മറ്റ് ലക്ഷണങ്ങള്‍. എല്ലാ ലക്ഷണങ്ങളും ഒരേസമയം ഒരു രോഗിയില്‍ കാണണമെന്നുമില്ല. ചിലരില്‍ ചുരുക്കം ലക്ഷണങ്ങളോടെയും ചിലരില്‍ യാതൊരു ലക്ഷണവും ഇല്ലാതെയും കൊവിഡ് പിടിപെടാറുണ്ട്. ഇവരില്‍ നിന്നായാലും മറ്റുള്ളവരിലേക്ക് രോഗം പടരാം. 

Also Read:- പുതിയ കൊവിഡ് കേസുകളില്‍ കാണുന്ന മൂന്ന് ലക്ഷണങ്ങള്‍; ഹൃദയാഘാത സാധ്യത കൂടുന്നോ?

Follow Us:
Download App:
  • android
  • ios