പ്രതിരോധ ശക്തി അഥവാ 'ഇമ്മ്യൂണിറ്റി' കുറവായിരിക്കുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും അസുഖങ്ങള്‍ പിടിപെടാം. എന്നാല്‍ പലപ്പോഴും ഇത് നമുക്ക് തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. അതായത്, പ്രതിരോധശക്തിയുടെ കുറവ് മൂലമാണ് തുടരെ അസുഖങ്ങള്‍ പിടിപെടുന്നത് എന്ന വസ്തുത നമ്മള്‍ മനസിലാക്കാതെ പോകാം

നമ്മുടെ ശരീരത്തിന് പുറത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള രോഗാണുക്കള്‍, അത് ബാക്ടീരിയയോ വൈറസോ എന്തുമാകാം- ശരീരത്തിനകത്തേക്ക് കയറിയാല്‍ അതിനെ തുരത്തിയോടിക്കുന്നതും നമ്മെ അവയോട് പോരാടാന്‍ സജ്ജരാക്കുന്നതുമെല്ലാം നമ്മുടെ രോഗ പ്രതിരോധവ്യവസ്ഥയാണ്. 

പ്രതിരോധ ശക്തി അഥവാ 'ഇമ്മ്യൂണിറ്റി' കുറവായിരിക്കുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും അസുഖങ്ങള്‍ പിടിപെടാം. എന്നാല്‍ പലപ്പോഴും ഇത് നമുക്ക് തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. അതായത്, പ്രതിരോധശക്തിയുടെ കുറവ് മൂലമാണ് തുടരെ അസുഖങ്ങള്‍ പിടിപെടുന്നത് എന്ന വസ്തുത നമ്മള്‍ മനസിലാക്കാതെ പോകാം. 

ചില ലക്ഷണങ്ങളിലൂടെ 'ഇമ്മ്യൂണിറ്റി' കുറവായിരിക്കുന്നത് നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. അത്തരത്തിലുള്ള ചില ലക്ഷണങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

എപ്പോഴും ദഹനപ്രശ്‌നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കുക, ഇതൊരുപക്ഷേ പ്രതിരോധശക്തിയുടെ കുറവായിരിക്കാം സൂചിപ്പിക്കുന്നത്. പ്രധാനമായും വയറ്റിനകത്ത് കാണുന്ന നല്ലയിനം ബാക്ടീരിയകളാണ് പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത്. ഈ ബാക്ടീരിയകളുടെ കുറവ് പ്രതിരോധ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.


രണ്ട്...

മുറിവുകളോ പരിക്കുകളോ സംഭവിച്ചാല്‍ അവ ഉണങ്ങാന്‍ ഏറെ സമയമെടുക്കാറുണ്ടോ? ഇതും 'ഇമ്മ്യൂണിറ്റി'യുടെ ബലക്ഷയത്തെ സൂചിപ്പിക്കുന്നതാകാം. മുറിവുകളില്‍ നിന്ന് പിന്നീട് അണുബാധയുണ്ടാകാതെ അതിനെ പുതിയ കോശങ്ങള്‍ വച്ച് മൂടി ഉണക്കുക എന്നത് പ്രതിരോധ വ്യവസ്ഥയുടെ ജോലിയാണ്. 

മൂന്ന്...

എപ്പോഴും അസഹ്യമായ ക്ഷീണവും തളര്‍ച്ചയും തോന്നുന്നതും പ്രതിരോധശക്തിയുടെ കുറവ് മൂലമാകാം. ഓര്‍ക്കുക, ക്ഷീണവും തളര്‍ച്ചയും പലവിധത്തിലുള്ള ആരോഗ്യാവസ്ഥകളുടെയും അസുഖങ്ങളുടെയുമെല്ലാം ഭാഗമായി വരാം. അതിനാല്‍ തന്നെ തുടര്‍ച്ചയായി നില്‍ക്കുന്ന ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടാല്‍ വൈകാതെ തന്നെ ഡോക്ടറെ കാണുക. 

നാല്...

ചില കുട്ടികളില്‍ എപ്പോഴും ജലദോഷം പിടിപെടാറുണ്ട്. കുട്ടികളില്‍ മാത്രമല്ല, ചില മുതിര്‍ന്നവരിലും ഇങ്ങനെ കാണാറുണ്ട്. സാധാരണഗതിയില്‍ പ്രതിരോധശേഷി കുറവായവരിലാണ് ഇത്തരത്തില്‍ എപ്പോഴും ജലദോഷം കാണപ്പെടുന്നത്. പുകവലിക്കുന്നവരിലും തൊണ്ടയടപ്പ്, ചുമ എന്നിവ കാണാം, കെട്ടോ...

അഞ്ച്...

'ഇമ്മ്യൂണിറ്റി'യുടെ കരുത്ത് ചോരുന്നത് ശാരീരികമായി മാത്രമല്ല പ്രകടമാകുന്നത്. മാനസികമായും ഇത് വെളിപ്പെടാം. ഉത്കണ്ഠ, 'സ്‌ട്രെസ്' എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളിലൂടെയാണ് ഈ സൂചന വരുന്നത്. ഇവയും നേരത്തെ ക്ഷീണത്തിന്റെ കാര്യത്തില്‍ പറഞ്ഞത് പോലെ തന്നെ പല ആരോഗ്യാവസ്ഥകളുടെയും അസുഖങ്ങളുടെയും ലക്ഷണമായി വരുന്നവയാണ്. അതിനാല്‍ എപ്പോഴും വിദഗ്ധ നിര്‍ദേശം തേടിയ ശേഷം മാത്രം പ്രശ്‌നം ഉറപ്പിക്കുക.

Also Read:- കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍....

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona