Asianet News MalayalamAsianet News Malayalam

Health Tips : വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി...

വയര്‍ പ്രശ്നത്തിലാകാതിരിക്കണമെങ്കില്‍ തീര്‍ച്ചയായും ജീവിതരീതികളില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങള്‍.

here are things to care for better gut health hyp
Author
First Published Sep 25, 2023, 8:27 AM IST

വയറിന്‍റെ ആരോഗ്യം പോയാല്‍ ആകെ ആരോഗ്യം പോയി എന്നാണ് പൊതുവില്‍ പറയാറ്. ഇത് വലിയൊരു പരിധി വരെ ശരി തന്നെയാണെന്നാണ് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാണിക്കാറുള്ളത്. ദഹനപ്രശ്നങ്ങള്‍ പതിവായവരില്‍ ഇതിന്‍റെ ഭാഗമായി പലവിധത്തിലുള്ള ശാരീരിക- മാനസികപ്രശ്നങ്ങള്‍ കാണാറുണ്ട്. ഇക്കാരണം കൊണ്ടാണ് വയര്‍ പ്രശ്നത്തിലായാല്‍ ആകെ ആരോഗ്യവും പ്രശ്നത്തിലാകുന്നു എന്ന് പറയുന്നത്. 

വയര്‍ പ്രശ്നത്തിലാകാതിരിക്കണമെങ്കില്‍ തീര്‍ച്ചയായും ജീവിതരീതികളില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങള്‍. എന്തായാലും ഇത്തരത്തില്‍ വയര്‍ കേടാകാതിരിക്കാനും അല്ലെങ്കില്‍ വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ആരോഗ്യകരമായ, കൃത്യമായൊരു ഭക്ഷണക്രമവുമായി മുന്നോട്ട് പോവുക. പ്രോസസ്ഡ് ഫറുഡ്സ്, ഫാസ്റ്റ് ഫുഡ്സ്, മധുരം അമിതമായി അടങ്ങിയ വിഭവങ്ങള്‍, കൊഴുപ്പ് അധികമായി അടങ്ങിയ ഭക്ഷണങ്ങള്‍, ഫൈബര്‍ കുറഞ്ഞ അളവില്‍ മാത്രമടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണം.

പകരം വീട്ടിലുണ്ടാക്കിയ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കതൂടുതലായി കഴിക്കണം. നാരുഭക്ഷണങ്ങളും വയറിന് ഏറെ നല്ലതാണ്. കാരണം ഇവയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കും. പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ലീൻ പ്രോട്ടീനും തൈര് പോലെ  പുളിപ്പിച്ച ഭക്ഷണങ്ങളുമെല്ലാം പതിവാക്കുന്നത് വയറിന് ഏറെ നല്ലതാണ്. 

തോന്നുന്ന സമയത്ത് ഭക്ഷണം കഴിക്കുന്ന ശീലവും ക്രമേണ വയറിനെ കേടാക്കാം. ദിവസവും ഏകദേശം ഒരേ സമയത്തെങ്കിലും കഴിച്ച് ശീലിക്കുന്നതാണ് ഉചിതം. 

രണ്ട്...

മുകളില്‍ പറഞ്ഞതിന്‍റെ ഒരു തുടര്‍ച്ച തന്നെയാണിനി പറയുന്നതും. അതായത് ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നമ്മള്‍ കാര്യമായി കഴിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം വയറിന്‍റെ പ്രശ്നങ്ങള്‍ കൂടാം. ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാകുന്നതിനും മലബന്ധമകറ്റുന്നതിനുമെല്ലാം ഫൈബര്‍ ആവശ്യമാണ്. 

മൂന്ന്...

ആവശ്യത്തിന് വെള്ളം ദിവസവും കുടിക്കുന്നില്ലെങ്കിലും അതും വയറിന്‍റെ ആരോഗ്യത്തെ ബാധിക്കാം. മലബന്ധം, ദഹനക്കുറവ് പോലുള്ള പ്രയാസങ്ങളുണ്ടാകാം. വെള്ളംകുടി പതിവായി കുറയുന്ന പക്ഷം വയറിന്‍റെ ആരോഗ്യം നല്ലതുപോലെ ബാധിക്കപ്പെടും. 

നാല്...

വയറിനെ പ്രശ്നത്തിലാക്കുന്ന മറ്റൊരു ഘടകമാണ് മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ്. ജോലിയില്‍ നിന്നുള്ളതായാലും വീട്ടില്‍ നിന്നുള്ളതായാലും ശരി, സ്ട്രെസ് പതിവായി അനുഭവിക്കുന്നത് വയറിന് ഒട്ടും നല്ലതല്ല. ഐബിഎസ് (ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം) പോലുള്ള അനാരോഗ്യകരമായ അവസ്ഥകള്‍ സ്ട്രെസ് മൂലമാണുണ്ടാകുന്നത്. മെഡിറ്റേഷൻ, യോഗ, വ്യായാമം, മനസിന് സന്തോഷമുണ്ടാക്കുന്ന വിനോദങ്ങള്‍ എന്നിവയെല്ലാം സ്ട്രെസ് അകറ്റുന്നതിനായി പരിശീലിക്കാവുന്നതാണ്. 

അഞ്ച്...

ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ പിടിക്കാതെ വരുന്ന അവസ്ഥയുണ്ടാകാം. ഫുഡ് അലര്‍ജി ഇത്തരത്തിലൊരു പ്രശ്നമാണ്. അങ്ങനെയുള്ളപ്പോള്‍ അത്തരം ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുകയാണ് വേണ്ടത്. 

ആറ്...

പതിവായി മദ്യപിക്കുന്നതും, ഇടയ്ക്കാണെങ്കിലും അമിതമായി മദ്യപിക്കുന്നതും തീര്‍ച്ചയായും വയറിന്‍റെ ആരോഗ്യത്തെ പ്രശ്നത്തിലാക്കും. അതിനാല്‍ ഈ ദുശ്ശീലവും മാറ്റാൻ ശ്രമിക്കുക. 

ഏഴ്...

നമ്മുടെ ഉറക്കം ശരിയല്ലെങ്കിലും വയറിന്‍റെ ആരോഗ്യം ബാധിക്കപ്പെടാം. ഉറക്കം- വയറിന്‍റെ ആരോഗ്യം- മാനസികാരോഗ്യം എന്നിവയെല്ലാം ഏറെ ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇത് വ്യക്തിയുടെ ആകെ ജിവിതനിലവാരത്തെ തന്നെ മോശമായി ബാധിക്കാം. അതിനാല്‍ ഉറക്കപ്രശ്നങ്ങളുണ്ടെങ്കില്‍ അത് സമയബന്ധിതമായിത്തന്നെ പരിഹരിക്കാൻ ശ്രമിക്കുക. 

Also Read:- 'ചുമയുടെ ശബ്ദവ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തി രോഗത്തിന്‍റെ തീവ്രത അറിയാം'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios