Asianet News MalayalamAsianet News Malayalam

റിഫൈന്‍ ചെയ്യപ്പെട്ട ഫൈബര്‍ കരള്‍ ക്യാന്‍സറിന്‍റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

റിഫൈന്‍ ചെയ്യപ്പെട്ട ഫൈബര്‍ കരളിലെ ക്യാന്‍സറിന്‍റെ സാധ്യതയെ വര്‍ധിപ്പിക്കുമെന്ന് ടൊളേഡോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

Highly Refined Fiber May Increase Risk Of Liver Cancer
Author
First Published Oct 6, 2022, 11:19 AM IST

ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ടെന്ന് വിദഗ്ധര്‍ പറയാറുണ്ട്. നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയെ അല്പംപോലും ഇവ ഉയര്‍ത്തുന്നില്ല. അതിനാല്‍ പ്രമേഹമുള്ളവര്‍ക്കും അത് വരാതിരിക്കാന്‍  ആഗ്രഹിക്കുന്നവര്‍ക്കും  ഇത് ഗുണം ചെയ്യുന്നു. അതുപോലെ തന്നെ, നാരുകള്‍  അടങ്ങിയവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കൂടാതിരിക്കുകയും ചെയ്യും. ഇത് അമിതവണ്ണം നിയന്ത്രിക്കുന്നതിന് സഹായിക്കുകയും ചെയ്യും. 

എന്നാല്‍ ഉയര്‍ന്ന തോതില്‍ റിഫൈന്‍ ചെയ്യപ്പെട്ട ഫൈബര്‍ കരളിലെ ക്യാന്‍സറിന്‍റെ സാധ്യതയെ വര്‍ധിപ്പിക്കുമെന്ന് ടൊളേഡോ സര്‍വകലാശാലയിലെ (University of Toledo) ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ലീക്കി ഗട്ട് ലിവര്‍ പോലുള്ള കരള്‍ പ്രശ്നങ്ങളുള്ളവരില്‍ ഇതിന് സാധ്യത കൂടുതലാണെന്ന് എലികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 

എല്ലാ രോഗങ്ങളും വയറില്‍ നിന്നാണ് തുടങ്ങുന്നതെന്ന ആശയത്തെ പിന്തുണക്കുന്നതാണ് തങ്ങളുടെ പഠനമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. മാതം വിജയ് കുമാര്‍ പറഞ്ഞു. ജേണല്‍ ഗ്യാസ്ട്രോന്‍ററോളജിയിലാണ് പഠനം പ്രസദ്ധീകരിച്ചത്. ക്യാന്‍സര്‍ മുഴകള്‍ കണ്ടെത്തിയ എലികളുടെ രക്തത്തില്‍ ബൈല്‍ ആസിഡിന്‍റെ തോത് വളരെ ഉയര്‍ന്നതായിരുന്നു എന്നും ഗവേഷകര്‍ പറയുന്നു. ബൈല്‍ ആസിഡ് കുറഞ്ഞ എലികള്‍ക്ക് റിഫൈന്‍ ചെയ്യപ്പെട്ട ഫൈബര്‍ ആയ ഇനുളിന്‍ നല്‍കിയപ്പോള്‍, പിന്നീട് അവരില്‍ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച കാണപ്പെട്ടതായും ഗവേഷകര്‍ പറയുന്നു.  

അതേസമയം, ലിവര്‍ ക്യാന്‍സറിന് കാരണങ്ങള്‍ പലതുണ്ട്. മദ്യപാനവും പുകവലിയും കൂടുതലാകുന്നത്, മഞ്ഞപ്പിത്തം ഗുരുതരമാകുന്നതും മറ്റു കരള്‍ രോഗങ്ങളും, അമിതവണ്ണം, അമിതമായ പ്രമേഹം, ചില മരുന്നുകള്‍ എന്നിവയെല്ലാം ലിവര്‍ ക്യാന്‍സറിനുള്ള കാരണങ്ങളില്‍ പെടുന്നുവെന്ന് ക്യാന്‍സര്‍ പ്രിവെന്‍ഷന്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. 

കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ഒരു കാരണവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുക. പെട്ടെന്ന് അമിതമായി ശരീരഭാരം കുറയുന്നത് കരള്‍ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

2. ഇടയ്ക്കിടയ്ക്കുള്ള ഛര്‍ദ്ദിയാണ് മറ്റൊരു ലക്ഷണം. ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ഛര്‍ദ്ദി  ശ്രദ്ധിക്കുന്നത് നല്ലതാണ്. 

3. ഒരു കാരണവുമില്ലാതെ അടിവയറിന് വേദന അനുഭവപ്പെടുക. 

4. അല്‍പം ഭക്ഷണമേ കഴിച്ചുള്ളുവെങ്കിലും വയര്‍ നിറഞ്ഞതായി തോന്നുന്നുണ്ടെങ്കില്‍ അല്‍പം സൂക്ഷിക്കേണ്ടതാണ്. കാരണം ഭക്ഷണം കഴിച്ച് കഴിയുന്നതിനു മുന്‍പ് തന്നെ വയര്‍ നിറയുന്നതും വേദന അനുഭവപ്പെടുന്നതും കരള്‍ ക്യാന്‍സര്‍ ലക്ഷണമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

5. അമിതമായ ക്ഷീണം തോന്നുക, ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ടാവുക എന്നിവയും ലക്ഷണമാകാം. 

6. ശരീരത്തിനും കണ്ണിനും മഞ്ഞ നിറം ഉണ്ടാവുന്നതും ശ്രദ്ധിക്കണം.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം.  


 

 

Follow Us:
Download App:
  • android
  • ios