മൗത്ത് വാഷ് നമ്മൾ എല്ലാവരും ഉപയോ​ഗിക്കാറുണ്ട്. വായയില്‍ നിന്നും ബാക്ടീരിയകളേയും മറ്റു രോഗാണുക്കളേയും അകറ്റാനാണ് മൗത്ത് വാഷ് ഉപയോ​ഗിക്കുന്നത്. കടകളിൽ നിന്ന് വാങ്ങുന്ന മൗത്ത് വാഷുകൾ അത്ര സുരക്ഷിതമല്ലെന്ന് ഓർക്കുക.

പുറത്ത് നിന്ന് വാങ്ങുന്ന മൗത്ത് വാഷുകൾ പല്ലിന് പെട്ടെന്ന് കേട് ഉണ്ടാക്കാമെന്നാണ് വെൽനസ് കോച്ചായ ലൂക്ക് കൊട്ടിൻഹോ പറയുന്നത്. മൗത്ത് വാഷുകൾ വീട്ടിൽ തന്നെ ഉണ്ടാക്കാമെന്ന് ലൂക്ക് പറയുന്നു. മറ്റ് പാർശ്വഫലങ്ങളൊന്നുമില്ലാതെ വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന രണ്ട് തരം മൗത്ത് വാഷുകൾ ഏതൊക്കെയാണെന്ന് നോക്കാം.

കോക്കനട്ട് ഓയിൽ മൗത്ത് വാഷ്...

പല്ല് വേദന മാറാനും വായ്നാറ്റം അകറ്റാനും ഏറ്റവും നല്ലതാണ് കോക്കനട്ട് ഓയിൽ മൗത്ത് വാഷ്. ഇനി ഇത് ഏങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

ചേരുവകൾ..

വെള്ളം                            2 കപ്പ്
വെളിച്ചെണ്ണ                   2 ടീസ്പൂൺ
ഉപ്പ്                               ഒരു നുള്ള്
പെപ്പർമിന്റ് ഓയിൽ  3 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം...

ആദ്യം രണ്ട് കപ്പ് വെള്ളത്തിൽ ഉപ്പ് ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം ചെറുതായൊന്ന് ചൂടാക്കുക. ചൂടായി കഴിഞ്ഞാൽ വെളിച്ചെണ്ണയും പെപ്പർമിന്റ് ഓയിലും ചേർക്കുക. ശേഷം തണുക്കാൻ വയ്ക്കുക. നല്ല പോലെ തണുത്ത് കഴിഞ്ഞാൽ ദിവസവും 30 മിനിറ്റ് ഈ മൗത്ത് വാഷ് ഉപയോ​ഗിക്കാവുന്നതാണ്. 

ഗ്രാമ്പൂ മൗത്ത് വാഷ്...

വായിലെ അണുക്കൾ നശിക്കാൻ ഏറ്റവും മികച്ച മൗത്ത് വാഷാണിത്. ദിവസവും ഈ മൗത്ത് വാഷ് ഉപയോ​ഗിക്കുന്നത് ഇന്‍ഫക്ഷന്‍ വരാതിരിക്കാനും സഹായിക്കുന്നു.

തയ്യാറാക്കുന്ന വിധം...

ആദ്യം 2 കപ്പ് വെള്ളമെടുക്കുക. ശേഷം അതിലേക്ക് അൽപം വെളിച്ചെണ്ണ ചേർക്കുക.ശേഷം നാലോ അഞ്ചോ ഗ്രാമ്പൂ ചേര്‍ക്കാം. ഇത് തിളപ്പിച്ച് അരിച്ചെടുത്ത ശേഷം ദിവസവും ഉപയോഗിക്കാവുന്നതാണ്.