മുടിയുടെ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമുക്കറിയാം. എങ്ങനെയൊക്കെ ശ്രദ്ധിച്ചിട്ടും മുടികൊഴിച്ചിൽ കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്.  തെറ്റായ ജീവിതശെെലിയും, ഭക്ഷണക്രമത്തിലെ മാറ്റവുമാണ് മുടികൊഴിച്ചിലിനു കാരണമാകുന്നത്. തലയോട്ടിയില്‍ ഫംഗസ്, വൈറസ്, ബാക്‌ടീരിയ എന്നിവ ഉണ്ടെങ്കില്‍ അതു മുടികൊഴിച്ചിലിന് കാരണമാകും. മുടികൊഴിച്ചിൽ കുറയ്ക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന അഞ്ച് വഴികളെ കുറിച്ചറിയാം...

വെളിച്ചെണ്ണ...

എല്ലാദിവസവും കുളിക്കുന്നതിനുമുമ്പ് വെളിച്ചെണ്ണ ഉപയോഗിച്ചു തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. താരനും മറ്റു ഇന്‍ഫെക്ഷനുകളും ഉണ്ടാകാതിരിക്കാന്‍ ഇത് ഉത്തമമാണ്. ആഴ്ചയില്‍ ഒരിക്കല്‍ ചൂടാക്കിയ വെളിച്ചെണ്ണ, ചൂടു കുറഞ്ഞശേഷം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഒന്നോ രണ്ടോ മണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകി കളയുക. ഇങ്ങനെ കഴുകുമ്പോള്‍ തലയിലെ എണ്ണ മുഴുവനായി കഴുകിക്കളയാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് മുടികൊഴിച്ചിലിന് ഉത്തമമായ പ്രതിവിധിയാണ്.

സവാള നീര്...

മുടി കൊഴിച്ചിലിന് ഏറ്റവും നല്ല പ്രതിവിധികളിലൊന്നാണ് സവാള നീര്. ചെറുതായി അരിഞ്ഞെടുത്ത് നീരെടുത്തതിന് ശേഷം തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുകൊടുക്കുക. മുപ്പതുമിനിട്ടിന് ശേഷം കഴുകി കളയാം.

തൈര്...

 തൈര്, നാരങ്ങാനീര്, ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് ഒരു ഹെയര്‍പാക്ക് ഉണ്ടാക്കുക. തലയില്‍ തേച്ചുപിടിപ്പിച്ച ശേഷം 20 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം. താരൻ, മുടികൊഴിച്ചിൽ എന്നിവ അകറ്റാൻ ഇത് സഹായിക്കും.

ആപ്പിള്‍ സിഡര്‍ വിനെഗര്‍...

 മുടികൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും മുടി വളര്‍ച്ച ത്വരിതമാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍ സിഡര്‍ വിനെഗര്‍. കുറച്ച് വെള്ളവുമായി ചേര്‍ത്ത് മിക്സ് ചെയ്യുക. മുടി ഷാംപൂ ഉപയോഗിച്ച് കഴുകിയതിന് ശേഷം ഇത് തലയില്‍ തേച്ച് തിരുമ്മുക. തുടര്‍ന്ന് നല്ലവെള്ളത്തില്‍ തല കഴുകി വൃത്തിയാക്കാം.

മുട്ട...

 ആദ്യം ഒരു മുട്ട പൊട്ടിച്ച് നന്നായി കലക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഒലിവ് ഓയില്‍ ഇല്ലെങ്കില്‍ വെളിച്ചെണ്ണയായാലും മതി.  ഇനി, ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിക്കണം. ഷാംപൂ പരുവത്തില്‍ വളരെ 'സ്മൂത്ത്' ആകുന്നത് വരെയും ഇളക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ അല്‍പാല്‍പമായി തേച്ചുപിടിപ്പിക്കുക. തലയോട്ടിയില്‍ മാത്രമല്ല, മുടിയുടെ വേര് മുതല്‍ അറ്റം വരെയും ഇത് തേയ്ക്കണം. മുപ്പത് മിനിറ്റ് നേരത്തേക്ക് ഇങ്ങനെ തന്നെ വയ്ക്കുക. ശേഷം ഷാമ്പൂവും വെള്ളവുമുപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഒരിക്കലും മുട്ട തേച്ചതിന് ശേഷം ചൂടുവെള്ളത്തില്‍ തല കഴുകരുത്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.