താരന്‍ കേശസംരക്ഷണത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രശ്‌നമാണ്. എന്തൊക്കെ ചെയ്തിട്ടും എത്രയൊക്കെ ഷാമ്പൂവും മരുന്നും പ്രയോഗിച്ചിട്ടും താരന്‍ പോകുന്നില്ലെന്ന പരാതി മാത്രം ബാക്കി. താരൻ അകറ്റാൻ ഇതാ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് എളുപ്പവഴികൾ...

മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് ഏറ്റവും വലിയ വില്ലൻ താരനാണെന്ന കാര്യം നമ്മുക്കറിയാം. തലയിലെ താരൻ പുരികത്തിലും വരാനുള്ള സാധ്യത കൂടുതലാണ്. പുരികത്തിൽ താരനുണ്ടായാൽ പുരികം കൊഴിയാം. മുടിയുടെ ആരോ​ഗ്യത്തിന് പ്രധാനമായി അകറ്റേണ്ട ഒന്നാണ് താരൻ.

പതിവായി ഹെല്‍മറ്റ് ഉപയോഗിക്കുന്നവര്‍ക്ക് താരന്‍ വരാം. തല ചൂടാകുമ്പോള്‍ വിയര്‍പ്പും അഴക്കും പൊടിയും ചര്‍മത്തില്‍ അടിഞ്ഞാണ് താരന്‍ വരുന്നത്. താരൻ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് എളുപ്പ വഴികൾ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

കറ്റാര്‍വാഴയുടെ ജെല്‍ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിന് ശേഷം കഴുകാം. താരൻ, പേൻ ശല്യം എന്നിവ അകറ്റാൻ നല്ലൊരു പ്രതിവിധിയാണ് കറ്റാർവാഴ ജെൽ. 

രണ്ട്...

മുട്ടയുടെ വെള്ളയുടെ ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് തലയിൽ പുരട്ടാവുന്നതാണ്. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിലോ ചൂടുവെള്ളത്തിലോ കഴുകാം. ഇവ തലയിൽ പുരട്ടുന്നത് താരൻ അകറ്റുക മാത്രമല്ല മുടി ബലമുള്ളതാക്കാനും സഹായിക്കും. 

മൂന്ന്...

ചെമ്പരത്തിയുടെ ഇലയും പൂവും കുറച്ച് തുളസിയിലയോ പുതിനയിലയോ ചേര്‍ത്ത് അരച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച ശേഷം കഴുകി കളയാം. താരൻ അകറ്റുക മാത്രമല്ല മുടി തഴച്ച് വളരാനും ഏറ്റവും നല്ല പ്രതിവിധിയാണ് ഇത്.