Asianet News MalayalamAsianet News Malayalam

Acidity : അസിഡിറ്റി തടയാൻ ഇതാ ചില പൊടിക്കെെകൾ

ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം.

home remedies to prevent acidity naturally
Author
First Published Sep 11, 2022, 8:05 PM IST

അസിഡിറ്റി ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ഭക്ഷണം കഴിച്ചയുടൻ അനുഭവപ്പെടുന്ന നെഞ്ചെരിച്ചിൽ, വയറെരിച്ചിൽ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങൾ. ചിലരിൽ വയറ് വേദനയും ഉണ്ടാകാം. 

ജോലിത്തിരക്കിനിടയിൽ ഭക്ഷണം കൃത്യമായി കഴിക്കാതിരിക്കുക, ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ, ഭക്ഷണരീതിയിൽ വരുന്ന മാറ്റങ്ങൾ, മാനസിക സംഘർഷം, തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം. അസിഡിറ്റി അകറ്റുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ഒന്ന്...

എണ്ണയും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ് അസിഡിറ്റി തടയാൻ ആദ്യം ചെയ്യേണ്ട ഒരു കാര്യമെന്ന് പറയുന്നത്. പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന ആരോഗ്യകരമായ ഒരു ഭക്ഷണശീലം പിന്തുടരുക.

രണ്ട്...

ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാൻ ശ്രമിക്കുക. ഒരുപാട് ആഹാരം ഒരുമിച്ച് കഴിച്ചാൽ ഇത് ദഹനത്തെ സാരമായി ബാധിക്കുകയും ആസിഡ് ഉത്പാദനം കൂടാൻ കാരണമാവുകയും ചെയ്യും.

മൂന്ന്...

ഭക്ഷണം കഴിച്ചയുടനുളള ഉറക്കം ഒഴിവാക്കുക. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ദഹനം വളരെ പതുക്കെയാകാൻ കാരണമാകും.

നാല്...

അമിതവണ്ണവും അസിഡിറ്റിയ്ക്ക് ഒരു കാരണമാണ്. അതിനാൽ തന്നെ ശരീരഭാരം കൃത്യമായി നിലനിർത്തുന്നതിനോടൊപ്പം വ്യായാമം ചെയ്യുന്നതും അസിഡിറ്റി തടയാൻ സഹായിക്കും.

അഞ്ച്...

ധാരാളം വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും ധാരാളം വെള്ളം കുടിക്കുക.

ആറ്...

ശർക്കരയിൽ ഉയർന്ന മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ, കുടലിന്റെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നു. ദഹനത്തെ സഹായിക്കുന്നതിലൂടെ ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കുന്നു. ഭക്ഷണത്തിനുശേഷം ഒരു ചെറിയ കഷ്ണം ശർക്കര കഴിക്കുക, അതിന്റെ ഗുണങ്ങൾ വളരെ പെട്ടെന്ന് തന്നെ അറിയാനാവും. 

ഏഴ്...

ചുമയും ജലദോഷവും ഭേദമാക്കുന്നത് മുതൽ ദഹന, കുടൽ സംബന്ധമായ അസുഖങ്ങൾ മാറ്റാനും കഴിയുന്ന മറ്റൊരു അടുക്കള സാധനമാണ് ഇഞ്ചി. അസിഡിറ്റി ശമിപ്പിക്കാനും, വയറിന്റെ വീക്കം കുറയ്ക്കാനും, വയറിലെ പേശികളെ ശാന്തമാക്കാനും ഇഞ്ചി സഹായിക്കും. 

മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് സൂപ്പർ ഫുഡുകൾ

 

Follow Us:
Download App:
  • android
  • ios