നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ സമയമാണിത്. 

ആർത്തവ സമയത്തുണ്ടാകുന്ന ശരീരവേദനയുടെ കാഠിന്യം പലരിലും പല തരത്തിലായിരിക്കും. വേദന സഹിക്കാൻ പറ്റാത്ത അവസരങ്ങളിൽ മിക്ക സ്ത്രീകളും വേദന സംഹാരികളിലാണ് അഭയം തേടുക. ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചായയെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

'ചമോമൈൽ ചായ' (chamomile tea) ആണ് സംഭവം. ഔഷധസസ്യം എന്ന നിലയിലും അലങ്കാരസസ്യം എന്ന നിലയിലും ഏറെ പ്രശസ്തമാണ് ഈ ചെടി. ആർത്തവ സമയത്തെ വയറ് വേദനയും മറ്റ് അസ്വസ്ഥകളും കുറയ്ക്കാൻ ഈ ചായ ഏറെ സഹായിക്കും. 

മാത്രമല്ല, ശരീരത്തിലെ വിഷാംശം പുറംതള്ളാന്‍ ചമോമൈൽ ചായ ഏറെ സഹായകമാണ്. കാത്സ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയതാണ് ഇത്. ചമോമൈല്‍ ചായകള്‍ വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറെ നല്ലതാണ്. ചമോമൈൽ ചായ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

വെള്ളം            2 ​ഗ്ലാസ്
ചമോമൈൽ ( ഉണക്കി പൊടിച്ചത്) - 2 ടീസ്പൂൺ
നാരങ്ങ നീര്    2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം വെള്ളം നല്ല പോലെ തിളപ്പിക്കുക. ശേഷം അതിലേക്ക് ചമോമൈൽ ഉണക്കി പൊടിച്ചത് ചേർക്കുക. ശേഷം നാരങ്ങ നീരും ചേർക്കുക. ശേഷം നല്ല പോലെ  മിക്സ് ചെയ്യുക. ചെറുചൂടോടെയോ അല്ലാതെയോ കുടിക്കാം.