Asianet News MalayalamAsianet News Malayalam

Hair Fall : 'ഈ ഒറ്റമൂലി ശീലമാക്കിനോക്കൂ... മുടി കൊഴിച്ചിൽ അലട്ടുകയേ ഇല്ല...'

ആരോഗ്യമുള്ള ഒരു വ്യക്തിയിൽ നിന്ന് ശരാശരി 50 മുതൽ 100 മുടികൾ വരെ ദിവസത്തിൽ കൊഴിഞ്ഞുപോകുന്നതിൽ പേടിക്കേണ്ട കാര്യമില്ല. 100 മുടിയെക്കാൾ കൊഴിഞ്ഞുവരുമ്പോൾ മാത്രമേ ആശങ്കപ്പെടേണ്ട കാര്യമുള്ളു.

home remedy for hair fall and things to care prevent hair fall
Author
First Published Nov 8, 2022, 5:19 PM IST

പരസ്യങ്ങളിൽ കാണുന്ന പല തരത്തിലുള്ള എണ്ണകൾ മാറിമാറി പരീക്ഷിച്ചിട്ടും മുടികൊഴിച്ചിലിന് മാത്രം ഒരു മാറ്റവുമില്ലേ? ഒട്ടുമിക്ക സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുടി കൊഴിച്ചിൽ. ആരോഗ്യമുള്ള ഒരു വ്യക്തിയിൽ നിന്ന് ശരാശരി 50 മുതൽ 100 മുടികൾ വരെ ദിവസത്തിൽ കൊഴിഞ്ഞുപോകുന്നതിൽ പേടിക്കേണ്ട കാര്യമില്ല .100 മുടിയെക്കാൾ കൊഴിഞ്ഞുവരുമ്പോൾ മാത്രമേ ആശങ്കപ്പെടേണ്ട കാര്യമുള്ളു. ആകെ ആരോഗ്യം കാത്തുസൂക്ഷിച്ചാൽ മാത്രമേ ആരോഗ്യമുള്ള മുടിയും നഖവും ഒക്കെ വളരുകയുള്ളു എന്ന കാര്യവും പ്രത്യേകം ഓര്‍മ്മിക്കുക.

മുടിയുടെ വളര്‍ച്ച...

ആരോഗ്യമുള്ള ഒരാളുടെ മുടി മൂന്ന് ഘട്ടങ്ങളിലായാണ് നിലനിൽക്കുന്നത്. ഒന്നാമതായി അനാജെൻ ഫെയ്സ്- ഇതില്‍ മുടി വളര്‍ച്ചയുടെ 90 ശതമാനവും നടക്കുന്നു. രണ്ടാമതായി, കറ്റാജെൻ ഫെയ്സ്- ഒന്ന്- രണ്ട് ആഴ്ചയാണ് ഇതിന്‍റെ കാലാവധി. വളര്‍ച്ചയുടെ ഒരു ശതമാനം മാത്രമേ ഈ ഘട്ടത്തില്‍ നടക്കൂ. മൂന്നാമതായി- ടീലോജൻ ഫെയ്സ്- ഈ ഘട്ടത്തിൽ മുടിവളർച്ച മന്ദീഭവിക്കും. കൂടാതെ മുടിക്ക് കറുപ്പ് നിറം നൽകുന്ന കോശങ്ങളുടെ പ്രവർത്തനവും കുറഞ്ഞുവരും. ഈ സമയത്ത് വളരുന്ന മുടിക്ക് പരമാവധി മൂന്ന് മാസം വരെയേ ആയുസ് ഉണ്ടാവൂ. മുടിയുടെ വളർച്ച ഏകദേശം പത്ത് ശതമാനത്തിൽ താഴെ മാത്രമേ നടക്കുകയുമുള്ളൂ. 

മുടി കൊഴിച്ചിലിന്‍റെ കാരണങ്ങൾ...

മുടികൊഴിച്ചിലിന് പിന്നിൽ ഭക്ഷണത്തിലെ ക്രമക്കേടുകൾ, മാനസിക പിരിമുറുക്കം (സ്ട്രെസ്), ക്രമം തെറ്റിയ ജീവിതരീതി, ഉറക്കക്കുറവ് എന്നുതുടങ്ങി പല കാരണങ്ങളുമാകാം. അവയിൽ ചിലത് താഴെ കൊടുക്കുന്നു...

1. പാരമ്പര്യം :- ചിലരില്‍ പാരമ്പര്യമായി തന്നെ കഷണ്ടിയുണ്ടാകാം. ഇത് പുരുഷന്മാരില്‍ മാത്രമല്ല സ്ത്രീകളിലും ഉണ്ടാകാറുണ്ട്. എങ്കിലും പുരുഷന്മാരിലാണ് കൂടുതൽ പ്രകടമാകുന്നത്.

2. താരൻ:- പല സ്ത്രീകളുടെയും മുടികൊഴിച്ചിലിന് പ്രധാന വില്ലനാകുന്നത് താരൻ തന്നെയാണ്. ശിരോചർമ്മത്തിലെ വൃത്തിയില്ലായ്മയാണ് താരൻ ഉണ്ടാകുന്നതിന് അടിസ്ഥാന കാരണമായി വരുന്നത്. 

3. ഭക്ഷണത്തിലെ പോഷകക്കുറവ്:- ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മുടി വളരുകയുള്ളൂ.  പോഷകഗുണങ്ങൾ ധാരാളമുള്ള ഭക്ഷണങ്ങൾ ഡയറ്റിലുൾപ്പെടുത്തുന്നത് രോമവളർച്ചയെ പരിപോഷിപ്പിക്കും. മുടിയുടെ സംരക്ഷണത്തിന് ആവശ്യമായ വൈറ്റമിൻ-സി, വൈറ്റമിൻ- ഡി, വൈറ്റമിൻ- ബി കോംപ്ലക്സ്, വൈറ്റമിൻ- ഇ എന്നിവ മുടിയുടെ സംരക്ഷണത്തിനും വളർച്ചയ്ക്കും  സഹായകമാകുന്നു. ഇതിന് പുറമെ ധാതുലവണങ്ങളായ മഗ്നീഷ്യം, സിങ്ക്, സെലീനിയം എന്നിവ മുടിയുടെ സംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ്.

4. ചിലര്‍ വണ്ണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഭക്ഷണത്തിന്‍റെ അളവ്  കുറയ്ക്കുന്നത് വഴി ഇവരില്‍ പോഷകക്കുറവുണ്ടാകുന്നു. ഇതും മുടി കൊഴിച്ചിലിലേക്ക് നയിക്കാം.

5.  മാനസിക പിരിമുറുക്കം അഥവാ സ്ട്രെസും മുടി കൊഴിച്ചിലിന് ഇടയാക്കാറുണ്ട്. വീട്ടിൽനിന്നോ ജോലിസ്ഥലത്ത് നിന്നോ എല്ലാം ഇത്തരത്തില്‍ സ്ട്രെസ് വരാം. സ്ട്രെസ് പലരിലും വലിയ രീതിയില്‍ തന്നെ മുടി കൊഴിച്ചിലിന് ഇടയാക്കും. 

6. പ്രസവശേഷമുള്ള മുടി കൊഴിച്ചില്‍ :- പ്രസവത്തിനുശേഷം മിക്ക സ്ത്രീകളുടെയും പരാതിയാണ് അമ്മയായതിന് ശേഷമുള്ള മുടികൊഴിച്ചിൽ.  ഗർഭകാലത്ത് മുടി കൊഴിച്ചിൽ അത്ര കാര്യമായി സംഭവിക്കില്ലെങ്കിലും പ്രസവശേഷം പ്രകടമായി ചിലരില്‍ ഇത് കാണാം. ഗർഭകാലത്ത് ഹോർമോണുകളുടെ പ്രവർത്തനം ധ്രുതഗതിയിൽ നടക്കുകയും പ്രസവം കഴിയുന്നതോടെ ഈ ഹോർമോണുകളുടെ പ്രവർത്തനം സാധാരണനിലയിലേക്ക് വരികയും ചെയ്യുന്നതുകൊണ്ടാണ് പ്രസവം കഴിഞ്ഞ് ഏതാണ്ട് മൂന്നു മാസം ആകുമ്പോഴേക്ക് ശക്തമായ മുടികൊഴിച്ചിൽ ഉണ്ടാകുന്നത്.  പ്രസവാനന്തര ചികിത്സകളും പോഷകഗുണങ്ങൾ ഉള്ള ആഹാരശീലവും പിന്തുടരുന്നത് വഴി പ്രസവശേഷമുള്ള മുടി കൊഴിച്ചിൽ പരിഹരിക്കാം. 

7. ഹോർമോൺ അസന്തുലിതാവസ്ഥ:- തൈറോയ്ഡ് ഹോർമോണുകളുടെയും പിറ്റ്യൂറ്ററി ഹോർമോണുകളുടെയും അളവ്  കുറയുന്നത് മുടി കൊഴിച്ചിലിന് ഇടയാക്കാം. ഹോർമോൺ അസന്തുലിതാവസ്ഥ മൂലം ഉണ്ടാകുന്ന പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം ഉള്ളവരിൽ മുടികൊഴിച്ചിൽ ധാരാളമായി കണ്ടുവരുന്നതിന് കാരണവും ഇതാണ്. 

8. ഉറക്കക്കുറവ്:- പതിവായ ഉറക്കക്കുറവോ ഉറക്കം സംബന്ധിച്ച പ്രശ്നങ്ങളോ ഇത്തരത്തില്‍ മുടി കൊഴിച്ചിലിലേക്ക് നയിക്കാം.

9. മരുന്നുകള്‍ :- ചില രോഗങ്ങൾക്ക് കഴിക്കേണ്ടിവരുന്ന മരുന്നുകളുടെ പ്രതിപ്രവർത്തനം മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ഇക്കാര്യവും ശ്രദ്ധിക്കുക. 

പരിഹാരമായി ഇത് ചെയ്തുനോക്കൂ...

നിങ്ങൾക്ക് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ, കഞ്ഞിവെള്ളം മുടിക്ക് വളരെ നല്ലതാണെന്നത്. കഞ്ഞിവെള്ളത്തില്‍ വൈറ്റമിൻ- ബി സംയുക്തങ്ങൾ, വൈറ്റമിൻ- സി, വൈറ്റമിൻ- ഡി തുടങ്ങി മുടിക്ക് അവശ്യം വേണ്ടുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുള്ളതിനാൽ അത് മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും നിലനില്പിനുമെല്ലാം സഹായിക്കുന്നു.

കഞ്ഞിവെള്ളം അങ്ങനെ തന്നെ മുടിയില്‍ തേക്കുന്നവരുണ്ട്. ഇതിന് പകരം മറ്റൊന്ന് ചെയ്തുനോക്കാം. ഒരു ദിവസം പഴക്കമുള്ള കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് അരച്ചെടുത്ത ശേഷം മിതമായി തലയോട്ടിയിൽ  തേച്ചുപിടിപ്പിക്കുക. 15 മിനിറ്റ് ഇത് അങ്ങനെ തന്നെ വയ്ക്കാം. ശേഷം കഴുകിക്കളയാം. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇത് ചെയ്താല്‍ തീര്‍ച്ചയായും മുടിയുടെ ആരോഗ്യം മെച്ചപ്പെടും. ഇതോടൊപ്പം മുടി കൊഴിച്ചിൽ തടയാനുള്ള മറ്റ് മാർഗങ്ങളും സ്വീകരിക്കുക. അതായത്, പോഷകങ്ങൾ ധാരാളമുള്ള ഭക്ഷണങ്ങൾ കഴിക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, കഴിവതും മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഉണ്ടെങ്കിൽ അത് എങ്ങനെ പ്രതിരോധിക്കാം എന്ന് ശ്രദ്ധിക്കുക, ഏഴ് മണിക്കൂറെങ്കിലും ദിവസവും ഉറങ്ങുക, താരൻ ഉള്ളവർ തലയോട്ടിയിൽ എണ്ണ തേക്കുന്നത് കുറയ്ക്കുക- തുടങ്ങിയ കാര്യങ്ങളെല്ലാം ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. 

ലേഖനം തയ്യാറാക്കിയത്:- ഡോ. ഷെരിജ. എ കെ
ഡോ. ബാസില്‍സ് ഹോമിയോ ഹോസ്പിറ്റല്‍,
പാണ്ടിക്കാട്- മലപ്പുറം

Also Read:- 'ബ്യൂട്ടി പാര്‍ലര്‍ സ്ട്രോക്ക് സിൻഡ്രോം'; അമ്പതുകാരിക്ക് സംഭവിച്ചത് വിശദമാക്കി ഡോക്ടര്‍

Follow Us:
Download App:
  • android
  • ios