Asianet News MalayalamAsianet News Malayalam

Weight Loss : രാവിലെ നാരങ്ങാനീരും തേനും ചേര്‍ത്ത പാനീയം കഴിച്ചാല്‍ വണ്ണം കുറയുമോ?

വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന 'ഡയറ്റ് ടിപ്' ആയി ചിലര്‍ പങ്കുവയ്ക്കുന്നൊരു കാര്യമാണ് രാവിലെ വെറുംവയറ്റില്‍ ചെറുനാരങ്ങാനീരും തേനും ചേര്‍ത്ത പാനീയം കഴിക്കുകയെന്നത്. യഥാര്‍ത്ഥത്തില്‍ ഇത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമോ? 

honey lemon water may not be helpful for weight loss
Author
Trivandrum, First Published Jun 4, 2022, 8:49 AM IST

വണ്ണം കുറയ്ക്കുകയെന്നത് ( Weight Loss )  ഏറെ ശ്രമകരമായ ജോലിയാണ്. കാര്യമായ വര്‍ക്കൗട്ടോ ഡയറ്റോ ( Workout and Diet ) ഇല്ലാതെ അമിതവണ്ണം കുറയ്ക്കാന്‍ സാധിക്കില്ല. വണ്ണം നിയന്ത്രിച്ചുനിര്‍ത്താന്‍ ആണെങ്കില്‍ പോലും വര്‍ക്കൗട്ടും ഡയറ്റും ആവശ്യമാണ്. 

ഇത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ( Weight Loss )  'ഡയറ്റ് ടിപ്' ആയി ചിലര്‍ പങ്കുവയ്ക്കുന്നൊരു കാര്യമാണ് രാവിലെ വെറുംവയറ്റില്‍ ചെറുനാരങ്ങാനീരും തേനും ചേര്‍ത്ത പാനീയം കഴിക്കുകയെന്നത്. യഥാര്‍ത്ഥത്തില്‍ ഇത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമോ? ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖര്‍ജി പറയുന്നത് ശ്രദ്ധിക്കൂ...

' എന്തിനാണ് ഇത് കഴിക്കുന്നത് എന്നതാണ് പ്രധാനം. ക്ലെന്‍സിംഗ് അല്ലെങ്കില്‍ ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളാന്‍ എല്ലാം ഈ പാനീയം നിങ്ങളെ സഹായിച്ചേക്കാം. പക്ഷേ വണ്ണം കുറയ്ക്കാനോ വണ്ണം നിയന്ത്രിച്ചുനിര്‍ത്താനോ ഇത് സഹായകമാകണമെന്നില്ല...'- അഞ്ജലി മുഖര്‍ജി പറയുന്നു. 

എന്ന് മാത്രമല്ല തേനിന്‍റെ ഗ്ലൈസമിക് സൂചികയും തേനിലടങ്ങിയിരിക്കുന്ന കലോറിയുടെ അളവും നോക്കുമ്പോള്‍ അത് ഏകദേശം പഞ്ചസാരയുടെ അടുത്ത് തന്നെ നില്‍ക്കുമെന്നും അതുകൊണ്ട് തന്നെ ഇത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന വാദം അടിസ്ഥാനമില്ലാത്തതാണെന്നും ഇവര്‍ പറയുന്നു. 

തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച വീഡിയോയിലാണ് അഞ്ജലി മുഖര്‍ജി ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. 

 


'വണ്ണം കുറയ്ക്കുക എന്നത് ചെറിയ സംഗതിയല്ല. ഇതില്‍ ഒരുപാട് കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ഹോര്‍മോണുകള്‍, കലോറി, ജനിതകഘടകങ്ങള്‍, ഓരോരുത്തരുടെ ശാരീരികമായ സവിശേഷത ഇങ്ങനെ പല കാര്യങ്ങളും വരുന്നുണ്ട്...'- അഞ്ജലി മുഖര്‍ജി പറയുന്നു. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും വര്‍ക്കൗട്ടും ഡയറ്റും ( Workout and Diet ) പാലിക്കേണ്ടതിന്‍റെ പ്രാധാന്യം തന്നെയാണ് അഞ്ജലിയും സൂചിപ്പിക്കുന്നത്. 

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനുള്ള ചില മാര്‍ഗങ്ങളും അഞ്ജലി മുഖര്‍ജി പങ്കുവച്ചിരുന്നു. വൈറ്റമിന്‍- ഇ സപ്ലിമെന്‍റ്സ് എടുക്കുന്നത് ഒരു പരിധി വരെ ഇതിന് സഹായിക്കുമെന്ന് ഇവര്‍ പറയുന്നു. എത്ര ശ്രദ്ധിച്ചാലും ചീസ്, റെഡ് മീറ്റ്, നെയ് പോലുള്ള ഭക്ഷണസാധനങ്ങള്‍ നാം കഴിച്ചേക്കാം. എന്നാലിവ അമിതമായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ വര്‍ധിപ്പിച്ചേക്കാമെന്നും കോണ്‍ ഓയില്‍, സമ്‍ഫ്ളവര്‍ ഓയില്‍ എന്നിവയ്ക്ക് പകരം ഒലിവ് ഓയില്‍, ഫ്ളാക്സ് സീഡ് ഓയില്‍, കനോല ഓയില്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്നും അഞ്ജലി പറയുന്നു. 

 

Also Read:- എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? ഈ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ?

Latest Videos
Follow Us:
Download App:
  • android
  • ios