പതിവായി വെളുത്തുള്ളി കഴിക്കുന്നത് സുഗമമായ ദഹനത്തിനും, അണുബാധകളെ അകറ്റുന്നതിനും, കരളിന്റെ ആരോഗ്യത്തിനും, പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനുമെല്ലാം സഹായകമാണെന്നാണ് ലൂക്ക് പറയുന്നത്. ഇതുന്നെ തേനില്‍ മുക്കിവച്ചതാണെങ്കില്‍ കൂടുതല്‍ ഗുണകരമാണെന്നാണ് അദ്ദേഹം പറയുന്നത്

എല്ലാ വീടുകളിലെയും അടുക്കളയില്‍ പതിവായി കാണുന്നൊരു ചേരുവയാണ് വെളുത്തുള്ളി. അച്ചാര്‍ മുതല്‍ ഇറച്ചിക്കറി വരെയുള്ള വിഭവങ്ങളില്‍ ചേര്‍ക്കുന്ന നിര്‍ബന്ധിത ഘടകം കൂടിയാണ് വെളുത്തുള്ളി. ഇതിന്റെ 'ഫ്‌ളേവര്‍'ഉം രുചിയുമാണ് കറികളില്‍ ചേര്‍ക്കാന്‍ കാരണമെന്നാണ് മിക്കവരും ധരിക്കുന്നത്. എന്നാല്‍ അവ മാത്രമല്ല, ഇതിന്റെ പല ആരോഗ്യഗുണങ്ങള്‍ കൂടി കണക്കിലെടുത്താണ് പ്രധാന ചേരുവയായി എല്ലാത്തിലും ഉപയോഗിക്കുന്നത്. 

നിത്യജീവിതത്തില്‍ നേരിടുന്ന പല ശാരീരികാസ്വസ്ഥതകള്‍ക്കും ആശ്വാസമേകാന്‍ വെളുത്തുള്ളിക്ക് കഴിയും. പ്രത്യേകിച്ച് ഗ്യാസ്ട്രബിള്‍ പോലുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്. അതുപോലെ തന്നെ ജലദോഷം പോലുള്ള അണുബാധകളെ ചെറുക്കാനും വെളുത്തുള്ളിക്ക് കഴിവുണ്ട്. 

രാവിലെ ഉണര്‍ന്നയുടന്‍ അല്‍പം വെളുത്തുള്ളി കടിച്ച് കഴിക്കുന്നത് ശരീരത്തെ ശുദ്ധീകരിക്കാന്‍ കഴിയുമെന്നാണ് ആയുര്‍വേദം സൂചിപ്പിക്കുന്നത്. ഇപ്പോള്‍ പുതിയകാലത്തെ ന്യൂട്രീഷ്യനിസ്റ്റുകള്‍ പോലും ഈ പൊടിക്കൈകളെയെല്ലാം അംഗീകരിക്കുന്നുണ്ട്. പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ലൂക്ക് കുടീഞ്ഞ്യോ വെളുത്തുള്ളിയുടെ ഗുണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നൊരു കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 

പതിവായി വെളുത്തുള്ളി കഴിക്കുന്നത് സുഗമമായ ദഹനത്തിനും, അണുബാധകളെ അകറ്റുന്നതിനും, കരളിന്റെ ആരോഗ്യത്തിനും, പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനുമെല്ലാം സഹായകമാണെന്നാണ് ലൂക്ക് പറയുന്നത്. ഇതുന്നെ തേനില്‍ മുക്കിവച്ചതാണെങ്കില്‍ കൂടുതല്‍ ഗുണകരമാണെന്നാണ് അദ്ദേഹം പറയുന്നത്. 

Also Read:- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കറുവപ്പട്ട സഹായിക്കുമോ...?

വെളുത്തുള്ളി പോലെ തന്നെ ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് തേന്‍. അതിനാല്‍ തന്നെ തേനില്‍ മുക്കിവച്ച വെളുത്തുള്ളി കഴിക്കുന്നത് ഇരട്ടി ഗുണമേകുമെന്നാണ് ലൂക്ക് വാദിക്കുന്നത്. ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ്. പ്രകൃതിദത്തമായ തേനില്‍ വെളുത്തുള്ളി നെടുകെ മുറിച്ചത് ഒരാഴ്ചയോളം മുക്കിവയ്ക്കണം. ശേഷം പതിയെ ഉപയോഗിച്ചുതുടങ്ങാം. ദിവസവും ഒരു കഷ്ണം വെളുത്തുള്ളി കഴിച്ചാല്‍ മതിയെന്നാണ് ലൂക്ക് നിര്‍ദേശിക്കുന്നത്. ഇത് നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നുണ്ടെങ്കില്‍ ബ്രേക്ക്ഫാസ്റ്റിന് ശേഷമോ അത്താഴത്തിന് ശേഷമോ കഴിക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona