Asianet News MalayalamAsianet News Malayalam

നാല്‍പതുകളിലും യൗവ്വനം നിലനിര്‍ത്താം; എങ്ങനെയെന്നല്ലേ? ഇതാ 'ടിപ്സ്'...

ജീവിതരീതികളില്‍, പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളില്‍ ചിലത് ചിട്ടയായി ശ്രദ്ധിച്ചാല്‍ വലിയൊരു പരിധി വരെ നാല്‍പതുകളിലും നമുക്ക് നമ്മുടെ യൗവ്വനവും ആരോഗ്യവുമെല്ലാം നിലനിര്‍ത്താൻ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

how can we resist ageing after 40s hyp
Author
First Published May 28, 2023, 12:26 PM IST

പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മുടെ ആരോഗ്യത്തിലും കാര്യമായ വ്യത്യാസങ്ങള്‍ കണ്ടുതുടങ്ങും. ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ കുറവ് വരുന്നതോടെ പല അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളുമെല്ലാം പതിയെ നമ്മെ വേട്ടയാടാൻ തുടങ്ങും. 

എന്നാല്‍ ജീവിതരീതികളില്‍, പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളില്‍ ചിലത് ചിട്ടയായി ശ്രദ്ധിച്ചാല്‍ വലിയൊരു പരിധി വരെ നാല്‍പതുകളിലും നമുക്ക് നമ്മുടെ യൗവ്വനവും ആരോഗ്യവുമെല്ലാം നിലനിര്‍ത്താൻ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഇത്തരത്തില്‍ ഡയറ്റില്‍ അഥവാ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രായമാകുംതോറും എല്ലിന് തേയ്മാനം സംഭവിക്കുന്നതാണ് ഒരു സാധാരണ പ്രശ്നം. ഇതിനെ നേരിടാനായി നാല്‍പതുകളിലേക്ക് കടന്നവര്‍ കാത്സ്യം അടങ്ങിയ ഭക്ഷണം കാര്യമായി കഴിക്കുക. കൊഴുപ്പ് കുറഞ്ഞ ലോ-ഫാറ്റ് പാലുത്പന്നങ്ങളും ഡ‍യറ്റിലുള്‍പ്പെടുത്തണം. സോയാബീൻ, എള്ള്, പയര്‍ വര്‍ഗങ്ങള്‍ എന്നിവയെല്ലാം കാത്സ്യത്തിനായി കഴിക്കാവുന്നതാണ്.

കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കണമെന്ന് പറയുന്നത് പോലെ തന്നെ ഫൈബര്‍ കൂടിയ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. ദാല്‍, ബീൻസ്, വിവിധ ധാന്യങ്ങള്‍ (പൊടിക്കാത്തത്), നട്ടസ്, സീഡ്സ്, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിങ്ങനെയുള്ള ഭക്ഷണങ്ങളെല്ലാം പതിവ് ഡയറ്റിലുള്‍പ്പെടുത്താൻ ശ്രമിക്കുക. ഇവയെല്ലാം പ്രായമാകുന്നതിന് അനുസരിച്ച് പിടിപെടുന്ന അസുഖങ്ങളും അസ്വസ്ഥതകളും പരിഹരിക്കാൻ സഹായിക്കും. 

സിങ്ക് കാര്യമായി അടങ്ങിയ ഭക്ഷണങ്ങളും നാല്‍പതുകളില്‍ കഴിക്കണം. ഇത് മധുരത്തോടുള്ള ആവേശം കുറയ്ക്കാൻ സഹായിക്കുകയും അമിതവണ്ണം വരാതെ സൂക്ഷിക്കാൻ നമ്മെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഒപ്പം തന്നെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും സിങ്ക് സഹായിക്കുന്നു. ഒന്നുകില്‍ സിങ്ക് ഭക്ഷണത്തിലൂടെ നേടാം. അല്ലാത്തപക്ഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇതിനുള്ള സപ്ലിമെന്‍റ്സ് എടുക്കാം. മത്തൻകുരു, കറുത്ത എള്ള്, വെളുത്ത എള്ള് എന്നിവയെല്ലാം സിങ്കിനാല്‍ സമ്പന്നമായ ഭക്ഷണങ്ങളാണ്. 

മധുരം പൊതുവെ കുറയ്ക്കുന്നതാണ് നല്ലത്. മധുരം കഴിക്കാൻ തോന്നുന്നപക്ഷം പലഹാരങ്ങള്‍ ഒഴിവാക്കി പകരം ഉണക്കമുന്തിരി, അത്തി, വിവിധ പഴങ്ങള്‍ എന്നിവയെല്ലാം കഴിക്കാവുന്നതാണ്. 

ആന്‍റി-ഓക്സിഡന്‍റ്സ്- ബി വൈറ്റമിൻസ് സപ്ലിമെന്‍റ്സ് എടുക്കുന്നതും നല്ലതാണ്. ഇതും പക്ഷേ ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്തിരിക്കണം. 

പ്രോട്ടീൻ ആണ് ഡയറ്റിലുള്‍പ്പെടുത്തേണ്ട മറ്റൊരു നിര്‍ബന്ധ ഘടകം. പ്രോട്ടീൻ കഴിക്കുമ്പോള്‍ അത് അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നമ്മെ തടയുന്നു. ഇതിലൂടെ ആരോഗ്യത്തിന് പല ഗുണങ്ങളും നേടാൻ സാധിക്കും. അമിതവണ്ണം ഒഴിവാക്കുന്നത് അടക്കം. ഒരു മുട്ടയെങ്കിലും ദിവസവും കഴിക്കുക. ഒരു കപ്പ് തൈര്, ഒരു കപ്പ് പരിപ്പ്, 100 ഗ്രാം മുതല്‍ 200 ഗ്രാം വരെ മീൻ, ചിക്കൻ- പനീര്‍ എന്നിവയും പ്രോട്ടീനിനായി കഴിക്കാവുന്നതാണ്. 

ഡയറ്റില്‍ ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനൊപ്പം വ്യായമവും മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനുള്ള പരിശീലനങ്ങളും നിര്‍ബന്ധമായും തുടരണം. ഇവയും ഏറെ പ്രധാനമാണ്. ഇത്രയെല്ലാം ശ്രദ്ധിക്കാനായാല്‍ തീര്‍ച്ചയായും നാല്‍പതുകളിലും നിങ്ങള്‍ക്ക് യൗവ്വനം നിലനിര്‍ത്താൻ ഒരളവ് വരെ കഴിയും.

Also Read:- പ്രോസ്റ്റേറ്റ് ക്യാൻസര്‍ പിടിപെടുന്നത് തടയാൻ ശ്രമിക്കാം; നിങ്ങള്‍ പതിവായി ചെയ്യേണ്ടത്...

 

Follow Us:
Download App:
  • android
  • ios